

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി വെറും ഏഴ് ദിവസം മാത്രം ബാക്കി. തമിഴക രാഷ്ട്രീത്തിൽ ഒരുപക്ഷേ, ഘടനാപരമായ പല മാറ്റങ്ങൾക്കും തുടക്കമിട്ടേക്കാവുന്ന തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. ഡിഎംകെ, അണ്ണാ ഡിഎംകെ ദ്വന്ദങ്ങൾക്കിടയിലേക്ക് മൂന്നാം ശക്തിയായി ടിവികെ കടന്നുവന്നതിന് ശേഷമുള്ള തെരഞ്ഞെടുപ്പ്. എഐഎഡിഎംകെ സഖ്യത്തിലൂടെ തമിഴ്നാട്ടിൽ സ്വാധീനമുറപ്പിക്കാൻ ബിജെപി അശ്രാന്തപരിശ്രമം നടത്തുന്ന തെരഞ്ഞെടുപ്പ്. അണ്ണാ ഡിഎംകെയ്ക്ക് അസ്തിത്വം സംരക്ഷിച്ച് നിർത്തുകയെന്നത് ജീവന്മരണ പ്രശ്നമായ തെരഞ്ഞെടുപ്പ്. ഭരണത്തുടർച്ചയ്ക്കായി ഡിഎംകെ സകലതന്ത്രങ്ങളും എടുത്തുപയോഗിക്കുന്ന തെരഞ്ഞെടുപ്പ്. മൂന്നുകൂട്ടരും വാഗ്ദാനങ്ങളുടേയും സൗജന്യങ്ങളുടേയും പെരുംപട്ടിക വാരിക്കോരി ചൊരിയുന്ന പ്രകടന പത്രികകളുമായി മുഖാമുഖം മുട്ടിനിൽക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനകം മൂന്ന് തവണ തമിഴ്നാട്ടിൽ പ്രചാരണത്തിനെത്തി. ഇതിനിടെ ഉയരുന്ന ചോദ്യമിതാണ്, ഇന്ത്യാ സഖ്യത്തിൻ്റെ നെടുംതൂണുകളിൽ ഒന്നായ എം.കെ. സ്റ്റാലിൻ്റെ തമിഴ്നാട്ടിൽ ഈ നിർണായക തെരഞ്ഞെടുപ്പ് കാലത്ത് രാഹുൽ ഗാന്ധി എന്തേ ഇതുവരെ ഒരു പ്രചാരണയോഗത്തിനോ റാലിയിലോ എത്തിയില്ല?
രാഹുൽ എന്തേ തമിഴ്നാട്ടിൽ എത്തിയില്ല ?
234 അംഗ തമിഴ്നാട് നിയമസഭയിൽ 28 സീറ്റുകളാണ് മുന്നണിയിലെ രണ്ടാം കക്ഷിയായ കോൺഗ്രസിന് ഡിഎംകെ നീക്കിവച്ചത്. പുതിയതായി മുന്നണിയിലേക്കെത്തിയ വിജയ് കാന്തിൻ്റെ ഡിഎംഡികെയെ ഉൾക്കൊള്ളാൻ 10 സീറ്റ് നൽകേണ്ടി വന്നപ്പോൾ സഖ്യകക്ഷികളായ സിപിഐഎമ്മിനും സിപിഐക്കും അടക്കം ഇത്തവണ മത്സരിച്ച സീറ്റുകളിൽ കുറവുണ്ടായി. പക്ഷേ 2021നെ അപേക്ഷിച്ച് കോൺഗ്രസിന് മൂന്ന് സീറ്റ് അധികമായി നൽകുകകയാണ് ഡിഎംകെ ചെയ്തത്. പെരുമാവളവൻ്റെ വിസികെയ്ക്കും രണ്ട് സീറ്റ് അധികം കിട്ടി. രാജ്യത്തെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും എൻഡിഎ സഖ്യം ഭരണം കയ്യാളുമ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പാണിത്. ഇന്ത്യാ സഖ്യത്തിൻ്റെ ശേഷിക്കുന്ന ശക്തികേന്ദ്രങ്ങളിൽ ഒന്നാണ് തമിഴ്നാട്. എന്നിട്ടും, തമിഴക ദ്രാവിഡ രാഷ്ട്രീയത്തിൻ്റെ ഗതിമാറ്റിയേക്കാവുന്ന ഈ തെരഞ്ഞെടുപ്പിനോട് രാഹുൽ ഗാന്ധി ഇതുവരേയും മുഖം തിരിച്ചുനിൽക്കുന്നത് എന്തുകൊണ്ടാണ്?
'മോന്തായം വളഞ്ഞാൽ അറുപത്തിനാലും വളയും'
പ്രമുഖ രാഷ്ട്രീയ കാര്യ ലേഖകൻ ബി.കോളപ്പൻ കഴിഞ്ഞ ദിവസം ദ ഹിന്ദു ദിനപ്പത്രത്തിൽ ഡിഎംകെ-കോൺഗ്രസ് സഖ്യത്തെപ്പറ്റി എഴുതിയ ലേഖനം തുടങ്ങുന്നത് ഒരു തമിഴ് പഴഞ്ചൊല്ല് ഉദ്ധരിച്ചുകൊണ്ടാണ്. 'മുതൽ കോണൽ, മുട്രിലും കോണൽ'. 'മോന്തായം വളഞ്ഞാൽ അറുപത്തിനാലും വളയും' എന്ന മലയാളം ചൊല്ലിൻ്റെ അതേ അർഥം തന്നെ. തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ തീച്ചൂട് അതിൻ്റെ പരകോടിയിൽ എത്തിയിരിക്കുന്നു. ഡിഎംകെ - കോൺഗ്രസ് സഖ്യത്തിലെ ഭിന്നതകളും അതേ പോലെ തന്നെ, ഭിന്നതയുടെ പാരമ്യത്തിലാണ്. എം.കെ. സ്റ്റാലിനും ഉദയനിധി സ്റ്റാലിനും സംസ്ഥാനത്തുടനീളം പര്യടനം പൂർത്തിയാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് വട്ടം തമിഴ്നാട്ടിൽ വന്നുപോയി. വിജയ് നാടിളക്കി പ്രചാരണ റാലികൾ നടത്താൻ തുടങ്ങിയിട്ട് മാസങ്ങളായി. എടപ്പാടി പളനിസ്വാമി തമിഴ്നാട് ഒട്ടുക്ക് സഞ്ചരിക്കുന്നു. സിപിഐഎം, സിപിഐ ദേശീയ കൗൺസിൽ, പോളിറ്റ് ബ്യൂറോ അംഗങ്ങളും വിടുതലൈ സിരുത്തൈ കക്ഷിയുടെ തോൽ തിരുമാവളവനും എംഡിഎംകെ നേതാവ് ദുരൈ വയ്യാപുരിയും അടക്കം എല്ലാവരും പ്രചാരണത്തിൽ സജീവമാണ്. പക്ഷേ കോൺഗ്രസ് ഹൈക്കമാൻഡ് മാത്രം അവരുടെ രാഷ്ട്രീയമായ പങ്ക് ഏറ്റവും വലുതായ ഒരു തെരഞ്ഞെടുപ്പിൽ വലിയ താത്പര്യം കാണിക്കുന്നില്ല. രാഹുൽ ഗാന്ധി ഇതുവരെ തമിഴ്നാട്ടിൽ ഒരു തെരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുത്തിട്ടില്ല, എംകെ സ്റ്റാലിനുമായി ഈ തെരഞ്ഞെടുപ്പുകാലത്ത് രാഹുൽ ഗാന്ധി ഇതേവരെ വേദി പങ്കിട്ടിട്ടില്ല.
പുതുച്ചേരിയിൽ പോയി, തമിഴ്നാട്ടിൽ ഇല്ല!
തമിഴ്നാടിന് തൊട്ടപ്പുറം, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി സന്ദർശിച്ച രാഹുൽ ഗാന്ധി അവിടെ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായി പ്രചാരണ പരിപാടികളിൽ പങ്കെടുത്തിരുന്നു. പുതുച്ചേരിയിൽ കോൺഗ്രസിന് 16 സീറ്റുകളെന്നും ഡിഎംകെയ്ക്ക് 13 സീറ്റെന്നും നേരത്തേ ധാരണയായതാണ്. എന്നാൽ കോൺഗ്രസിൻ്റെ ആറ് സ്ഥാനാർഥികൾ കൂടി മുന്നണി ധാരണ ലംഘിച്ച് നാമനിർദേശ പത്രിക സമർപ്പിച്ചു. ഈ ആറ് പേർക്കും രാഹുൽ ഗാന്ധി പിന്തുണ നൽകിയെന്നാണ് ഡിഎംകെയുടെ പരാതി. കേരളത്തിലേക്കുള്ള യാത്രാമധ്യേ ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി കൂട്ടാക്കിയില്ല. അതേ വേളയിൽ, കോൺഗ്രസ് മത്സരിക്കുന്ന 28 സീറ്റുകളിലും വിജയം ഉറപ്പാക്കാൻ ഡിഎംകെ സഖ്യകക്ഷികളൊക്കെയും പ്രചാരണത്തിൽ സജീവമാണ്. കോൺഗ്രസ് ദേശീയ നേതൃത്വം സഹകരിച്ചാലും ഇല്ലെങ്കിലും, കോൺഗ്രസ് സ്ഥാനാർഥികളുടെ ഉൾപ്പെടെ വിജയം ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഡിഎംകെ ജില്ലാ സെക്രട്ടറിമാരോട് നിർദേശിച്ചു. സഖ്യകക്ഷികൾ ഉൾപ്പെടെ, ഏറ്റവും കൂടുതൽ എംഎൽഎമാരെ ജയിപ്പിക്കുന്ന ജില്ലാ സെക്രട്ടറിമാർക്ക് മന്ത്രിസ്ഥാനമാണ് സ്റ്റാലിൻ്റെ വാഗ്ദാനം. എന്നിട്ടും, കോൺഗ്രസ് - ഡിഎംകെ സഖ്യത്തിൻ്റെ നിലനിൽപ്പിനെപ്പറ്റി തന്നെ ചോദ്യമുയർത്തുന്ന ഗൗരവമായ അസാന്നിധ്യമാണ് തമിഴ്നാട്ടിൽ രാഹുൽ ഗാന്ധിയുടേത്.
ടിവികെയോട് കൂടാൻ കോൺഗ്രസ് ശ്രമിച്ചോ ?
ഡിഎംകെയെ വെട്ടി വിജയ്‌യുടെ ടിവികെയുമായി സഖ്യം ഉണ്ടാക്കാൻ കോൺഗ്രസിലെ ഒരു വിഭാഗം ശ്രമിച്ചു എന്ന വാർത്തകളും ഇതിനിടെ പുറത്തുവന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിൻ്റെ കാർമികത്വത്തിലാണ് ഈ രഹസ്യബാന്ധവത്തിന് ശ്രമം നടന്നതെന്നാണ് തമിഴ്നാട് പ്രദേശ് മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചതിന് ശേഷം മുൻ കോൺഗ്രസ് നേതാവ് ഹസീന സെയ്യിദ് ഇക്കഴിഞ്ഞ ദിവസം ആരോപിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള കെ.സിയുടെ പരിശ്രമങ്ങൾക്ക് കേരളത്തിലെ വിജയ് അനുകൂലികളായ ചെറുപ്പക്കാരുടെ പിന്തുണയ്ക്ക് വേണ്ടിയാണിതെന്നും ഹസീന ആരോപിക്കുന്നു. ഇതിലെ നേരെന്തായാലും, ടിവികെ ബാന്ധവത്തിനുള്ള ശ്രമം നടന്നിരുന്നുവെന്നും മുതിർന്ന നേതാക്കളായ പി.ചിദംബരം, എഐസിസി പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെ, ഡിഎംകെ നേതാവ് കനിമൊഴി എന്നിവരുടെ ഇടപെടൽ കൊണ്ടുമാത്രമാണ് കോൺഗ്രസ് - ഡിഎംകെ സഖ്യം തകർന്നടിയാതിരുന്നത് എന്നുമാണ് റിപ്പോർട്ടുകൾ. അതിന് ശേഷവും, തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിൻ്റെ സഹകരണമില്ലായ്മ കോൺഗ്രസിൻ്റേയും ഡിഎംകെയുടേയും സഖ്യത്തിലെ മറ്റുകക്ഷികളുടേയും പ്രവർത്തകരിൽ കടുത്ത ആശങ്കയും അസ്വസ്ഥതയും ഉണ്ടാക്കിയിട്ടുണ്ട്.
കരുത്തും, കരുത്തില്ലായ്മയും തിരിച്ചറിയുമോ ?
2016ൽ 41 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് എട്ട് സീറ്റിൽ മാത്രമാണ് ജയിക്കാനായത്. 2025ലാകട്ടെ 25 സീറ്റുകളിൽ മത്സരിച്ച് 18 ഇടത്ത് ജയിച്ചു. ഇക്കുറി 28 സീറ്റുകൾ പോരാ എന്നായിരുന്നു കോൺഗ്രസിൻ്റെ നിലപാട്. സംഘടനാപരമായും രാഷ്ട്രീയവുമായി തമിഴ്നാട്ടിലെ സ്വന്തം സ്വാധീനത്തെപ്പറ്റി കോൺഗ്രസ് നേതൃത്വത്തിനുള്ള ധാരണപ്പിശകാണ് അവരുടെ അടിസ്ഥാന പ്രശ്നം. കാമരാജ് മദ്രാസ് സംസ്ഥാനം ഭരിച്ച കാലം കടന്നുപോയിട്ട് ആറര പതിറ്റാണ്ടായി. കരുണാനിധിയുടെ കാലത്ത് 60 സീറ്റിലേറെ മത്സരിച്ച കോൺഗ്രസുമല്ല ഇന്നത്തെ തമിഴ്നാട് പ്രദേശ് കോൺഗ്രസ്. മതേതര ജനാധിപത്യ വിശാലമുന്നണി എന്ന ഡിഎംകെയുടെ കാഴ്ചപ്പാട് കൊണ്ടാണ് ഇപ്പോൾ കിട്ടുന്നത്രയും സീറ്റെങ്കിലും കിട്ടുന്നത് എന്ന് മനസിലാകാത്തത് കോൺഗ്രസ് നേതൃത്വത്തിന് മാത്രമാണ്. പിന്നെയും എന്തിനാണ് രാഹുൽ ഗാന്ധി തമിഴ്നാട്ടിൽ പ്രചാരണത്തിനെത്തണമെന്ന് ഡിഎംകെ സഖ്യം ആഗ്രഹിക്കുന്നത് ? അതിനായി കമൽ ഹാസൻ്റെ സ്വാധീനം പോലും ഉപയോഗപ്പെടുത്താൻ ഇപ്പോഴും അവർ ശ്രമിക്കുന്നത് ? വലിയ തെരഞ്ഞെടുപ്പുകളിൽ ദേശീയ നേതാക്കളുടെ സാന്നിധ്യം മുന്നണിക്കാകെ മാനസിക ശക്തിയും ഐക്യവും നൽകുന്ന ഘടകമായി മാറും എന്നതുകൊണ്ട്, ദേശീയ തലത്തിൽ വലിയ പ്രതിഛായയുള്ള നേതാക്കൾ പ്രചാരണത്തിൽ സജീവമായാൽ സഖ്യത്തിന് കൂടുതൽ ദൃശ്യതയും ശക്തിയും ലഭിക്കും എന്നതുകൊണ്ട്
രാഹുൽ ചിലതൊക്കെ ഓർക്കണം
ഏതായാലും ഡിഎംകെയുമായി കോൺഗ്രസ് ദേശീയ നേതൃത്വത്തിനുള്ള ഭിന്നത നീങ്ങിയെന്നും രാഹുൽഗാന്ധി മൂന്നു നാല് ദിവസത്തിനകം പ്രചാരണത്തിനെത്തുമെന്നും സംസ്ഥാന കോൺഗ്രസ് നേതൃത്വം ഇന്നലെ അറിയിച്ചിട്ടുണ്ട്. ഇതിനകം മൂന്ന് തവണ തമിഴ്നാട് എത്തിയ നരേന്ദ്രമോദി നാഗർ കോവിലിലും കോയമ്പത്തൂരിലും അടുത്ത ദിവസങ്ങളിൽ വീണ്ടും പ്രചാരണത്തിനെത്തും. പ്രധാനമന്ത്രി പ്രചണ്ഡ പ്രചാരണത്തിൽ തമിഴ്നാട്ടിലെ എൻഡിഎ ക്യാമ്പ് ഇളക്കിമറിക്കുമ്പോൾ 'രാഹുൽ എപ്പോൾ വരും?' എന്ന കാത്തിരിപ്പിലാണ് ഡിഎംകെ സഖ്യം. എൻഡിഎ സഖ്യം രാജ്യവ്യാപകമായി ഏകീകൃത പ്രചാരണം നടത്തുമ്പോൾ, പ്രതിപക്ഷം പ്രാദേശിക കുളങ്ങളിൽ മീൻ പിടിക്കാൻ ശ്രമിക്കുന്നു! സീറ്റ് വിഭജനത്തിൻ്റെ പേരിൽ, ചിഹ്നത്തിൻ്റെ പേരിൽ, പ്രാദേശിക ഈഗോ സംരക്ഷണത്തിൻ്റെ പേരിൽ - ദേശീയ തലത്തിലുള്ള വലിയ ലക്ഷ്യങ്ങളെ മറന്ന് പ്രാദേശിക പ്രശ്നങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് ഇൻഡ്യ സഖ്യം. സ്റ്റാലിനുമായുള്ളത് 'സഹോദര ബന്ധം' എന്നാവർത്തിച്ചിരുന്ന രാഹുൽ ഗാന്ധി, ഇപ്പോൾ ചില്ലറ തർക്കങ്ങൾ മുൻനിർത്തി മുന്നണിയുടെ വിശാല ലക്ഷ്യങ്ങൾ ബലി കൊടുക്കുന്നു എന്ന് തന്നെ പറയേണ്ടിവരും. ഭരണഘടനാ സംരക്ഷണം, ഫെഡറലിസം, സാമ്പത്തിക നീതി, സാമൂഹിക നീതി തുടങ്ങിയ വലിയ ആശയങ്ങൾ രാഹുൽ ഗാന്ധിയെ ആരെങ്കിലും ഓർമിപ്പിച്ചിരുന്നെങ്കിൽ എന്നേ പറയാനുള്ളൂ.