നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് എന്തുകൊണ്ട് വധശിക്ഷ?

നിയമപരമായ പശ്ചാത്തലവും കോടതി നിലപാടുകളും
നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് എന്തുകൊണ്ട് വധശിക്ഷ?
Published on
Updated on

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷയാണ് പാലക്കാട് അഡീഷനൽ ജില്ലാ സെഷൻസ് കോടതി വിധിച്ചിട്ടുള്ളത്. ചെന്താമരയുടെ സൈക്കോളജി, സൈക്യാട്രി റിപ്പോർട്ടുകൾ ശരിവച്ചാണ് പാലക്കാട് അഡീഷനൽ ജില്ലാ സെഷൻസ് കോടതിയുടെ വിധിയെത്തിയത്. പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ബാക്കിയുള്ളവരുടെ ജീവനു കൂടി ഭീഷണിയാകുന്ന പ്രതിക്കു പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. കൊലപാതകം നടന്ന് ഒന്നരവർഷത്തിനു ശേഷമാണ് കേസിൽ വിധി വരുന്നത്. കേരളത്തിൽ വധശിക്ഷക്ക് വിധിക്കപ്പെടുന്നത് അപൂർവമാണ്.1991ൽ 14പേരെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ റിപ്പർ ചന്ദ്രനെ തൂക്കിലേറ്റിയതാണ് കേരളത്തിൽ നടന്ന ഒടുവിലത്തെ വധശിക്ഷ. കീഴ്‌കോടതികളിലെ വധശിക്ഷകൾ ജീവപര്യന്തമായി പലപ്പോഴും ചുരുക്കപ്പെടാറുണ്ട്.

എന്തുകൊണ്ട് വധശിക്ഷ?

''എല്ലാ കുറ്റവാളികൾക്കും ഭാവിയുണ്ട്. എല്ലാ വിശുദ്ധർക്കും ഭൂതകാലമുണ്ട്.. '' വിധി പ്രസ്താവിക്കവേ പാലക്കാട് അഡീഷനൽ ജില്ലാ സെഷൻസ് കോടതി നിരീക്ഷിച്ചു. പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര കൊലപ്പെടുത്തിയത് 2025 ജനുവരി 27ന് ആയിരുന്നു. സുധാകരൻ്റെ ഭാര്യയായ സജിതയെ വധിച്ചതിൽ ചെന്താമരയ്ക്ക് പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു ഇരട്ടക്കൊലപാതകം എന്നത് പരമാവധി ശിക്ഷയിലേക്ക് വഴിതുറന്നു.

ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ ഏറ്റവും കടുത്ത ശിക്ഷയായ വധശിക്ഷയുമായി ബന്ധപ്പെട്ട ചർച്ചകൾ എക്കാലത്തും നിയമപരവും സാമൂഹികവുമായ വലിയ പ്രാധാന്യമുള്ള ഒന്നാണ്. കേരളത്തിലിതുവരെ 26 പേരെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് 1958ലാണ് ആദ്യമായി വധശിക്ഷ നടപ്പാക്കുന്നത്. 1960മുതൽ 1963 കാലഘട്ടത്തിൽ അഞ്ച് പേരെയാണ് തൂക്കിലേറ്റി. കേരളത്തിലെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഏറ്റവും ഉയർന്ന നിരക്കായിരുന്നു അത്. 1967 മുതൽ 1972വരെയുള്ള കാലഘട്ടത്തിൽ മൂന്ന് വധശിക്ഷയും നടപ്പാക്കിയിട്ടുണ്ട്. കേരളത്തിൽ ഏറ്റവും അവസാനമായി വധശിക്ഷ നടപ്പാക്കിയത് 1991ലാണ്. 14പേരെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ റിപ്പർ ചന്ദ്രനെയാണ് കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റിയത്.. ശേഷം മൂപ്പത് വർഷത്തിലധികമായിട്ട് കേരളത്തിൽ വധശിക്ഷ നടന്നിട്ടില്ല... നിലവിൽ സംസ്ഥാനത്ത് 40 പേരാണ് വിവിധ ജയിലുകളിലായി വധശിക്ഷ കാത്ത് കിടക്കുന്നത്.

നിയമപരമായ പശ്ചാത്തലവും കോടതി നിലപാടുകളും

കൊടും കുറ്റകൃത്യങ്ങളിൽ വിചാരണ കോടതികൾ വധശിക്ഷ വിധിക്കാറുണ്ടെങ്കിലും, അപ്പീൽ ഘട്ടത്തിൽ ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും കൃത്യമായ പരിശോധനകൾക്ക് ശേഷമേ അന്തിമ തീരുമാനമുണ്ടാകാറുള്ളൂ. രാജ്യത്ത് വധശിക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സുപ്രധാനമായ ചില മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. 1980-ലെ 'ബച്ചൻ സിംഗ് വേഴ്‌സസ് സ്റ്റേറ്റ് ഓഫ് പഞ്ചാബ്' കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ചരിത്രപരമായ വിധി പ്രകാരം, ഏറ്റവും 'അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസുകളിൽ' മാത്രമേ വധശിക്ഷ വിധിക്കാവൂ. ജീവപര്യന്തം തടവ് പൂർണ്ണമായും അപര്യാപ്തമാണെന്ന് ബോധ്യപ്പെടുമ്പോൾ മാത്രമേ ഈ കടുത്ത ശിക്ഷയിലേക്ക് കോടതികൾ കടക്കാറുള്ളൂ. കൂടാതെ, 2015-ൽ ഇന്ത്യയുടെ ലോ കമ്മീഷൻ സമർപ്പിച്ച 262-ാമത് റിപ്പോർട്ടും ഭീകരവാദക്കേസുകൾ ഒഴികെയുള്ള കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ ഒഴിവാക്കണമെന്ന് ശുപാർശ ചെയ്തിട്ടുണ്ട്.

വധശിക്ഷയിൽ ഇളവ് കിട്ടുമോ?

തെളിവുകളുടെ പൂർണ്ണത, കേസിൻ്റെ സ്വഭാവം, പ്രതിയുടെ മാനസികാവസ്ഥ, മുൻകാല പശ്ചാത്തലം എന്നിവ ഹൈക്കോടതി വീണ്ടും സ്വതന്ത്രമായി പരിശോധിക്കുകയും വേണമെങ്കിൽ ശിക്ഷയിൽ ഇളവ് വരുത്തുകയും ചെയ്യാം. ഹൈക്കോടതി വിധി സ്ഥിരീകരിച്ചാലും പ്രതിക്ക് ഭരണഘടനയുടെ ആർട്ടിക്കിൾ 136 പ്രകാരം സുപ്രീം കോടതിയിൽ അപ്പീൽ നൽകാം..സുപ്രീംകോടതി ഹർജി റദ്ദാക്കിയാലും രാഷ്ട്രപതിയ്ക്ക് മുൻപിൽ ദയാഹർജി നൽകാനും പ്രതിയ്ക്ക് അവസരമുണ്ട്...പല കേസുകളിലും തെളിവുകളുടെ അഭാവം അല്ലെങ്കിൽ സാങ്കേതികപരമായ അപര്യാപ്തതകൾ ചൂണ്ടിക്കാട്ടി സുപ്രീം കോടതി വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം തടവായി ചുരുക്കാറുണ്ട്.

കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച പല കേസുകളിലും വിചാരണ കോടതി വിധിച്ച വധശിക്ഷ ഉയർന്ന കോടതികളിൽ എത്തിയപ്പോൾ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഉദാഹരണത്തിന്, സൗമ്യ വധക്കേസിൽ വിചാരണ കോടതിയും ഹൈക്കോടതിയും വധശിക്ഷ വിധിച്ചിരുന്നെങ്കിലും, സുപ്രീം കോടതി കൊലപാതക കുറ്റം തെളിയിക്കുന്നതിൽ സാങ്കേതികമായ അപര്യാപ്തതകൾ ചൂണ്ടിക്കാട്ടി വധശിക്ഷ ഒഴിവാക്കുകയായിരുന്നു... സമാനമായി മാള ഇരട്ടക്കൊലപാതകം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതി ജയാനന്ദന്റെ ശിക്ഷയും കേരള ഹൈക്കോടതി ജീവപര്യന്തമാക്കി ഇളവ് ചെയ്തു.....പാറശ്ശാല ഷാരോൺ വധകേസിൽ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വിധിച്ച വധശിക്ഷ ഉൾപ്പെടെ ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

തൂക്കുകയറിനിരയായവർ എത്ര പേർ

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇതുവരെ നടപ്പിലാക്കിയ വധശിക്ഷകളുടെ കൃത്യമായ എണ്ണത്തെക്കുറിച്ച് ഔദ്യോഗിക കണക്കുകളും മനുഷ്യാവകാശ സംഘടനകളുടെ പഠനങ്ങളും തമ്മിൽ വ്യത്യാസങ്ങളുണ്ട്. ഗവൺമെൻ്റ് കണക്കുകൾ പ്രകാരം സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിൽ 57 പേരുടെ വധശിക്ഷ മാത്രമാണ് നടപ്പാക്കിയിട്ടുള്ളത് എന്നാണ് ഔദ്യോഗിക ഔദ്യോഗിക വിവരം. മറ്റ് പഠനങ്ങൾ പ്രകാരം അതായത് നാഷണൽ ലോ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള 'പ്രൊജക്റ്റ് 39എ പോലുള്ള സംഘടനകൾ വിവരാവകാശ നിയമപ്രകാരം ശേഖരിച്ച കണക്കുകൾ വെളിപ്പെടുത്തുന്നത്, സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിൽ 752 വധശിക്ഷകൾ നടന്നുവെന്നാണ്.

കൃത്യമായ പഴയകാല റെക്കോർഡുകളുടെ അഭാവം മൂലം യഥാർത്ഥ സംഖ്യ ഇതിലും ഉയർന്നതായിരിക്കാൻ സാധ്യതയുണ്ടെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. സമീപകാല വാർഷിക കണക്കുകൾ പരിശോധിക്കുമ്പോൾ, 2015-ന് ശേഷം ഇന്ത്യയിൽ വധശിക്ഷ നടപ്പിലാക്കുന്നത് വളരെ അപൂർവ്വമായി മാറിയിട്ടുണ്ട്. 2020-ൽ നിർഭയ കേസ് പ്രതികളുടെ വധശിക്ഷയാണ് രാജ്യത്ത് അവസാനമായി നടപ്പിലാക്കിയത്... വധശിക്ഷ കാത്തു കഴിയുന്നവർ പ്രൊജക്ട് 39 എ-യുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം വിവിധ ജയിലുകളിലായി ആകെ 574 തടവുകാരാണ് വധശിക്ഷ കാത്ത് കഴിയുന്നത്. 2016-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.. ഇതിൽ ഏറ്റവും കൂടുതൽ ഉത്തർപ്രദേശിലാണ്, 151പേർ.

അഭിമാനത്തോടെ മരിക്കണോ...?

ഇന്ത്യയിൽ ഏറ്റവും ഉയർന്ന ശിക്ഷയാണ് വധശിക്ഷ. കുറ്റവാളിയെ കഴുത്തിൽ കയർ കെട്ടിത്തൂക്കിയാണ് ഇത് നടപ്പാക്കുന്നത്. ഭീകരവാദം, കൊലപാതകം തുടങ്ങിയ ഹീനമായ കുറ്റകൃത്യങ്ങൾ ചെയ്തവർക്കാണ് ഈ ശിക്ഷ നൽകുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം വധശിക്ഷ നൽകാം. തൂക്കിക്കൊലയ്ക്കു പകരം വിഷം കുത്തിവച്ചുള്ള വധശിക്ഷാ രീതി നടപ്പാക്കണമെന്നും, ഇവയിൽ ഏതാണു വേണ്ടതെന്നു തെരഞ്ഞെടുക്കാനുള്ള അവസരം ശിക്ഷിക്കപ്പെടുന്നയാൾക്കു നൽകണമെന്ന് ആവശ്യപ്പെട്ട പൊതുതാൽപര്യ ഹർജി സുപ്രീംകോടതി പരിഗണിച്ചിരുന്നു.

തൂക്കിക്കൊലയ്ക്ക് പകരമായി വിഷം കുത്തിവയ്ക്കൽ പോലുള്ള മറ്റ് രീതികൾ നടപ്പിലാക്കുന്നതും, കുറ്റവാളിക്ക് ശിക്ഷാ രീതി തെരഞ്ഞെടുക്കാൻ അവസരം നൽകുന്നതും എളുപ്പത്തിൽ സാധ്യമായ കാര്യമല്ലെന്നും അതൊരു നയപരമായ തീരുമാനമാണെന്നുമാണ് വിഷയത്തിൽ കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്. ഇതിന് ശേഷം കേസിൽ കാലാനുസൃതമായി ശാസ്ത്രീയമായ മാറ്റങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും, തൂക്കിക്കൊല വളരെ പഴക്കം ചെന്നതും വേദനയേറിയതുമായ രീതിയാണെന്നും കോടതി വാക്കാൽ നിരീക്ഷിച്ചിരുന്നു. വാദം പൂർത്തിയാക്കി കേസ് വിധി പറയാനായി മാറ്റിയിരിക്കുകയാണ്. മറ്റ് രാജ്യങ്ങളിലെ മാതൃകകളും ശാസ്ത്രീയ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കും കോടതി ഇക്കാര്യത്തിൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുക.

News Malayalam 24x7
newsmalayalam.com