ധവളപത്രം: മുണ്ടുമുറുക്കിയെടുക്കാതെ ഇനി രക്ഷയില്ല; പ്രതിസന്ധിക്കുള്ള മരുന്ന് ഫലിക്കുമോ?

ട്രഷറി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്
ധവളപത്രം: മുണ്ടുമുറുക്കിയെടുക്കാതെ ഇനി രക്ഷയില്ല; പ്രതിസന്ധിക്കുള്ള മരുന്ന് ഫലിക്കുമോ?
Published on
Updated on

മുണ്ടുമുറുക്കിയെടുക്കാതെ ഇനി രക്ഷയില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവിന്റെ തല്‍സ്ഥിതി വെളിപ്പെടുത്തി മുഖ്യമന്ത്രി വി.ഡി.സതീശന്‍ നിയമസഭയില്‍ വെച്ച ധവളപത്രം വെളിപ്പെടുത്തുന്നുണ്ട്. കടുത്ത ധനകാര്യപരിഷ്‌കരണ നടപടികൊണ്ടുമാത്രമേ സര്‍ക്കാരിന് മുന്നോട്ടുപോകാനാകൂ എന്ന് റിപ്പോര്‍ട്ട് എടുത്തുപറയുന്നു. 5.07 ലക്ഷം കോടി രൂപയാണ് കേരളത്തിന്റെ ആകെ കടബാധ്യത. സംസ്ഥാന വരുമാനത്തിന്റെ 77 ശതമാനമാണ് ശമ്പളം, പെന്‍ഷന്‍, പലിശ തുടങ്ങിയ നിര്‍ബന്ധിത ചെലവുകള്‍ക്കായി ചെലവാകുന്നത്. ബാക്കി 23 ശതമാനം ഫണ്ട് മാത്രമേ മറ്റുചെലവുകള്‍ക്ക് വേണ്ടി നീക്കിയിരിപ്പുള്ളൂ. ട്രഷറി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. പൊതുമേഖല സ്ഥാപനങ്ങളിലും കാതലായ മാറ്റംവേണ്ടിവരും. വികസനപദ്ധതികള്‍ക്ക് സ്വകാര്യ നിക്ഷേപകരെ ആശ്രയിക്കാതെ രക്ഷയില്ലെന്ന് പറയുന്ന റിപ്പോര്‍ട്ട് കൂടുതലും വിമര്‍ശനവിധേയമാക്കിയത് ഇടതുസര്‍ക്കാരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്ന കിഫ്ബിയെ തന്നെയാണ്. ഒഴിവാക്കുമെന്ന് പറയുന്നില്ലെങ്കിലും കിഫ്ബി അടിമുടി പരിഷ്‌കരിക്കുമെന്നും കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം വേണ്ടതുണ്ടെന്നും രേഖ ആവശ്യപ്പെടുന്നുണ്ട്.

ധവളപത്രത്തില്‍ പുറത്തുവന്നത് നയംമാറ്റമോ

കേരളത്തില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പുറത്തുവന്ന അഞ്ചാമത്തെ ധവളപത്രമാണ് വി.ഡി.സതീശന്റെ ആദ്യനിയമസഭാസമ്മേളനത്തില്‍ മേശപ്പുറത്ത് വെച്ചത്. 10 വര്‍ഷത്തിനിടെ മൂന്നര ലക്ഷം കോടിയുടെ കടബാധ്യതയാണ് അധികമുണ്ടായതെന്ന് രേഖ വെളിപ്പെടുത്തുന്നു. അതായത് പ്രതിവര്‍ഷം 35,000 കോടി രൂപയുടെ ബാധ്യത വര്‍ധിച്ചു. സംസ്ഥാനം കടുത്ത ട്രഷറി പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. 2025-ല്‍ മാത്രം 262 ദിവസം വേയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സിനെയും 84 ദിവസം ഓവര്‍ഡ്രാഫ്റ്റിനെയും ആശ്രയിക്കേണ്ടി വന്നുവെന്നത് ഖജനാവിന്റെ ദയനീയാവസ്ഥ വെളിപ്പെടുത്തുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡി.എ, ഡി.ആര്‍ കുടിശ്ശിക ഉള്‍പ്പെടെ 48,733 കോടി രൂപയുടെ അധിക ബാധ്യതയാണ് പുതിയ സര്‍ക്കാരിന് ഏറ്റെടുക്കേണ്ടി വന്നിട്ടുള്ളത്.

കിഫ്ബി സമാന്തര സാമ്പത്തിക അധികാരകേന്ദ്രം

സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് യുഡിഎഫ് സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തില്‍ കിഫ്ബിക്കെതിരെ രൂക്ഷ പരാമര്‍ശങ്ങളാണ് ഉള്ളത്. കിഫ്ബിയ്ക്ക് ഏകദേശം 21,000 കോടിയുടെ വായ്പാബാധ്യത ബാക്കിയുണ്ട്. ഇതിന്റെ കടങ്ങള്‍ യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തിന്റെ കടങ്ങളാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സ്വന്തമായി വായ്പ പദ്ധതികളും പദ്ധതി നിര്‍വഹണവും കടബാധ്യതകളുമുള്ള ഒരു സമാന്തര സര്‍ക്കാര്‍ സംവിധാനമായി ഇത് മാറി. എന്നാല്‍ ബജറ്റിലുള്ള പോലെ വരുമാനസ്രോതസ്സോ നിയമസഭയോടുള്ള ഉത്തരവാദിത്തമോ, നിയമനിര്‍മാണ മേല്‍നോട്ടമോ ചെലവ് നിയന്ത്രണങ്ങളോ ഇതിനില്ല. ധനകാര്യമാനേജ്‌മെന്റില്‍ ഇത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. പെട്രോളിയം സെസ്്, മോട്ടോര്‍ വാഹന നികുതി എന്നീ വരുമാന സ്രോതസ്സുകളാണ് കിഫ്ബിക്കുള്ളത്. തനത് വരുമാനത്തിലുണ്ടാകുന്ന കുറവ് കിഫ്ബിക്ക് പോകുന്നത് ട്രഷറിയെ ബാധിച്ചിട്ടുണ്ട്. കിഫ്ബി കടമെടുപ്പിനെ ഔദ്യോഗിക ബജറ്റില്‍നിന്ന് ഒഴിവാക്കുന്നത് സംസ്ഥാനത്തിന്റെ യഥാര്‍ഥ ബാധ്യതകള്‍ സംബന്ധിച്ച് നിയമസഭയെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാന്‍ ഇടയാക്കും. കിഫ്ബി മസാല ബോണ്ട് ഇറക്കാന്‍ 11 കോടി ചെലവാക്കിയത് അമിതമാണെന്ന വിലയിരുത്തലുണ്ട്. രേഖകള്‍ ഓഡിറ്റിങ്ങിന് നല്‍കിയില്ലെന്നും കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ക്ക് സി.എം.ഡി വഴി വന്‍ തുക കൈമാറിയെന്നും ധവളപത്രം ചൂണ്ടിക്കാട്ടുന്നു. മസാല ബോണ്ടിലും കിഫ്ബി അക്കൗണ്ടുകളിലും കണ്‍സള്‍ട്ടന്‍സികള്‍ക്കു പണം നല്‍കിയതിലും കടമെടുത്ത പണം ബാങ്കുകളില്‍ നിക്ഷേപിച്ചതിലും ഫൊറന്‍സിക് ഓഡിറ്റ് നടത്തും. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളില്‍ സമഗ്ര പരിശോധന വേണമെന്നും ധവളപത്രം ആവശ്യപ്പെടുന്നു.

ഗുരുതര പ്രതിസന്ധിയില്‍ പൊതുമേഖല

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ സഞ്ചിത നഷ്ടം 78,851 കോടി ആയി ഉയര്‍ന്നു. കെ.എസ്.ആര്‍.ടി.സി, വാട്ടര്‍ അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങളാണ് വലിയ നഷ്ടത്തിലുള്ളത്. ലാഭകരമായി പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷനെ കനത്ത നഷ്ടത്തിലുള്ള സപ്ലൈകോയുമായി ലയിപ്പിക്കാനുള്ള നിര്‍ദേശം ധവളപത്രം മുന്നോട്ടുവെയ്ക്കുന്നു. ഇത്തരമൊരു ലയനം വഴി സപ്ലൈകോയുടെ നഷ്ടം ബിവറേജസിന്റെ ലാഭവുമായി നികത്താന്‍ സാധിക്കുമെന്നും, ഇത് കോര്‍പ്പറേറ്റ് നികുതിയിനത്തില്‍ ഗവണ്‍മെന്റിന് നല്‍കേണ്ടി വരുന്ന വലിയൊരു തുക ലാഭിക്കാന്‍ സഹായിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തുടര്‍ച്ചയായി നഷ്ടം വരുത്തുന്നതും കാലാനുസൃതമല്ലാത്തതുമായ പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനോ സ്വകാര്യവല്‍ക്കരിക്കാനോ സര്‍ക്കാര്‍ തയ്യാറാകണം. ഇത്തരം സ്ഥാപനങ്ങളുടെ കൈവശമുള്ള ഉപയോഗശൂന്യമായ വലിയ ഭൂമിയും മറ്റ് ആസ്തികളും വിറ്റഴിക്കുകയോ കൂടുതല്‍ ഉല്‍പ്പാദനക്ഷമമായ മറ്റ് മേഖലകളില്‍ ഉപയോഗിക്കുകയോ വേണം. തൊഴിലാളികളുടെ താല്പര്യം സംരക്ഷിച്ചുകൊണ്ട് തന്നെ ഇത്തരം കടുത്ത തീരുമാനങ്ങളിലേക്ക് കടക്കണമെന്നാണ് ശുപാര്‍ശ. സംസ്ഥാനത്തിന്റെ വൈദ്യുതി ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ഊര്‍ജ്ജ മേഖലയില്‍ സ്വകാര്യ നിക്ഷേപവും കേന്ദ്ര പൊതുമേഖലാ നിക്ഷേപവും അനുവദിക്കണം. കെ.എസ്.ഇ.ബിയുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ പ്രൊഫഷണല്‍ നേതൃത്വത്തെ നിയമിക്കണമെന്നും നിർദേശമുണ്ട്. ഇക്കാര്യങ്ങളെല്ലാം സര്‍ക്കാരുകള്‍ ഇതുവരെ തുടരുന്ന നയങ്ങളില്‍ നിന്നുള്ള വ്യതിയാനമായി വിലയിരുത്തപ്പെടും.

പത്തുവര്‍ഷത്തിലൊരിക്കല്‍ ശമ്പള പരിഷ്‌കരണം

കേന്ദ്ര മാതൃകയില്‍ പത്തു വര്‍ഷത്തിലൊരിക്കല്‍ മാത്രം ശമ്പള കമ്മീഷനെ നിയമിക്കുന്ന കാര്യവും പരിഗണിക്കേണ്ടതാണെന്ന സുപ്രധാന നിര്‍ദേശം ശ്രദ്ധേയമാണ്. ഗവണ്‍മെന്റിന്റെ ശമ്പള-പെന്‍ഷന്‍ ബാധ്യതകള്‍ കുറയ്ക്കുന്നതിനായി വിരമിക്കല്‍ പ്രായം കേന്ദ്ര ഗവണ്‍മെന്റിന് സമാനമായി വർധിപ്പിക്കണം. വിരമിക്കല്‍ പ്രായം വര്‍ദ്ധിപ്പിക്കുന്നത് വഴി ഓരോ വര്‍ഷവും ഏകദേശം 6,000 കോടി രൂപയുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത് നീട്ടിവെക്കാന്‍ സാധിക്കും. വിദ്യാഭ്യാസ-ഐ.ടി-ടൂറിസം മേഖലകളില്‍ വലിയ തോതില്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കണം. വിദേശ സര്‍വ്വകലാശാലകള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് അനുമതി നല്‍കുന്നത് വഴി ഉന്നത വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവരാനാകും. വ്യവസായ സൗഹൃദമായ രീതിയില്‍ ഭൂനിയമങ്ങളിലും തൊഴില്‍ നിയമങ്ങളിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നും ശുപാര്‍ശയുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വികസന ആവശ്യങ്ങള്‍ക്കായി വായ്പയെടുക്കാന്‍ അനുമതി നല്‍കണം. ഇത് സംസ്ഥാന ഗവണ്‍മെന്റിന്റെ ഔദ്യോഗിക വായ്പാ പരിധിയില്‍ ഉള്‍പ്പെടാത്തതിനാല്‍ കൂടുതല്‍ ഫണ്ട് വികസനത്തിനായി കണ്ടെത്താന്‍ സാധിക്കും. പട്ടികജാതി, പട്ടികവര്‍ഗം, പിന്നാക്ക വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്കുള്ള പദ്ധതിവിഹിതം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗണ്യമായി കുറഞ്ഞതായും രേഖ വെളിപ്പെടുത്തുന്നു.

പ്രതിസന്ധിക്കുള്ള മരുന്ന് ഫലിക്കുമോ?

രാജ്യത്തെ ഏറ്റവും താഴ്ന്ന നിരക്കുകളിലാണ് സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മൂലധന ചെലവ്. ട്രഷറി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. നികുതി വരുമാനത്തിലുണ്ടായ കുറവും കേന്ദ്ര സഹായം പ്രതീക്ഷിച്ച രീതിയില്‍ ലഭിക്കാത്തതും സംസ്ഥാനത്തെ സാമ്പത്തിക സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. വ്യവസായ വികസനം, സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കല്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, അടിസ്ഥാന സൗകര്യ വികസനം എന്നിവയിലൂടെ മാത്രമേ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ സാധിക്കൂ എന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്. ജി.എസ്.ടി പിരിവ് ഊര്‍ജിതമാക്കുക, ഉപഭോക്താക്കള്‍ക്ക് നേരിട്ട് ആനുകൂല്യങ്ങള്‍ കൈമാറുക, നികുതി ചോര്‍ച്ച തടയാന്‍ ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുക എന്നീ നിര്‍ദേശങ്ങളുമുണ്ട്. ഏതായാലും പദ്ധതികളിലെ സ്വകാര്യപങ്കാളിത്തം, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം , പൊതുമേഖല സ്ഥാപനങ്ങളിലെ പരിഷ്‌കരണ നടപടികള്‍ തുടങ്ങി ധവളപത്രത്തിലെ പ്രതിസന്ധി പരിഹാര നിര്‍ദേശങ്ങള്‍ വരുംദിവസങ്ങളില്‍ കാര്യമായ ചര്‍ച്ചക്കിടയാകുമെന്നുറപ്പാണ്.

News Malayalam 24x7
newsmalayalam.com