SPOTLIGHT | കൗമാര രാഷ്ട്രീയത്തിന് വിലങ്ങുവീഴുമോ ?

ജനാധിപത്യത്തിൻ്റെ നാവരിയാനും കലാലയ രാഷ്ട്രീയത്തിന് വിലങ്ങിടാനും ഉള്ള ബോധപൂർവമായ അടിച്ചമർത്തൽ തന്ത്രമാണ് കലാലയ രാഷ്ട്രീയ നിരോധന നീക്കമെന്ന് വിമർശനമുയരുന്ന പശ്ചാത്തലം തന്നെയാണ് സ്​പോട്ട്ലൈറ്റ് വിഷയമാക്കുന്നത്.
SPOTLIGHT | കൗമാര രാഷ്ട്രീയത്തിന് വിലങ്ങുവീഴുമോ ?
Published on
Updated on

യുവതയുടെ ഉയർന്നു കേൾക്കുന്ന ശബ്ദവും കൗമാര പ്രതിഷേധങ്ങളും എന്ത് കൊണ്ടാണ് ഭരണകൂടങ്ങളെ ഇത്രമാത്രം അസ്വസ്ഥമാക്കുന്നത് ​? കേരളത്തിലെ കാമ്പസുകളിൽ വിദ്യാർഥി രാഷ്‌ട്രീയം നിരോധിക്കാൻ സംഘടിതനീക്കം നടക്കുന്ന സമകാലീന പശ്ചാത്തലത്തിലാണ് ഈ ചോദ്യം ഉയരുന്നത്. കാമ്പസ്‌ രാഷ്‌ട്രീയത്തെക്കുറിച്ച്‌ അഭിപ്രായം സമാഹരിക്കാനാവശ്യപ്പെട്ട്‌ വൈസ്‌ ചാൻസലർമാർക്ക്‌ ഗവർണർ കത്തയച്ചിട്ടുണ്ട്. വിദ്യാർഥി സംഘടനാ പ്രതിനിധികൾ, അധ്യാപകർ, അനധ്യാപകർ തുടങ്ങിയവരിൽ നിന്ന്‌ അഭിപ്രായം ആരായാനാണ്‌ ഗവർണറുടെ നിർദേശം. ഇതിനിടെയാണ് കേരള സർവകലാശാലയുടെയും അഫിലിയേറ്റഡ് കോളേജുകളുടെയും പ്രവർത്തനങ്ങളും പഠനാന്തരീക്ഷവും നിയന്ത്രിക്കാൻ എന്ന പേരിൽ പുറത്തുവന്ന കരട് പെരുമാറ്റച്ചട്ടങ്ങൾ വിവാദമാകുന്നത്. ജനാധിപത്യത്തിൻ്റെ നാവരിയാനും കലാലയ രാഷ്ട്രീയത്തിന് വിലങ്ങിടാനും ഉള്ള ബോധപൂർവമായ അടിച്ചമർത്തൽ തന്ത്രമാണ് കലാലയ രാഷ്ട്രീയ നിരോധന നീക്കമെന്ന് വിമർശനമുയരുന്ന പശ്ചാത്തലം തന്നെയാണ് സ്​പോട്ട്ലൈറ്റ് വിഷയമാക്കുന്നത്...

കൗമാര രാഷ്ട്രീയത്തിന് വിലങ്ങു വീഴുമോ ?

വിദ്യാർഥികളുടെ സംഘടനാ പ്രവർത്തനത്തിന് കുരുക്കിട്ട് കേരള സർവകലാശാല വിദ്യാർഥി പെരുമാറ്റച്ചട്ടത്തിന്റെ കരട്‌ രേഖ തയ്യാറായിരിക്കുന്നു. കോളേജുകളിലോ സര്‍വകലാശാലാ പഠനവിഭാഗങ്ങളിലോ വിദ്യാര്‍ഥികള്‍ ഒരുതരത്തിലുമുള്ള രാഷ്ട്രീയപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടരുതെന്നാണ് ഈ കരടു രേഖയിലെ പ്രധാന നിര്‍ദേശം. രാഷ്ട്രീയാടിസ്ഥാനത്തിലുള്ള സമരങ്ങള്‍, ധര്‍ണകള്‍, ഉപരോധങ്ങള്‍ എന്നിവക്ക് വിലക്ക് വരും. രാഷ്‌ട്രീയ പ്രസംഗങ്ങൾ, ഇലക്‌ട്രോണിക്‌ ആശയവിനിമയം, സമൂഹമാധ്യമ സന്ദേശം തുടങ്ങിയവയ്ക്ക് നിരോധനമുണ്ട്. തെരഞ്ഞെടുപ്പ്‌ കമ്മീഷൻ അംഗീകരിച്ച രാഷ്‌ട്രീയ പാർട്ടിയുടെ പ്രത്യയശാസ്‌ത്രമോ ആശയങ്ങളോ നയങ്ങളോ പരിപാടിയോ പ്രചരിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ വാദിക്കുകയോ ചെയ്യുന്നത്‌ കുറ്റകരമാണ്.

പരിപാടികൾക്കായി ആളുകളെ സംഘടിപ്പിക്കുക, അംഗത്വം ചേർക്കുക, സംഭാവന തേടുക, യോഗമോ പ്രകടനമോ നടത്തുക എന്നിവ നടപടിക്ക്‌ വിധേയം. നിർദിഷ്ട ചട്ടങ്ങൾ ലംഘിക്കുന്ന വിദ്യാർഥികൾക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള കടുത്ത അച്ചടക്ക നടപടികൾ സ്വീകരിക്കാൻ സർവകലാശാലാ വകുപ്പ് മേധാവികൾക്കും അഫിലിയേറ്റഡ് കോളജ് പ്രിൻസിപ്പൽമാർക്കുമാണ് അധികാരം. ക്യാംപസുകളിൽ അക്രമസംഭവങ്ങളിൽ ഏർപ്പെടുന്ന വിദ്യാർഥികൾക്ക് ഒരു വർഷം വരെ സസ്പെൻഷൻ ലഭിക്കാം. നിയമം ലംഘിക്കുന്ന വിദ്യാർഥികൾക്ക് അയ്യായിരം രൂപയും സംഘടനകൾക്ക് പതിനായിരം രൂപയും പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്. ചട്ടലംഘനം ആവർത്തിച്ചാൽ ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കാനും കരടിൽ ശുപാർശ ചെയ്യുന്നു. കൂടാതെ ഭാരതീയ ന്യായസംഹിത, പൊതുമുതൽ നശീകരണ നിരോധന നിയമം എന്നിവ പ്രകാരം ക്രിമിനൽ നടപടികളും സ്വീകരിക്കാമെന്നതും കരട് രേഖയിലുണ്ട്.

മന്ത്രിയുടെ വാക്ക് വിശ്വസിക്കാമോ

ഇന്ന് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മണ്ഡലത്തിൽ ഉയരുന്ന ഈ കരട് രേഖയിലുള്ള ചർച്ചകൾ നിസാര വിഷയമല്ല. ചട്ടങ്ങൾ പൂർണ്ണമായും ജനാധിപത്യവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വിവിധ കോണുകളിൽനിന്ന് എതിർപ്പ് ശക്തമായെങ്കിലും, ഇത് കരട് രേഖ മാത്രമാണെന്നും അന്തിമമായി നടപ്പാക്കിയിട്ടില്ലെന്നും സർവകലാശാല അധികൃതർ വ്യക്തമാക്കുന്നു. കാമ്പസ് രാഷ്ട്രീയം നിരോധിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണും വ്യക്തമാക്കുമ്പോഴും, സിൻഡിക്കേറ്റ് ഉപസമിതി തയ്യാറാക്കിയ കരട് രേഖ ഉയർത്തുന്ന ആശങ്ക ചെറുതല്ല. 2018 ജൂലൈ 2ന് മഹാരാജാസ് കോളജിൽ അഭിമന്യുവിന്റെ കൊലപാതകത്തിനു പിന്നാലെ ക്യാംപസ് രാഷ്ട്രീയത്തിലെ അക്രമസ്വഭാവത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിയമ നടപടിയെത്തുടർന്ന്, കലാലയങ്ങളിലെ രാഷ്ട്രീയ ഇടപെടലുകൾ നിയന്ത്രിക്കാനായി വ്യക്തമായ ചട്ടങ്ങൾ രൂപീകരിക്കണമെന്ന് ഹൈകോടതി, കേരള, കാലിക്കറ്റ്, എംജി സർവകലാശാലകൾക്കു നിർദേശം നൽകിയിരുന്നു. അന്ന് എംജി തയ്യാറാക്കിയ കരട് രേഖയാണ് ഇപ്പോൾ അതേപടി കേരള സർവകലാശാലയും സ്വീകരിച്ചതെന്ന വിശദീകരണവും പുറത്തുവരുന്നുണ്ട്.

ചരിത്രപരമായ പശ്ചാത്തലം

1960കൾ മുതൽ 1980കളുടെ തുടക്കം വരെ കേരളത്തിൽ കാമ്പസ് രാഷ്ട്രീയം എതിർക്കപ്പെട്ടിരുന്നില്ല. കാരണം, അവിടെ ആശയങ്ങളുടെ വീറുറ്റ പോരാട്ടം നടന്നിരുന്നു എന്നത് തന്നെ. ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെയും വിയറ്റ്‌നാം ജനതയുടെ മോചനത്തിനു വേണ്ടിയും കോളേജുകൾ വിറകൊണ്ടിരുന്നു എന്നത് ചരിത്രമാണ്. സാമൂഹിക നീതിയുടെയും തുല്യതയുടെയും കേരള മോഡൽ കെട്ടിപ്പടുക്കുന്നതിൽ ജനാധിപത്യ ബഹുജന പ്രസ്ഥാനങ്ങളോടൊപ്പം വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ വഹിച്ച പങ്ക് ചെറുതല്ല. അർത്ഥവത്തായ രാഷ്ട്രീയ പ്രവണതകൾക്ക് പകരം വിഭാഗീയമായ കക്ഷിരാഷ്ട്രീയവും, ന്യായമായ അവകാശസമരങ്ങൾ പോലും ഇടയ്ക്ക് അക്രമത്തിലേക്കും ഗുണ്ടായിസത്തിലേക്കും വഴിമാറിയപ്പോൾ പിന്നീട് സമൂഹത്തിൽ എതിർപ്പുകൾ രൂപപ്പെട്ടു എന്നത് വാസ്തവം.

ഈ ദൗർഭാഗ്യകരമായ വ്യതിചലനങ്ങളെ മുൻനിർത്തിയാണ് ചില ഹൈക്കോടതി വിധികളും മാനേജ്മെന്റുകളുടെ വിലക്കുകളും രൂപപ്പെട്ടത്. 2020ൽ ലോക്ക്ഡൗൺ കാലത്ത് ഓർഡിനൻസ് ചർച്ചകൾ വന്നപ്പോഴും, പിന്നീട് സിൻഡിക്കേറ്റ് ഉപസമിതികൾ എം.ജി. സർവകലാശാലയുടെ 2005ലെ കരടു മാതൃകകൾ പൊടിതട്ടിയെടുത്തു കൊണ്ടുവരുമ്പോഴും ഭരണ-പ്രതിപക്ഷ ഭേദമന്യേ ഉണ്ടാകുന്ന പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്, കാമ്പസ് രാഷ്ട്രീയത്തോട് മുഖംതിരിച്ച് ഒരു സർവകലാശാലയ്ക്കും മുന്നോട്ട് പോകാനാകില്ല എന്നതു തന്നെയാണ്. 18 വയസ്സുള്ള ഒരു പൗരന് രാജ്യത്തിന്റെ ഭരണം തീരുമാനിക്കാൻ വോട്ടവകാശമുണ്ടെങ്കിൽ, അതേ പൗരന് താൻ പഠിക്കുന്ന സ്ഥാപനത്തിലെ ജനാധിപത്യ അവകാശങ്ങൾ വിനിയോഗിക്കാൻ എന്ത് അർഹതയില്ലായ്മയാണ് ഉള്ളത്?

കേരള ഹൈക്കോടതിയുടെ മുൻ ഇടപെടലുകൾ

കാമ്പസ് രാഷ്ട്രീയത്തെക്കുറിച്ച് കേരള ഹൈക്കോടതി പലതവണ ഇടപെട്ടിട്ടുണ്ട്. ക്ലാസ് സമയത്തെ അതിക്രമങ്ങളും പഠനമുടക്കവും ചൂണ്ടിക്കാട്ടി 2003ലും 2006ലും ഡിവിഷൻ ബെഞ്ചുകൾ കാമ്പസിനകത്ത് രാഷ്ട്രീയ പ്രവർത്തനങ്ങൾ നിരോധിക്കാൻ സ്വകാര്യ കോളേജ് മാനേജ്മെൻ്റുകൾക്ക് അവകാശമുണ്ടെന്ന് വിധിച്ചു. അതോടൊപ്പം സർക്കാരിനോടും സർവകലാശാലകളോടും സർക്കാർ കോളേജുകളിലും ഇതേപോലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിർദേശം നൽകി. സമരം, ധർണ, ഗെറാവോ തുടങ്ങിയവ അനുവദിക്കരുതെന്നും ആവർത്തിച്ചു പറഞ്ഞു.

എന്നാൽ ഈ ഉത്തരവുകൾ പൂർണ്ണമായി നടപ്പായില്ല. രാഷ്ട്രീയ പാർട്ടികളും വിദ്യാർഥി സംഘടനകളും ശക്തമായി എതിർത്തു. സർക്കാരുകളും സർക്കാർ കോളേജുകളിൽ കർശനമായി നടപ്പാക്കാൻ തയ്യാറായില്ല. അതുകൊണ്ട് പൂർണ നിരോധനത്തിന് പകരം, സുപ്രീം കോടതി അംഗീകരിച്ച ലിങ്ഡോ മാനദണ്ഡങ്ങൾ പ്രകാരം നിയന്ത്രിത തിരഞ്ഞെടുപ്പുകൾ നടത്താൻ തുടങ്ങി. കേരളത്തിൽ എം.ജി, കാലിക്കറ്റ് സർവകലാശാലകളിലും ഇത് പാലിക്കുന്നു. ഇപ്പോഴും സർവകലാശാലകൾ കാമ്പസ് രാഷ്ട്രീയം പൂർണമായി നിരോധിക്കുന്നതിന് പകരം, ക്ലാസ് സമയത്തെ സമരങ്ങളും അതിക്രമങ്ങളും തടയാൻ പ്രത്യേക പെരുമാറ്റച്ചട്ടങ്ങൾ നടപ്പിലാക്കുകയാണ് ചെയ്യുന്നത്.

ലിങ്ഡോ കമീഷൻ പറഞ്ഞത്

യു.ജി വിഭാഗത്തിന് 17 മുതൽ 22 വയസ്സ്, പി.ജിക്ക് 24 മുതൽ 25, റിസർച്ചിന് പരമാവധി 28 വയസ്സ് എന്നിങ്ങനെയാണ് ലിങ്ഡോ കമ്മീഷൻ നിശ്ചയിച്ച പ്രായപരിധി. 75 ശതമാനം ഹാജറും അരിയറില്ലാത്ത ജയവും ഒരു തവണ മാത്രം മത്സരവും ക്രിമിനൽ-അച്ചടക്ക പശ്ചാത്തലമില്ലായ്മയും സ്ഥാനാർഥികളാകാനുള്ള അക്കാദമിക യോഗ്യതയായി വന്നു. പാർട്ടി ഫണ്ട്, പ്രിന്റഡ് പോസ്റ്റർ, ലൗഡ് സ്പീക്കർ തുടങ്ങിയവ വിലക്കി. ക്ലാസ് സമയത്ത് പഠനം തടസ്സപ്പെടുത്തരുത്, വ്യക്തിയാക്രമണവും വർഗീയതയും ഒഴിവാക്കുക, ലംഘിച്ചാൽ അയോഗ്യത കൽപ്പിക്കുക, പ്രിൻസിപ്പലും അധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന ഗ്രീവൻസ് റിഡ്രസൽ സെൽ മുഖേന പരാതി പരിഹരിക്കുക എന്നിവയാണ് ലിങ്ഡോ മാനദണ്ഡങ്ങളുടെ കാതൽ. ലിങ്ഡോ മാനദണ്ഡങ്ങൾ നടപ്പിലാക്കി ജനാധിപത്യപരമായ യൂണിയൻ തിരഞ്ഞെടുപ്പുകൾ നടത്താൻ വഴിയുള്ളപ്പോൾ, കാമ്പസ് രാഷ്ട്രീയം പൂർണ്ണമായി നിരോധിക്കണമെന്ന വാശി എന്തിൻ്റെ പുറത്താണ് എന്ന ചോദ്യമാണ് ഉയരുന്നത്.

വിലങ്ങിടാത്ത യുവത്വത്തിനായി

ജാതി-മത ശക്തികളുടെയും സ്വകാര്യവത്കരണ നയങ്ങളുടെയും കടന്നുകയറ്റങ്ങൾക്കെതിരെ യുവത്വം വിചാരശാലകളായി മാറേണ്ടതുണ്ട്. അതിന് വിദ്യാർഥി രാഷ്ട്രീയത്തി​ൻ്റെ , ഭരണഘടനാനുസൃതമായ അവകാശബോധത്തെ അംഗീകരിക്കാൻ ഭരണകൂടവും ഗവർണറും തയ്യാറാകണം. വിലക്കുകളാൽ തളച്ചിടപ്പെടാനുള്ളതല്ല, യുവത്വം. ക്ലാസ് മുറികൾ ജ്ഞാനത്തിൻ്റെ തടവറകളായി മാറുകയും, ചോദ്യങ്ങൾ ചോദിക്കാൻ പഠിക്കേണ്ട തലച്ചോറുകൾ അനുസരണയുടെ പാഠങ്ങൾ മാ​ത്രം മനഃപാഠമാക്കുകയും ചെയ്യുമ്പോൾ- അവിടെ നാം എന്ത് തരം ഭാവിയാണ് നിർമിച്ചെടുക്കുന്നത്? കേരളത്തിലെ കലാലയങ്ങളിൽ രാഷ്ട്രീയ നിരോധനത്തിന്റെ കരിനിഴൽ വീഴ്ത്താൻ വീണ്ടും അരങ്ങൊരുക്കുമ്പോൾ, ചോദിക്കേണ്ടത് ഒന്നേയുള്ളൂ: കാമ്പസുകളിലെ ചോദ്യങ്ങളു​ടെ നാവരിയാനാണോ നിങ്ങൾ ശ്രമിക്കുന്നത്?

News Malayalam 24x7
newsmalayalam.com