ശിവസേനയില്‍ ചരിത്രം വീണ്ടും ആവര്‍ത്തിക്കുമോ?

പതിനാറോളം എംഎല്‍എമാരും 6 എംപിമാരും പാര്‍ട്ടി വിടാന്‍ ഒരുങ്ങുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍
ശിവസേനയില്‍ ചരിത്രം വീണ്ടും ആവര്‍ത്തിക്കുമോ?
Published on
Updated on

തൃണമൂല്‍ കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടായി വലിയൊരു വിഭാഗം എംഎല്‍എമാരും എംപിമാരും പാര്‍ട്ടി വിട്ടതിൻ്റെ അലയൊലികള്‍ അടങ്ങുന്നതിന് മുമ്പേ മഹാരാഷ്ട്രയിലും മറ്റൊരു രാഷ്ട്രീയ നാടകം അരങ്ങേറുകയാണ്. 2022-ല്‍ ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ എംഎല്‍എമാര്‍ കൂട്ടത്തോടെ വിമതരായതിന് സമാനമായി, ഇപ്പോള്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന യുബിടി വിഭാഗത്തിലെ ലോക്സഭാ എംപിമാരും മറുകണ്ടം ചാടുകയാണ്. വിമതരെ എന്‍ഡിഎയിലെത്തിച്ച് ലോക്സഭയില്‍ അംഗബലം വര്‍ധിപ്പിക്കാനും അതുവഴി വരുന്ന വര്‍ഷകാല സമ്മേളനത്തില്‍ ലോകസഭയില്‍ ബില്ലുകള്‍ അവതരിപ്പിച്ചെടുക്കാനുള്ള ബിജെപിയുടെ തന്ത്രമാണ് ഈ കൂറുമാറ്റ നാടകങ്ങള്‍ക്ക് പിന്നില്‍. അതേസമയം, താക്കറെ കുടുംബത്തിന്റെ കൈകളില്‍ നിന്ന് പാര്‍ട്ടിയുടെ അവശേഷിക്കുന്ന സ്വാധീനം കൂടി വഴുതിപ്പോകുന്നതിന്റെ സൂചനകളാണ് ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും പുറത്തുവരുന്നത്.

ശിവസേനയില്‍ ചരിത്രം വീണ്ടും ആവര്‍ത്തിക്കുമോ?

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന യുബിടി വിഭാഗം വീണ്ടുമൊരു പിളര്‍പ്പിനെ അഭിമുഖീകരിക്കുകയാണ്.പതിനാറോളം എംഎല്‍എമാരും 6 എംപിമാരും പാര്‍ട്ടി വിടാന്‍ ഒരുങ്ങുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 2022-ലെ വിമതനീക്കത്തിന് ശേഷം ഉദ്ധവിന് ഏല്‍ക്കുന്ന വലിയ തിരിച്ചടിയാകും ഇത്. 2022-ല്‍ എംഎല്‍എമാരെ ഉപയോഗിച്ച് പാര്‍ട്ടിയെ പിളര്‍ത്തിയതിന് സമാനമായി, ഇപ്പോള്‍ എംപിമാരെ ഒപ്പം കൂട്ടി ഉദ്ധവിനെ പൂർണമായും ഒറ്റപ്പെടുത്താനുള്ള അവസാനഘട്ട തന്ത്രങ്ങളാണ് ഷിന്‍ഡെ വിഭാഗം ഡല്‍ഹി കേന്ദ്രീകരിച്ച് പയറ്റുന്നത്. ഉദ്ധവ് പക്ഷത്തെ 9 ലോക്സഭാ എംപിമാരില്‍ ആറുപേര്‍ ചേര്‍ന്ന് ലോക്സഭയില്‍ പ്രത്യേക ബ്ലോക്ക് രൂപീകരിക്കുകയും, ഇതിനുള്ള കത്ത് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കൈമാറുകയും ചെയ്തു. ശിവസേനയുടെ സ്ഥാപക ദിനമായ ജൂണ്‍ 19-ന് ഇവര്‍ ഔദ്യോഗികമായി ഷിന്‍ഡെ വിഭാഗത്തില്‍ ചേര്‍ന്നേക്കും. പ്രതിസന്ധി രൂക്ഷമായതോടെ, വ്യാഴാഴ്ച ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്തിട്ടുള്ള പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കാന്‍ എല്ലാ എംപിമാര്‍ക്കും ഉദ്ധവ് വിഭാഗം കര്‍ശന വിപ്പ് നല്‍കിയിട്ടുണ്ട്. വിമതരുടെ പ്രത്യേക ഗ്രൂപ്പിനെ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ഉദ്ധവിന്റെ വിശ്വസ്തനായ എം.പി അരവിന്ദ് സാവന്ത് സ്പീക്കര്‍ക്ക് ഔദ്യോഗികമായി കത്ത് നല്‍കി.

ബിജെപിയുടെ പാര്‍ട്ടി പൊളിക്കല്‍ രാഷ്ട്രീയം

തൃണമൂല്‍ കോണ്‍ഗ്രസിലെ 20 വിമത എംപിമാരെയും ശിവസേനയിലെ 6 എംപിമാരെയും എന്‍ഡിഎയിലെത്തിച്ച് ലോക്സഭയില്‍ അംഗബലം വര്‍ധിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. നിലവില്‍ 293 എംപിമാരാണ് എന്‍ഡിഎയുടെ ഭാഗമായുള്ളത്. തൃണമൂലിന്റെ 20 വിമത എംപിമാര്‍ എന്‍ഡിഎയുടെ ഭാഗമാകുന്നതോടെ അംഗസംഖ്യ 313 ആയി ഉയരും. ഉദ്ധവ് വിഭാഗത്തില്‍ നിന്ന് ആറു പേരുകൂടി എത്തിയാല്‍ എന്‍ഡിഎയുടെ അംഗബലം 319 ആയി ഉയരും. സ്വതന്ത്രരും ചെറുപാര്‍ട്ടികളും ഉള്‍പ്പെടെ 10 എംപിമാരുടെ പിന്തുണയും എന്‍ഡിഎ ഉറപ്പുവരുത്തിയിട്ടുണ്ട്. ഇന്ത്യ സഖ്യത്തിലുണ്ടായിരുന്ന തമിഴ്നാട്ടിലെ ഡിഎംകെയുടെ പിന്തുണയ്ക്കായും ബിജെപി ശ്രമം തുടങ്ങിയിട്ടുണ്ട്. 22 എംപിമാരാണ് ഡിഎംകെയ്ക്കുള്ളത്. ഇവരുടെ പിന്തുണ ഉറപ്പിച്ചാല്‍ പല പ്രധാനപ്പെട്ട ബില്ലുകളും പാസാക്കിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് എളുപ്പമാകും. വരുന്ന വര്‍ഷകാല സമ്മേളനത്തില്‍ വനിതാ സംവരണ ഭേദഗതി ബില്ല് വീണ്ടും അവതരിപ്പിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ പയറ്റുന്നത്. പ്രതിപക്ഷ പാര്‍ട്ടികളെ ഭിന്നിപ്പിക്കാനും ജനാധിപത്യ മൂല്യങ്ങളെ തകര്‍ക്കാനുമാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വരാനിരിക്കുന്ന പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇതിനായി ചരടുവലികള്‍ നടത്തുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി.

കുതിരക്കച്ചവടത്തിന് പിന്നില്‍ ഏകനാഥ് ഷിന്‍ഡെയെന്ന്

ഓപറേഷന്‍ ടൈഗര്‍ എന്ന പേരിലാണ് ഏകനാഥ് ഷിന്‍ഡേ വിഭാഗം ശിവസേന ഉദ്ധവ് പക്ഷത്തുള്ള ജനപ്രതിനിധികളെ സ്വന്തം പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ നീക്കം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉദ്ധവ് ക്യാംപില്‍ നിന്നും വിമതരായി വരുന്നവരെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന സൂചനയുമായി ഏകനാഥ് ഷിന്‍ഡെ വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ഉദ്ധവ് പക്ഷത്തെ എം.പിമാര്‍ക്ക് 15 കോടി രൂപ വീതം അഡ്വാന്‍സ് നല്‍കിയാണ് വിലക്കെടുക്കുന്നതെന്ന് മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്ത് ആരോപിച്ചു. ശിവസേന യുബിടി എംപിമാരെല്ലാം ഏകനാഥ് ഷിന്‍ഡേയുമായി സമ്പര്‍ക്കത്തിലാണെന്ന് കേന്ദ്രമന്ത്രിയും ശിവസേന നേതാവുമായ പ്രതാപ് ജാദവ് അവകാശപ്പെട്ടതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് കരുത്തേറിയത്. താക്കറെ പക്ഷത്തെ ചില എംപിമാര്‍ രഹസ്യ യോഗങ്ങള്‍ ചേര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രചാരണങ്ങള്‍ ശക്തമാണെങ്കിലും മറ്റ് പാര്‍ട്ടികളെ പിളര്‍ത്താന്‍ തങ്ങള്‍ ശ്രമിക്കുന്നില്ലെന്നാണ് ഏകനാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള ശിവസേന വ്യക്തമാക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ ഭിന്നത രൂക്ഷമാണെന്ന സൂചനകള്‍ക്കിടെ നിര്‍ണായക നീക്കങ്ങള്‍ക്കായി നേതാക്കള്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. എംപിമാരെ അനുനയിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ഉദ്ധവ് താക്കറെയും മുതിര്‍ന്ന നേതാക്കളും.

ശിവസേനയുടെ ചരിത്രവും പിളര്‍പ്പുകളും

മഹാരാഷ്ട്രയില്‍ ചോദ്യം ചെയ്യപ്പെടാനാവാത്ത അനുചര വൃന്ദത്തെ സൃഷ്ടിച്ച പാര്‍ട്ടിയായിരുന്നു ശിവസേന. 1966 ജൂണ്‍ 19-ന് കാര്‍ട്ടൂണിസ്റ്റായ ബാല്‍ താക്കറെയാണ് ശിവസേനയ്ക്ക് രൂപം നല്‍കുന്നത്. മുംബൈയിലെയും മഹാരാഷ്ട്രയിലെയും തൊഴിലവസരങ്ങളില്‍ തദ്ദേശീയരായ 'മറാഠി കള്‍ക്ക്' മുന്‍ഗണന നല്‍കണം എന്നതായിരുന്നു ആദ്യകാലത്തെ പ്രധാന അജണ്ട. ദക്ഷിണേന്ത്യക്കാര്‍ക്കും പിന്നീട് ഗുജറാത്തികള്‍ക്കും എതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചാണ് പാര്‍ട്ടി വളര്‍ന്നത്.1980-കളുടെ അവസാനത്തോടെ പാര്‍ട്ടി തങ്ങളുടെ പ്രത്യയശാസ്ത്രം മറാഠി പ്രാദേശികവാദത്തില്‍ നിന്ന് 'ഹിന്ദുത്വ'ത്തിലേക്ക് മാറ്റി. തുടര്‍ന്ന് ബിജെപിയുമായി സഖ്യത്തിലായി. 1995-ല്‍ ബിജെപി-ശിവസേന സഖ്യം മഹാരാഷ്ട്രയില്‍ ആദ്യമായി അധികാരത്തിലെത്തി. ബാല്‍ താക്കറെ എന്ന ആജ്ഞാശക്തിയുള്ള നേതാവിന്റെ കീഴില്‍ തികഞ്ഞ അച്ചടക്കമുള്ള ഒരു കേഡര്‍ പാര്‍ട്ടിയായിരുന്നു ശിവസേന.

2019ലെ വഴിത്തിരിവും 2022-ലെ പാര്‍ട്ടി കലാപവും

താക്കറെ കുടുംബത്തില്‍ നിന്നുള്ള ആദ്യത്തെ വലിയ വിള്ളല്‍ സംഭവിക്കുന്നത് 2005-ലാണ്. പാര്‍ട്ടിയുടെ നേതൃത്വം മകന്‍ ഉദ്ധവ് താക്കറെയെ ഏല്‍പ്പിക്കാനുള്ള ബാല്‍ താക്കറെയുടെ തീരുമാനം, അനന്തരവനായ രാജ് താക്കറെയുടെ പടിയിറക്കത്തിന് കാരണമായി. രാജ് താക്കറെ 'മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന' രൂപീകരിച്ചു. 2019-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി പദവിയെച്ചൊല്ലി ബിജെപിയുമായുള്ള ദീര്‍ഘകാല സഖ്യം ഉദ്ധവ് താക്കറെ ഉപേക്ഷിച്ചു. പ്രത്യയശാസ്ത്രപരമായി വ്യത്യസ്ത ധ്രുവങ്ങളിലുള്ള കോണ്‍ഗ്രസിനും എന്‍സിപിക്കുമൊപ്പം ചേര്‍ന്ന് 'മഹാ വികാസ് അഘാഡി' സര്‍ക്കാരുണ്ടാക്കുകയും ഉദ്ധവ് മുഖ്യമന്ത്രിയാകുകയും ചെയ്തു.എന്നാല്‍ 2022-ല്‍ പാര്‍ട്ടി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിട്ടു. ഹിന്ദുത്വ അജണ്ടയില്‍ നിന്ന് പാര്‍ട്ടി വ്യതിചലിച്ചു എന്ന് ആരോപിച്ച് ഏകനാഥ് ഷിന്‍ഡെയുടെനേതൃത്വത്തില്‍ ഭൂരിഭാഗം എംഎല്‍എമാരും ബിജെപി പാളയത്തിലേക്ക് കൂറുമാറി. ഉദ്ധവിന് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടു. തുടര്‍ന്ന് നടന്ന നിയമപോരാട്ടത്തിനൊടുവില്‍ 'ശിവസേന' എന്ന പേരും, പാര്‍ട്ടിയുടെ ഐതിഹാസികമായ 'അമ്പും വില്ലും' ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഷിന്‍ഡെ വിഭാഗത്തിന് നല്‍കിയതോടെ ഉദ്ധവ് താക്കറേ വിഭാഗം ദുര്‍ബലരായി.

താക്കറേ യുഗം അവസാനിക്കുന്നോ?

കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ താക്കറേ കുടുംബത്തിന്റെ പൂർണ നിയന്ത്രണത്തിലായിരുന്നു. എന്നാല്‍ സമീപകാല തെരഞ്ഞെടുപ്പുകളില്‍ ബിജെപി അവിടെ വലിയ വിജയം നേടുകയും താക്കറേ കുടുംബത്തിന് തങ്ങളുടെ ഈ പ്രധാന തട്ടകം നഷ്ടപ്പെടുകയും ചെയ്തു. 2022ലെ പിളര്‍പ്പിനെ തുടര്‍ന്ന് പേരും ഔദ്യോഗിക ചിഹ്നവും നഷ്ടപ്പെട്ടതും തിരിച്ചടിയായി. 2024-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാ വികാസ് അഘാഡി' സഖ്യത്തിന് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കാത്തതും താക്കറെ ആധിപത്യത്തിന് ക്ഷീണമായി. എന്നാല്‍ ശിവസേന യുബിടി എന്ന പേരില്‍ ഉദ്ധവ് താക്കറേയും മകന്‍ ആദിത്യ താക്കറേയും ഇപ്പോഴും ജനങ്ങള്‍ക്കിടയില്‍ സജീവമാണ്. അവര്‍ക്ക് ഇപ്പോഴും മഹാരാഷ്ട്രയിലെ ഒരു വിഭാഗം വോട്ടര്‍മാര്‍ക്കിടയില്‍ വൈകാരികമായ സ്വാധീനവുമുണ്ട്. ബാല്‍ താക്കറേയുടെ കാലത്തുണ്ടായിരുന്ന അനിഷേധ്യമായ അധികാരവും ആധിപത്യവും നിലവില്‍ താക്കറേ കുടുംബത്തിനില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. വിമത എംപിമാര്‍ പ്രത്യേക ഗ്രൂപ്പായി മാറി ഷിന്‍ഡെ വിഭാഗത്തില്‍ ലയിച്ചാല്‍, അത് ഉദ്ധവ് താക്കറെയ്ക്ക് രാഷ്ട്രീയമായി വലിയൊരു തിരിച്ചടിയാകും. സ്വന്തം അനുയായികളെ ഒപ്പം നിര്‍ത്താന്‍ കഴിയാത്ത നേതാവ് എന്ന വിമര്‍ശനം അദ്ദേഹത്തിന് വീണ്ടും നേരിടേണ്ടി വരും. തങ്ങളുടെ സ്വന്തം കോട്ടയായ മഹാരാഷ്ട്രയില്‍ താക്കറെ കുടുംബത്തിന് ഇനി എത്രത്തോളം പിടിച്ചുനില്‍ക്കാന്‍ ആകുമെന്നാണ് രാഷ്ട്രീയ ഇന്ത്യ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

News Malayalam 24x7
newsmalayalam.com