ചോദ്യപേപ്പര്‍ കച്ചവട മാഫിയക്ക് ആര് കടിഞ്ഞാണിടും?

എന്‍ടിഎയോട് കൂടുതല്‍ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ പാര്‍ലമെന്ററി സമിതി ആവശ്യപ്പെട്ടിട്ടുണ്ട്
ചോദ്യപേപ്പര്‍ കച്ചവട മാഫിയക്ക് ആര് കടിഞ്ഞാണിടും?
Source: News Malayalam 24X7
Published on
Updated on

വിവാദമായ നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ തങ്ങള്‍ക്ക് വീഴ്ച സംഭവിച്ചതായി എന്‍ടിഎ എന്ന നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി സമ്മതിച്ചിരിക്കുന്നു. പാര്‍ലമെൻ്ററി കാര്യസമിതിക്ക് മുന്നിലാണ് എന്‍ടിഎ അധികൃതര്‍ പരീക്ഷാ നടത്തിപ്പിലെ പാകപ്പിഴകള്‍ തുറന്നു സമ്മതിച്ചത്. എന്‍ടിഎയോട് കൂടുതല്‍ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ പാര്‍ലമെന്ററി സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍ടിഎ ഡയറക്ടര്‍, എന്‍ടിഎ ചെയര്‍പേഴ്സണ്‍, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ പാര്‍ലമെന്ററി സമിതി വ്യാഴാഴ്ച വിളിച്ചുവരുത്തിയിരുന്നു. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പരീക്ഷാ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന എന്‍ടിഎ വിദഗ്ധ സമിതിയിലെ 2 പ്രമുഖ അധ്യാപകരെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യപ്പേപ്പര്‍ തയ്യാറാക്കാനും പരീക്ഷാ നടത്തിപ്പിനും എന്‍ടിഎ ചുമതലപ്പെടുത്തിയ ഈ ഉദ്യോഗസ്ഥരാണ് കേസിൻ്റെ മുഖ്യ സൂത്രധാരന്മാരെന്ന് സിബിഐ പറയുന്നു. നീറ്റ് പരീക്ഷ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഇതിനകം നാല് വിദ്യാര്‍ഥികളാണ് ആത്മഹത്യ ചെയ്തത്. ആര്‍ത്തി മൂത്ത് വരും തലമുറയുടെ നല്ല ഭാവിയെ ഒറ്റുകൊടുക്കുന്ന പരീക്ഷ ചോര്‍ത്തല്‍ മാഫിയയുടെ പിടിയില്‍ തന്നെയാണ് ഇത്തരം ദേശീയ പരീക്ഷ നടത്തിപ്പുകള്‍ എന്ന് ഈ സംഭവം തെളിയിക്കുന്നു.

ചോദ്യപേപ്പര്‍ കച്ചവട മാഫിയക്ക് ആര് കടിഞ്ഞാണിടും?

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വീഴ്ച സമ്മതിച്ച നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയോട് കൂടുതല്‍ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ പാര്‍ലമെന്ററി സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍ടിഎ ഡയറക്ടര്‍, എന്‍ടിഎ ചെയര്‍പേഴ്സണ്‍, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ സമിതി വിളിച്ചുവരുത്തിയിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് വിദ്യാർഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ ജനരോഷത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് എംപി ദിഗ്‌വിജയ് സിങ് അധ്യക്ഷനായ സമിതി, എന്‍ടിഎ ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് മെയ് 3 -ന് നടന്ന നീറ്റ് യുജി പരീക്ഷ എന്‍ടിഎ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ജൂണ്‍ 21-ന് പുനഃപരീക്ഷ നടത്താനാണ് തീരുമാനം.

ഉന്നത ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം നീളുന്നു

2026-ലെ നീറ്റ് പരീക്ഷ കഴിഞ്ഞ് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. ആരോപണം അന്വേഷിച്ച രാജസ്ഥാന്‍ പൊലീസിൻ്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് പരീക്ഷയ്ക്ക് മുന്‍പ് പ്രചരിച്ച ഒരു ചോദ്യപേപ്പറില്‍ നിന്നുള്ള 120 ചോദ്യങ്ങള്‍ യഥാർഥ ചോദ്യപേപ്പറിലും വന്നതായാണ് കണ്ടെത്തിയത്. ഏകദേശം 410 ചോദ്യങ്ങളടങ്ങിയ ഈ സാധ്യതാപേപ്പര്‍ പരീക്ഷയ്ക്ക് ഒരു മാസം മുന്‍പ് തന്നെ വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രചരിച്ചിരുന്നു. ഇതിലെ 120 കെമിസ്ട്രി ചോദ്യങ്ങള്‍ നീറ്റ് പരീക്ഷയില്‍ അതേപടി വന്നു. അറസ്റ്റിലായ ലാത്തൂരിലെ കെമിസ്ട്രി പ്രൊഫസര്‍ പി. വി. കുല്‍ക്കര്‍ണി പരീക്ഷാ ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്നതിനായി എന്‍ടിഎ നിയോഗിച്ച വിദഗ്ധ സമിതിയിലെ അംഗമായിരുന്നു. കേസിലെ മുഖ്യ ആസൂത്രകനാണ് ഇദ്ദേഹം. അറസ്റ്റ് ചെയ്ത പുനെയിലെ ബയോളജി പ്രൊഫസര്‍ മനീഷ ഗുരുനാഥ് മന്ഥാരെ, നീറ്റ് പരീക്ഷയുടെ ബോട്ടണി, സുവോളജി ചോദ്യങ്ങള്‍ തയ്യാറാക്കുന്ന പാനലിലെ മുതിര്‍ന്ന അധ്യാപികയായിരുന്നു. ഈ ചോദ്യങ്ങള്‍ പരീക്ഷയ്ക്ക് മുന്‍പ് സ്വന്തം വീട്ടില്‍ വെച്ച് ചില വിദ്യാർഥികള്‍ക്ക് കുറിച്ചു നല്‍കിയതായി സിബിഐ കണ്ടെത്തി. ബാക്കി അറസ്റ്റിലായവര്‍ ഈ ഉദ്യോഗസ്ഥരില്‍ നിന്ന് ചോദ്യപ്പേപ്പര്‍ വാങ്ങി വിതരണം ചെയ്ത ഇടനിലക്കാരും, കോച്ചിംഗ് സെന്റര്‍ ഉടമകളും, പണം നല്‍കിയ വിദ്യാര്‍ഥികളുമാണ്. പരീക്ഷാ സംവിധാനത്തിനകത്തു തന്നെയുള്ള ഉന്നത ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം നീളുന്നതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നീറ്റിൻ്റെ ആരംഭവും തുടര്‍ച്ചയും

2013ല്‍ മധ്യപ്രദേശിലെ വ്യാപം കുംഭകോണത്തിനു പിന്നാലെയാണു മെഡിക്കല്‍ പ്രവേശനത്തിനു ദേശീയ തലത്തില്‍ പൊതുപരീക്ഷയെന്ന നിര്‍ദേശം സജീവമായുണ്ടാകുന്നത്. മെഡിക്കല്‍, എന്‍ജിനീയറിങ്, മറ്റു പ്രൊഫഷണല്‍ കോഴ്‌സുകള്‍, വിവിധ തസ്തികകള്‍ എന്നിവയിലേക്കുള്ള പ്രവേശനവും നിയമനവും നടത്തുന്നതില്‍ മധ്യപ്രദേശ് പ്രൊഫഷണല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് അഴിമതി നടത്തിയെന്നതായിരുന്നു വ്യാപം കുംഭകോണം കേസ്. 2010ല്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ദേശീയ തലത്തില്‍ ഒരു പൊതുപ്രവേശന പരീക്ഷ പ്രഖ്യാപിച്ചു. 2016ലാണ് സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇത് ദേശീയ തലത്തില്‍ നടപ്പാക്കുന്നത്. 2015ല്‍ നടന്ന ഓള്‍ ഇന്ത്യ പ്രീ മെഡിക്കല്‍-പ്രീ ഡെന്റല്‍ പ്രവേശന പരീക്ഷയില്‍ വ്യാപക ക്രമക്കേട് നടന്നതോടെ പരീക്ഷ റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെ വിഷയം സുപ്രീം കോടതിയിലെത്തിയ ഘട്ടത്തിലാണു പരീക്ഷ ദേശീയ തലത്തില്‍ നടപ്പാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. സിബിഎസ്ഇയായിരുന്നു അന്നു പരീക്ഷ നടത്തിയിരുന്നതെങ്കില്‍ 2017 മുതല്‍ ദേശീയ പരീക്ഷാ ഏജന്‍സി ഇതിന്റെ ചുമതലയിലെത്തി. നീറ്റ് പരീക്ഷയുടെ തുടക്കം ഇങ്ങനെയാണ്. 2024 മെയ് 5ന് നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു. പുനഃപരീക്ഷ വേണമെന്ന് ആവശ്യപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ച സുപ്രീംകോടതി , നടപടികള്‍ക്ക് നിര്‍ദേശിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ നിയോഗിക്കപ്പെട്ട കെ.രാധാകൃഷ്ണന്‍ കമ്മിറ്റിയുടെ പല നിര്‍ദേശങ്ങളും ഇന്നും കടലാസിലൊതുങ്ങുകയാണ്.

നീറ്റിൻ്റെ ആരംഭവും തുടര്‍ച്ചയും

2013ല്‍ മധ്യപ്രദേശിലെ വ്യാപം കുംഭകോണത്തിനു പിന്നാലെയാണു മെഡിക്കല്‍ പ്രവേശനത്തിനു ദേശീയ തലത്തില്‍ പൊതുപരീക്ഷയെന്ന നിര്‍ദേശം സജീവമായുണ്ടാകുന്നത്. മെഡിക്കല്‍, എന്‍ജിനീയറിങ്, മറ്റു പ്രൊഫഷണല്‍ കോഴ്‌സുകള്‍, വിവിധ തസ്തികകള്‍ എന്നിവയിലേക്കുള്ള പ്രവേശനവും നിയമനവും നടത്തുന്നതില്‍ മധ്യപ്രദേശ് പ്രൊഫഷണല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് അഴിമതി നടത്തിയെന്നതായിരുന്നു വ്യാപം കുംഭകോണം കേസ്. 2010ല്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ദേശീയ തലത്തില്‍ ഒരു പൊതുപ്രവേശന പരീക്ഷ പ്രഖ്യാപിച്ചു. 2016ലാണ് സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇത് ദേശീയ തലത്തില്‍ നടപ്പാക്കുന്നത്. 2015ല്‍ നടന്ന ഓള്‍ ഇന്ത്യ പ്രീ മെഡിക്കല്‍-പ്രീ ഡെന്റല്‍ പ്രവേശന പരീക്ഷയില്‍ വ്യാപക ക്രമക്കേട് നടന്നതോടെ പരീക്ഷ റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെ വിഷയം സുപ്രീം കോടതിയിലെത്തിയ ഘട്ടത്തിലാണു പരീക്ഷ ദേശീയ തലത്തില്‍ നടപ്പാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. സിബിഎസ്ഇയായിരുന്നു അന്നു പരീക്ഷ നടത്തിയിരുന്നതെങ്കില്‍ 2017 മുതല്‍ ദേശീയ പരീക്ഷാ ഏജന്‍സി ഇതിന്റെ ചുമതലയിലെത്തി. നീറ്റ് പരീക്ഷയുടെ തുടക്കം ഇങ്ങനെയാണ്. 2024 മെയ് 5ന് നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു. പുനഃപരീക്ഷ വേണമെന്ന് ആവശ്യപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ച സുപ്രീംകോടതി , നടപടികള്‍ക്ക് നിര്‍ദേശിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ നിയോഗിക്കപ്പെട്ട കെ.രാധാകൃഷ്ണന്‍ കമ്മിറ്റിയുടെ പല നിര്‍ദേശങ്ങളും ഇന്നും കടലാസിലൊതുങ്ങുകയാണ്.

മാഫിയകളുടെ വിപണി സാധ്യതകള്‍

ദേശീയതലത്തില്‍ നടത്തുന്ന അതിനിര്‍ണായക പരീക്ഷകളില്‍ ഏറ്റവുമധികം വിദ്യാര്‍ഥികള്‍ എഴുതുന്നത് നീറ്റ് പരീക്ഷയാണ്. മെഡിക്കല്‍ പ്രോഗ്രാമിന് അഡ്മിഷന്‍ കിട്ടുന്നതിനു വേണ്ടിയുള്ള രക്ഷാകര്‍ത്താക്കളുടെയും വിദ്യാര്‍ഥികളുടെയും അതിയായ ആഗ്രഹത്തില്‍നിന്നാണ് എന്‍ട്രന്‍സ് കോച്ചിങ് എന്ന വലിയ വിപണി തന്നെ ഉടലെടുക്കുന്നത്. ഇതോടൊപ്പം തന്നെ ചോദ്യങ്ങളുടെ മോഷണം, പരീക്ഷ എഴുതാനുള്ള ആള്‍മാറാട്ടം എന്നിങ്ങനെ ഏതു രീതിയിലും പരീക്ഷ ജയിക്കുന്നതിന് കൂട്ടുപിടിക്കാവുന്ന ഒരു വലിയ മാഫിയകൂടി വളര്‍ന്നുവന്നിട്ടുണ്ട്. പബ്ലിക് എക്‌സാമിനേഷന്‍സ് പ്രിവന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍ മീന്‍സ് , 2024 എന്ന ചട്ടം രാജ്യത്ത് നിലവിലുണ്ട്. എന്‍ട്രന്‍സ് പരീക്ഷ അടക്കമുള്ളവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് പത്തുവര്‍ഷം കഠിനതടവും ഒരു കോടി രൂപവരെ പിഴയും നിയമം അനുശാസിക്കുന്നുമുണ്ട്. പക്ഷേ, അതുകൊണ്ടൊന്നും എന്‍ട്രന്‍സ് പരീക്ഷയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ അവസാനിക്കുമെന്ന് തോന്നുന്നില്ല.

കോടികള്‍ കിലുങ്ങുന്ന പ്രവേശന പരീക്ഷ മേഖല

രാജ്യത്തെ പ്രവേശന പരീക്ഷാ ഇന്‍ഡസ്ട്രി 53,000 കോടി രൂപയുടേതാണ്. ഇതില്‍ ജെഇഇ, നീറ്റ് പ്രവേശന പരീക്ഷ എന്നിവയാണ് മുന്നില്‍ നില്‍ക്കുന്നത്. അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ ഇതു 1.3 ലക്ഷം കോടിയുടേതായി ഉയരുമെന്നാണു വിലയിരുത്തല്‍. രാജ്യത്താകെ 824 മെഡിക്കല്‍ കോളജുകളിലായി 1.29 ലക്ഷം എംബിബിഎസ് സീറ്റ്. അതില്‍ തന്നെ 63,600 സീറ്റാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലുള്ളത്. ബാക്കിയുള്ളത് സ്വകാര്യ സ്ഥാപനങ്ങളുമാണ്. ഇക്കുറി 22.79 ലക്ഷം പേരാണു പരീക്ഷയ്ക്കു രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 22.05 ലക്ഷം പേര്‍ പരീക്ഷയെഴുതി. രാജ്യത്തെ പ്രവേശന പരീക്ഷയുടെ കേന്ദ്രമായ രാജസ്ഥാനിലെ കോട്ട, സികാര്‍ എന്നിവിടങ്ങളിലെ മുന്‍നിര കോച്ചിങ് സ്ഥാപനങ്ങളിലെ വാര്‍ഷിക ട്യൂഷന്‍ ഫീസ് 1.5 ലക്ഷം മുതല്‍ 2.5 ലക്ഷം വരെയാണ്. ഹോസ്റ്റല്‍ ഫീസ് ഉള്‍പ്പെടയുള്ള അനുബന്ധചെലവുകള്‍ ഇതിനു പുറമേയാണ്. ഒന്നരലക്ഷം രൂപയോളം ഇതിനായി വേണ്ടിവരും. സര്‍ക്കാര്‍ മെറിറ്റ് സീറ്റുകള്‍ ലഭിക്കാത്ത സാമ്പത്തികമായി ഉയർന്നു നില്‍ക്കുന്നവര്‍ക്ക് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലും ഡീംഡ് സര്‍വകലാശാലകളിലും കോടികള്‍ നല്‍കി എന്‍ആര്‍ഐ,മാനേജ്മെന്റ് ക്വാട്ടകളില്‍ പ്രവേശനം നേടാന്‍ സാധിക്കുന്നു. പണം വാങ്ങി പരീക്ഷ എഴുതാന്‍ ആള്‍മാറാട്ടം നടത്തുന്ന 'സോള്‍വര്‍ ഗ്യാങ്ങുകളും' മാര്‍ക്ക് തിരുത്തി നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടുന്ന കണ്‍സള്‍ട്ടന്‍സികളും സജീവമാണ്.

ലക്ഷങ്ങള്‍ കൊയ്യുന്ന കോച്ചിങ് സെൻ്ററുകള്‍

അര്‍ഹരായ കുട്ടികള്‍ക്ക് തുല്യ അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയതാണെങ്കിലും, കോച്ചിങ് മാഫിയകളുടെയും ചോദ്യപേപ്പര്‍ വില്‍പനക്കാരുടെയും ഇടപെടലുകള്‍ കാരണം നീറ്റ് പരീക്ഷ ഇന്ന് കടുത്ത പ്രതിസന്ധി നേരിടുന്നുണ്ട്. രാജ്യവ്യാപകമായി ഒരൊറ്റ പരീക്ഷ എന്ന ഏകീകരണത്തോടെ കോളടിക്കുന്നത് കോച്ചിംഗ് ഇന്‍ഡസ്ട്രിയാണെന്നതില്‍ തര്‍ക്കമില്ല. രണ്ടോ മൂന്നോ വര്‍ഷം കോച്ചിങ് കേന്ദ്രങ്ങളിലെ പരിശീലനം നടത്തിയ ശേഷമാണ് പലരും പരീക്ഷയ്ക്കു തയ്യാറെടുക്കുന്നത്. പരീക്ഷ റദ്ദാക്കിയതു വിദ്യാര്‍ഥികള്‍ക്കു കടുത്ത സമ്മര്‍ദ്ദവും ആശങ്കയും നല്‍കുമ്പോഴും അവസരം മുതലെടുത്ത് , സ്വകാര്യ കോച്ചിങ് സെന്ററുകള്‍ ക്രാഷ് കോഴ്‌സ് നടത്തി നേട്ടമുണ്ടാക്കുന്ന തിരക്കിലാണ്. ലക്ഷക്കണക്കിന് രൂപ ഫീസ് നല്‍കാന്‍ കഴിയുന്ന പണക്കാരായ വിദ്യാർഥികള്‍ക്ക് മികച്ച പരിശീലനം ലഭിക്കുമ്പോള്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഗ്രാമീണ മേഖലയിലെ മിടുക്കരായ കുട്ടികള്‍ക്ക് ഇത് വലിയ തിരിച്ചടിയാകുന്നു. അതിനാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് കൂടിയാണ് അധികൃതര്‍ പരിഹാരം കാണേണ്ടതെന്നു അക്കാദമിക് രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രതിരോധം നമ്മളില്‍ നിന്ന് തുടങ്ങണം

പരീക്ഷയുടെ സുരക്ഷിതമായ ഏകോപനത്തില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്കുണ്ടായ വീഴ്ച ബാധിക്കുന്നത് 24 ലക്ഷത്തിലധികം വിദ്യാര്‍ഥികളെയും അവരുടെ രക്ഷാകര്‍ത്താക്കളെയുമാണ്. ചോദ്യക്കടലാസ് സെറ്റ്‌ ചെയ്യുന്നതിന് വിദഗ്ധരെ കണ്ടെത്തുന്നതുമുതല്‍ പരീക്ഷാഹാളില്‍ കുട്ടികള്‍ക്ക് ചോദ്യക്കടലാസ് വിതരണം ചെയ്യുന്നതു വരെ അത്യന്തം രഹസ്യാത്മകമായാണ് ഈ പ്രവൃത്തികള്‍ ചെയ്യേണ്ടത്. ഈ നടപടിയിലാണ് ഇളക്കം വന്നിട്ടുള്ളത്. ഈ പരീക്ഷയുടെ ഏറ്റവും വലിയ ഇരകളായി മാറുന്നത് സാമ്പത്തികമായും സാമൂഹികമായും പിന്നാക്കാവസ്ഥയിലുള്ള വിദ്യര്‍ഥികളാണ്. രണ്ടാമത്തെ പരീക്ഷയുടെ സ്വഭാവമോ അതിനെ നേരിടുന്നതിനുള്ള പരിശീലനമോ പ്രചോദനമോ മാര്‍ഗ നിര്‍ദേശമോ ഒക്കെ നേടിയെടുക്കുന്നതിനുള്ള സാധ്യത ജൂണ്‍ 21 ന് മുമ്പുള്ള ചെറിയ കാലയളവുകൊണ്ട് അവര്‍ക്ക് സാധിച്ചുകൊള്ളണമെന്നില്ല. പിഴവുകള്‍ തുടര്‍ക്കഥകളാകുമ്പോള്‍ ഇതിനുള്ള ആദ്യത്തെ പ്രതിരോധമുണ്ടാവേണ്ടത് നമ്മുടെ രക്ഷാകര്‍ത്താക്കളുടെ കാഴ്ചപ്പാടുകളില്‍ നിന്നുതന്നെയാണ്. എന്തുവിലകൊടുത്തും വാങ്ങാനാളുണ്ട് എന്നുവരുമ്പോഴാണ് ഇത്തരത്തിലുള്ള മാഫിയകള്‍ പ്രവര്‍ത്തനസജ്ജമാവുന്നത്. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ അടക്കമുള്ളവയോട് രക്ഷാകര്‍ത്താക്കളുടെ മനോഭാവത്തില്‍ ഒരു വലിയ മാറ്റമുണ്ടായില്ലെങ്കില്‍ ഏതുതരത്തിലുള്ള ഡിജിറ്റല്‍ സമ്പ്രദായത്തിലേക്കുപോയാലും കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടേക്കാം.

News Malayalam 24x7
newsmalayalam.com