

സോറി പപ്പാ... ഞങ്ങളുടെ ട്രൂലൈഫ് സ്റ്റോറി ഇതാണ് എന്ന് എഴുതിയിട്ട് ജനല്‍പാളികള്‍ നീക്കി സ്റ്റൂളില്‍ കയറി നിന്നാണ് അവര്‍ മൂന്നുപേരും ഉത്തര്‍പ്രദേശ് ഗാസിയബാദിലെ ഒന്‍പതാം നിലയിലെ വീട്ടുമുറിയില്‍ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കിയത്. 12 ഉം 14 ഉം 16 ഉം വയസ്സുള്ള പാഖി, പ്രാച്ചി, വിശിഖ എന്നീ പെണ്‍കുട്ടികളായിരുന്നു അവര്‍. കൊറിയന്‍ ലവ് ഗെയിം എന്ന ടാസ്‌ക് അധിഷ്ഠിത ഗെയിമിന്റെ ഇരയായിരുന്നു മൂവരും എന്നാണ് പ്രാഥമിക നിഗമനം. കരയുന്ന ഇമോജിയോടെയുള്ള സോറി പപ്പാ എന്ന് അവസാനിക്കുന്ന എട്ട് പേജുള്ള ഇവര്‍ എഴുതിവെച്ച ജീവിത കഥ വെളിപ്പെടുത്തുന്നത് ഓണ്‍ലൈന്‍ ഗെയിമുകള്‍ നിശ്ചയിക്കുന്ന ചതുരക്കള്ളിക്കുള്ളിലൂടെയുള്ള പാച്ചിലില്‍ ജീവിതം ഒടുങ്ങുന്ന ഇനിയും തുടങ്ങിയിട്ടില്ലാത്ത കുരുന്നുകളെ കുറിച്ചാണ്.
ജെന്‍സി തലമുറയ്ക്ക് കൊറിയന്‍ സിനിമയോടും ഗെയിമുകളോടും സംഗീതത്തോടും ഉള്ള അമിത ആവേശം കണ്ടിട്ടില്ലേ. എത്ര കണ്ടാലും അവര്‍ക്ക് മതിയാവില്ല. ബി.ടി.എസ്, ബ്ലാക്ക് പിങ്ക് പോലുള്ള ബാന്‍ഡുകളും അതിലെ ഗായകരും കൊറിയന്‍ ഡ്രാമകളും ആ ഭാഷയും അവര്‍ക്ക് ഏറെ പ്രിയമാണ്. ഗാസിയബാദില്‍ ജീവനൊടുക്കിയ ആ മൂന്നു പെണ്‍കുട്ടികള്‍ക്കും അങ്ങിനെതന്നെ ആയിരുന്നു. അവര്‍ പരസ്പരം കൊറിയന്‍ പേരുകള്‍ വിളിച്ചു. കൊറിയന്‍ രാജകുമാരികളായി അവര്‍ സങ്കല്‍പിച്ചു. കൊറിയയോടായിരുന്നു അവര്‍ക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടം. എന്തുപറഞ്ഞാലും അത് ഉപേക്ഷിക്കാന്‍ കഴിയില്ലെന്നും മക്കള്‍ പറഞ്ഞിരുന്നെന്ന് പിതാവ് വെളിപ്പെടുത്തുന്നു. അതില്‍ തെറ്റില്ല, പക്ഷേ കൊറിയന്‍ ലവ് ഗെയിം എന്ന ഓണ്‍ലൈന്‍ കളിയില്‍ ഇവര്‍ അഡിക്ട് ആയിരുന്നെന്നും അത് നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നെന്നും അവരുടെ പിതാവ് പറയുമ്പോഴാണ് ബ്ലൂവെയിലിന് പിറകെയെത്തിക്കൊണ്ടിരിക്കുന്ന സൈബറിടങ്ങളിലെ മരണക്കളികളില്‍ പിടയുന്ന കുരുന്നു ജീവനുകളെക്കുറിച്ച് വീണ്ടും ചര്‍ച്ച ചെയ്യേണ്ടി വരുന്നത്.
ഒരാഴ്ച മുമ്പ് എറണാകുളം തിരുവാങ്കുളത്ത് വീട്ടില്‍നിന്ന് സ്‌കൂളിലേക്കുപോയ പെണ്‍കുട്ടിയെ വീടിനു സമീപമുള്ള കരിങ്കല്‍ ക്വാറിയിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ഓര്‍മയില്ലേ
ഇത് അങ്ങ് ഉത്തര്‍പ്രദേശിലല്ലേ, എന്ന് പറഞ്ഞ് തള്ളിക്കളയാന്‍ വരട്ടെ. ഒരാഴ്ച മുമ്പ് എറണാകുളം തിരുവാങ്കുളത്ത് വീട്ടില്‍നിന്ന് സ്‌കൂളിലേക്കുപോയ പെണ്‍കുട്ടിയെ വീടിനു സമീപമുള്ള കരിങ്കല്‍ ക്വാറിയിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ഓര്‍മയില്ലേ. കൊറിയന്‍ സുഹൃത്ത് ഒരാഴ്ച മുന്‍പ് അപകടത്തില്‍ മരിച്ചതിലുള്ള വിഷമം കൊണ്ട് ജീവനൊടുക്കിയതാണെന്ന് ആത്മഹത്യകുറിപ്പില്‍ പറഞ്ഞിരുന്നു. ഇതേ ഓണ്‍ലൈന്‍ ഗെയിമിന്റെ ഇരയായിരുന്നു അവരും എന്ന നിഗമനത്തിലാണ് പൊലീസ് എത്തുന്നത്.
കൊറിയന്‍ ലവ് ഗെയിം അഥവ കൊറിയന്‍ ലവര്‍, സാള്‍ട്ട് ആന്‍ഡ് ഐസ് ബ്രേക്കിങ്, ബ്ളാക്ക് ഔട്ട് ചലഞ്ച് തുടങ്ങിയ ജീവനെടുക്കുന്ന ഗെയിമുകള്‍ ലക്ഷ്യമിടുന്നത് നമ്മുടെ വീട്ടകങ്ങളിലെ കുരുന്നുകളെയാണെന്ന് നാം മറന്നുകൂടാ. ഇവ ആപ്പുകളായല്ല, ക്ലോസ്ഡ് ഗ്രൂപ്പുകളിലൂടെയും ലിങ്കുകളിലൂടെയുമാണ് പ്രചരിക്കുന്നത്. കൊറിയന്‍ ലവ് നല്‍കുന്ന ടാസ്‌ക് അല്‍പം വ്യത്യസ്തമാണ്. 50 ദിവസങ്ങള്‍, 50 ടാസ്‌ക് എന്ന ലക്ഷ്യത്തിലാണ് കളി പുരോഗമിക്കുക. അതിനായി തിരഞ്ഞെടുക്കപ്പെട്ട ഇരയില്‍ തങ്ങള്‍ കൊറിയന്‍ കാമുകനുമായി പ്രണയത്തിലാണ് എന്ന തോന്നല്‍ ഉണ്ടാക്കിയെടുക്കുന്നു. ആദ്യം ലളിതമായ കാര്യങ്ങള്‍ നിര്‍ദേശിക്കുന്നു, കൊറിയന്‍ പേരുകള്‍ സ്വീകരിക്കുക, കൊറിയന്‍ ഭാഷകളിലെ വാക്കുകള്‍ പഠിക്കുക, കൊറിയന്‍ ഷോകള്‍ കാണുക, തുടുങ്ങി പുതിയ ഐഡന്റിറ്റി പതുക്കെ കടത്തിവിടുന്നു. അങ്ങനെ തങ്ങള്‍ വ്യത്യസ്തരാണ് എന്ന തോന്നല്‍ ഉണ്ടാക്കുന്നു. കളി പുരോഗമിക്കുന്നതോടെ കഠിന ടാസ്‌കുകളാകും ലഭിക്കുക. രാത്രി ഉണര്‍ന്നിരിക്കാനും കുടുംബാംഗങ്ങളുമായി അകന്ന് കഴിയാനും പ്രേരിപ്പിക്കുന്നു. സ്‌കൂളില്‍ പോകാതിരിക്കുക, ആരോടും സംസാരിക്കാതെ ഒറ്റക്കിരിക്കുക, എന്നീ അവസ്ഥകളിലായിരിക്കും കുട്ടികള്‍. വിര്‍ച്വല്‍ കാമുകനെ പിരിഞ്ഞിരിക്കാന്‍ കഴിയാതെ വരുന്നു. നിയന്ത്രണത്തിലായി എന്ന് കാണുമ്പോള്‍ ഗെയിം അഡ്മിനിസ്ട്രേറ്റര്‍മാര്‍ ഭീഷണിയുമായി എത്തും. കാമുകന്‍ നഷ്ടപ്പെടും എന്ന പ്രതീതി സൃഷ്ടിക്കുന്നു. അവസാന ഘട്ടത്തിലാണ് സ്വയം മുറിവേല്‍പിക്കാനോ ആത്മഹത്യ ചെയ്യാനോ ഉള്ള നിര്‍ദേശം നല്‍കുന്നത്. അപ്പോഴേക്കും കുട്ടികള്‍ മാനസികമായി തളര്‍ന്നിട്ടുണ്ടാകും. യഥാര്‍ഥ ലോകത്തേക്കാള്‍ മനോഹരമാണ് വിര്‍ച്വല്‍ ലോകമെന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നു. അപ്പോഴാണ് ജീവനൊടുക്കപ്പെടുന്നത്.
വീട്ടകങ്ങളില്‍ സ്നേഹം നഷ്ടപ്പെടുന്നവരാണ് ഓണ്‍ലൈന്‍ ഗെയിമുകളിലെ ചതിക്കുരുക്കില്‍പ്പെടുന്ന ഭൂരിഭാഗവും. ഒരു ശീലം എന്നതിനപ്പുറം കുട്ടിയുടെ വൈകാരിക ജീവിതത്തിന്റെ ഭാഗമായി ഗെയിമിങ് എളുപ്പം മാറുന്നു. ഓണ്‍ലൈന്‍ ഗെയിമുകളിലെ റിവാര്‍ഡുകള്‍ ലഭിക്കുമ്പോള്‍ മസ്തിഷത്തില്‍ ഉല്‍പാദിപ്പിക്കുന്ന ഡോപ്പമൈന്‍ ഹോര്‍മോണുകളാണ് ഇരകള്‍ക്ക് കൂടുതലായി പ്രേരണ നല്‍കുന്നത്. മയക്കുമരുന്നിന് സമാനമായ ഉത്തേജനമോ സന്തോഷമോ ഡോപ്പമൈന്‍ നല്‍കുന്നുണ്ട്. ഓരോ പോയിന്റ് കടക്കുമ്പോഴും വലിയ അളവില്‍ ഡോപ്പമൈന്‍ ശരീരം പമ്പ് ചെയ്ത് വിടുന്നു. ഗെയിമിലല്ലാതെ വരുമ്പോള്‍ വിഷാദമെത്തും. അങ്ങനെയാണ് അവര്‍ക്ക് വിര്‍ച്വല്‍ ലോകത്ത് നിന്ന് പുറത്തുകടക്കാന്‍ പറ്റാത്ത അവസ്ഥയെത്തുക. ഈ സാഹചര്യങ്ങളില്‍ കുട്ടികള്‍ക്ക് സ്വയം നിയന്ത്രിക്കാന്‍ സാധിച്ചെന്ന് വരില്ല. ആദ്യകാല മുന്നറിയിപ്പ് സൂചനകളെ അച്ചടക്ക പ്രശ്നങ്ങളോ താത്പര്യക്കുറവോ ആണെന്നാണ് മാതാപിതാക്കള്‍ വിചാരിക്കുക. ഇവര്‍ വിഷയം ശ്രദ്ധിക്കുമ്പോഴേക്കും ഒരുപാട് വൈകിയിട്ടുമുണ്ടാകും. രോഷം, പരിഭ്രാന്തി, വിഷാദ ലക്ഷണങ്ങള്‍, അല്ലെങ്കില്‍ വൈകാരിക തകര്‍ച്ച എന്നിവയുള്‍പ്പെടെയുള്ള മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കുട്ടികള്‍ പ്രകടിപ്പിക്കുമ്പോഴാണ് പലരും വിഷയം ഗുരുതരമായത് തിരിച്ചറിയുന്നത്.
വീട്ടകങ്ങളില്‍ സ്നേഹം നഷ്ടപ്പെടുന്നവരാണ് ഓണ്‍ലൈന്‍ ഗെയിമുകളിലെ ചതിക്കുരുക്കില്‍പ്പെടുന്ന ഭൂരിഭാഗവും. ഒരു ശീലം എന്നതിനപ്പുറം കുട്ടിയുടെ വൈകാരിക ജീവിതത്തിന്റെ ഭാഗമായി ഗെയിമിങ് എളുപ്പം മാറുന്നു
2024 ല്‍ ജേണല്‍ ഓഫ് നാച്ചര്‍ ആന്‍ഡ് സയന്‍സ് ഓഫ് മെഡിസിന്‍ നടത്തിയ പഠനത്തില്‍ പറയുന്നത് സാമൂഹിക മാധ്യമങ്ങളില്‍ മൂന്നു മണിക്കൂറെങ്കിലും സമയം ചെലവിടുന്ന കൗമാരക്കാരില്‍ 37.9 ശതമാനം പേര്‍ക്കും വിഷാദ രോഗ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നതാണ്. 1392 പേരിലായിരുന്നു പഠനം. 43.7 ശതമാനം പേര്‍ക്ക് അതിമാനസിക സമ്മര്‍ദവും 25.3 ശതമാനം പേരില്‍ ആത്മാഭിമാനത്തില്‍ മതിപ്പില്ലായ്മയും ബോധ്യപ്പെട്ടു.
9-17 വയസ്സുകാരില്‍ 2025 ല്‍ നടത്തിയ ലോക്കല്‍ സര്‍ക്കിള്‍സ് സര്‍വേയില്‍ 49 ശതമാനം രക്ഷകര്‍ത്താക്കള്‍ പറഞ്ഞത് കുട്ടികള്‍ മൂന്നില്‍ കൂടുതല്‍ മണിക്കുര്‍ ചെലവിടുന്നു എന്ന് വെളിപ്പെടുത്തി. 22 ശതമാനം കുട്ടികള്‍ ആറ് മണിക്കൂറിലധികം ചെലവിടുന്നു. 64 ശതമാനം പേര്‍ സോഷ്യല്‍ മീഡിയയില്‍ അഡിക്ടഡ് ആണ് എന്നും സമ്മതിച്ചു. 61 ശതമാനം കുട്ടികളില്‍ ക്ഷമയില്ലായ്മയും 58 ശതമാനത്തില്‍ പെട്ടന്ന് ദേഷ്യപ്പെടുന്ന പ്രകൃതവും 47 ശതമാനം പേരില്‍ വിഷാദ രോഗലക്ഷണങ്ങളും കണ്ടെത്തി.
ഡിജിറ്റല്‍ അടിമത്തം വര്‍ധിക്കുന്നുവെന്നും ഇത് കുട്ടികളുടേയും കൗമാരക്കാരുടേയും മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്നും പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേ 2025-26 വ്യക്തമാക്കുന്നുണ്ട്
ഡിജിറ്റല്‍ അടിമത്തം വര്‍ധിക്കുന്നുവെന്നും ഇത് കുട്ടികളുടേയും കൗമാരക്കാരുടേയും മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്നും പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേ 2025-26 വ്യക്തമാക്കുന്നുണ്ട്. വിഷയം ആശങ്കാജനകമാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍, സോഷ്യല്‍ മീഡിയ, ഗെയിമിംഗ്, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ എന്നിവയുടെ അമിത ഉപയോഗം ആരോഗ്യനില, പഠനഫലങ്ങള്‍ എന്നിവയെ ബാധിച്ചേക്കുമെന്നും സര്‍വേ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ പരിഹാര നിര്‍ദേശങ്ങള്‍ ഒന്നും മുന്നോട്ട് വെച്ചിട്ടില്ല. ഓസ്ട്രേലിയ, സ്പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ 16 വയസ്സിന് താഴേയുള്ളവര്‍ക്ക് സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗത്തില്‍ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ആന്ധ്ര പ്രദേശ്, ഗോവ എന്നിവിടങ്ങളില്‍ നിന്നും ഇതേ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഓണ്‍ലൈന്‍ ഗെയിമുകള്‍ ജീവനുകള്‍ എടുക്കുന്നതിന്റെ പ്രധാന ഘടകം സ്‌ക്രീന്‍ ടൈം മാത്രമല്ല, സാമൂഹിക ബന്ധങ്ങളിലെ വിള്ളലുകള്‍ കൂടിയാണ്. കുട്ടികളുമായുള്ള മാതാപിതാക്കളുടെ ബന്ധം ഊഷ്മളമാകട്ടെ. ബന്ധങ്ങളിലെ ഉള്‍വലിവുകള്‍ പ്രകടമാകുമ്പോള്‍ അവരോട് സ്നേഹത്തോടെ സംസാരിക്കുക, ഇന്റര്‍നെറ്റ് ലോകത്തെ ചതിക്കുഴികളെകുറിച്ച്. സൈബറിടങ്ങളിലെ ഇരുട്ടില്‍ നിന്ന് യഥാര്‍ഥ ലോകത്തേക്ക് തിരിച്ചുകൊണ്ടുവരാന്‍ അത് ഉപകാരമായെങ്കിലോ.