കെഎസ്ആര്‍ടിസിയെ കട്ടപ്പുറത്താക്കുമോ, വനിത സൗജന്യയാത്ര?

യുഡിഎഫ് പ്രഖ്യാപിച്ച അഞ്ച് ഗ്യാരണ്ടികളില്‍ ശ്രദ്ധേയമായ ഒന്നായിരുന്നു കെ എസ് ആര്‍ ടി സി ബസ്സിലെ സൗജന്യ യാത്ര
കെഎസ്ആര്‍ടിസിയെ കട്ടപ്പുറത്താക്കുമോ, വനിത സൗജന്യയാത്ര?
Source: News Malayalam 24x7
Published on
Updated on

മെയ് 15: ഇന്ന് മുതലാണ് സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി യാത്ര സൗജന്യമാക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ തെരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോ അവതരിപ്പിക്കവേ പ്രഖ്യാപിച്ചത്. ഇന്ദിരാ ഗ്യാരണ്ടി എന്ന പേരിലെ അഞ്ചിന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു സൗജന്യ യാത്രാ പ്രഖ്യാപനം. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഏത് കെഎസ്ആര്‍ടിസി ബസിലും ഏത് റൂട്ടില്‍ വേണമെങ്കിലും സൗജന്യമായി യാത്ര ചെയ്യാമെന്നാണ് വി.ഡി.സതീശന്‍ പറഞ്ഞത്. ഇപ്പോഴിതാ യുഡിഎഫ് അധികാരത്തില്‍ എത്തിയിരിക്കുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ ഇതേ കുറിച്ച് മിണ്ടിയിട്ടില്ലെങ്കിലും യുഡിഎഫിൻ്റെ സൗജന്യ ഗ്യാരണ്ടി പ്രതീക്ഷിക്കുന്ന സാധാരണക്കാരായ വീട്ടമ്മമാര്‍ ഏറെയാണ്. പദ്ധതി നടപ്പായാല്‍ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന കെഎസ്ആര്‍ടിസിയുടെ ഗതി എന്താകും എന്ന ആശങ്ക ഉയര്‍ന്നുകഴിഞ്ഞു.

കെഎസ്ആര്‍ടിസിയെ കട്ടപ്പുറത്താക്കുമോ, വനിത സൗജന്യയാത്ര ?

യുഡിഎഫ് പ്രഖ്യാപിച്ച അഞ്ച് ഗ്യാരണ്ടികളില്‍ ശ്രദ്ധേയമായ ഒന്നായിരുന്നു കെ എസ് ആര്‍ ടി സി ബസ്സിലെ സൗജന്യ യാത്ര. വനിതാ യാത്രക്കാരുടെ എണ്ണം ശേഖരിക്കുന്നതിൻ്റെ ഭാഗമായി കെഎസ്ആര്‍ടിസിയില്‍ ജന്‍ഡര്‍ ടിക്കറ്റുകള്‍ നടപ്പിലാക്കാന്‍ ശ്രമം നടത്തിയിരുന്നു. ടിക്കറ്റിങ് പരീക്ഷണാടിസ്ഥാനത്തില്‍ കുറച്ചുനാള്‍ നടപ്പാക്കുകയും ചെയ്തു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ പുതിയ സര്‍ക്കാര്‍ വരാത്ത സാഹചര്യത്തില്‍ ഈ നീക്കം നിർത്തി വെച്ചിരിക്കുകയാണ്. വിവരം ശേഖരിക്കുന്നതിനുള്ള സര്‍ക്കുലര്‍ ഇല്ലാത്തതിനാലുമാണ് നടപടി നിര്‍ത്തിവെച്ചത്. തുടർ നടപടികള്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ ഉണ്ടാകുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

എന്താണ് കെഎസ്ആര്‍ടിസിയുടെ അവസ്ഥ?

2026 ജനുവരിയിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിടുന്നത് കെഎസ്ആര്‍ടിസിയാണ്. ഏകദേശം 1,580 കോടി രൂപയുടെ നഷ്ടം. ഉയര്‍ന്ന ഇന്ധനച്ചെലവ്, ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ വിതരണം എന്നിവയാണ് പ്രധാന ബാധ്യതകള്‍. സംസ്ഥാനത്ത് 4500 ബസുകളിലായി 14.78 ലക്ഷം കിലോമീറ്ററാണ് ഒരു ദിവസം കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നത്. ഇതില്‍ 2047 ബസുകള്‍ 15 വര്‍ഷം കഴിഞ്ഞതിനാല്‍ പൊളിക്കേണ്ടവയാണ്. ശരാശരി 20 ലക്ഷം യാത്രക്കാരാണ് സര്‍വീസുകളെ ആശ്രയിക്കുന്നത്. 6,150 കോടിയാണ് കോര്‍പറേഷൻ്റെ സഞ്ചിത നഷ്ടം. 2024 മാര്‍ച്ച് 31ലെ കണക്കുകള്‍ പ്രകാരം ഇത് 15, 952.22 കോടിയായിരുന്നു. 1580 കോടിയില്‍ അധികമാണ് അറ്റനഷ്ടം. കെ.ബി. ഗണേഷ്‌കുമാര്‍ മന്ത്രിയായ ശേഷം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നഷ്ടത്തില്‍ കുറവുണ്ടായെങ്കിലും കോര്‍പറേഷന്‍ ഇപ്പോഴും വലിയ കടബാധ്യതയിലാണ്. നടത്തിപ്പ് ചെലവുകള്‍ വര്‍ധിച്ചതാണ് പ്രധാന കാരണം. ഡീസല്‍, ടയര്‍, സ്‌പെയര്‍പാര്‍ട്‌സുകള്‍ എന്നിവ വാങ്ങിയ ഇനത്തില്‍ വന്‍ കടം ബാക്കിയുണ്ട്. പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്ന് ഇന്ധന വില ഉയര്‍ന്നാല്‍ പ്രതിസന്ധി വര്‍ധിക്കാനാണ് സാധ്യത. ജീവനക്കാരുടെ ശമ്പളം ,പെന്‍ഷന്‍ എന്നിവയാണ് വലിയ നഷ്ടത്തിന് കാരണമാകുന്നത്. 35000 സ്ഥിരം ജീവനക്കാരും 9801 താല്‍കാലിക ജീവനക്കാരുമാണ് ഇപ്പോള്‍ കോര്‍പറേഷനില്‍ ഉള്ളത്. വാഹനങ്ങള്‍ ഓടിക്കിട്ടുന്ന വരുമാനത്തില്‍ നിന്നാണ് ശമ്പളത്തിനും പെന്‍ഷനുമായി പ്രതിമാസം 165 കോടി രൂപ കണ്ടെത്തേണ്ടത്.

അധിക ചെലവ് എത്ര വരും?

നിലവില്‍ 4500ഓളം റൂട്ടുകളിലായി സര്‍വീസ് നടത്തുന്ന ബസ് യാത്രക്കാരില്‍ 45 ശതമാനത്തോളം സ്ത്രീകളാണ്. സൗജന്യം അനുവദിച്ചാല്‍ 10 ശതമാനം വര്‍ധന പ്രതീക്ഷിക്കാം. എത്ര സ്ത്രീകള്‍ യാത്രചെയ്യുന്നു എന്നതിൻ്റെ കൃത്യമായ കണക്ക് ലഭിക്കുമ്പോഴാണ് ഈ പദ്ധതിക്ക് എത്ര കോടി വേണ്ടി വരും എന്ന് അറിയാനാകുക. പദ്ധതി നടപ്പാക്കാന്‍ പ്രതിമാസം 90 കോടി രൂപ ചെലവ് വരുമെന്നാണ് അനുമാനം. നിലവിലെ സാഹചര്യത്തില്‍ ഇതിനുപുറമേ 100 കോടി രൂപ കൂടി ലഭിച്ചാലേ സ്ഥാപനത്തിന് പിടിച്ചു നില്‍ക്കാനാകൂ. സര്‍ക്കാര്‍ സഹായമായ 80 കോടി രൂപ കൃത്യസമയത്ത് കൈമാറാത്തതിനാല്‍ എസ്ബിഐയിൽ നിന്നും മാസം 50 കോടി രൂപ ഓവര്‍ഡ്രാഫ്റ്റ് എടുത്താണ് ശമ്പളം നല്‍കുന്നത്. വലിയൊരു തുക 'വിദ്യാർഥി കണ്‍സെഷന്‍' ഇനത്തില്‍ സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുണ്ട്. വനിതാ സൗജന്യയാത്രയുടെ കാര്യത്തിലും സര്‍ക്കാര്‍ സബ്സിഡി കൃത്യസമയത്ത് നല്‍കിയില്ലെങ്കില്‍ ഡീസല്‍ അടിക്കാനും ശമ്പളം നല്‍കാനും പോലും കോര്‍പറേഷന്‍ ബുദ്ധിമുട്ടും.

അയല്‍ സംസ്ഥാനങ്ങളിലെ മാതൃകകള്‍

സൗജന്യയാത്ര നടപ്പിലാക്കിയ അയല്‍സംസ്ഥാനങ്ങളിലെ അനുഭവങ്ങള്‍ നമുക്ക് മികച്ച പാഠങ്ങളാണ്. കര്‍ണാടകയിലെ ശക്തി പദ്ധതിയുടെ കണക്കനുസരിച്ച് പ്രതിമാസം ഏകദേശം 300 കോടി രൂപയാണ് സര്‍ക്കാരിന് ചെലവ് വരുന്നത്. ഇതിനു സമാനമായ ഒരു തുക കേരള സര്‍ക്കാരിനും കണ്ടെത്തേണ്ടി വരും. തമിഴ്‌നാടില്‍ കുറഞ്ഞ ദൂര പരിധിയുള്ള സിറ്റി ബസുകളിലാണ് സൗജന്യയാത്ര ഉള്ളത്. ഡല്‍ഹിയില്‍ വനിതകള്‍ക്ക് സൗജന്യബസ് യാത്ര ഉണ്ടെങ്കിലും അത് ആധാര്‍ അടിസ്ഥാനമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.

കേരളത്തിലെ പൊതുഗതാഗതത്തിൻ്റെ സിംഹഭാഗവും കൈകാര്യം ചെയ്യുന്നത് സ്വകാര്യ ബസുകളാണ്. സ്വകാര്യ ബസ് ഉടമകള്‍ ഈ പദ്ധതിക്കെതിരെ ശക്തമായി രംഗത്തുണ്ട്. കെഎസ്ആര്‍ടിസിയുടെ സൗജന്യ വനിതാ യാത്ര നടപ്പായാല്‍ സ്വകാര്യ ബസുകള്‍ സാമ്പത്തികമായി തകരുകയും അത് ലക്ഷക്കണക്കിന് തൊഴിലാളികളെ ബാധിക്കുകയും ചെയ്യുമെന്ന് ഇവര്‍ ആശങ്കപ്പെടുന്നു. സൗജന്യ യാത്ര വരുമ്പോള്‍ യാത്രക്കാരുടെ എണ്ണം കൂടും. ഇതിനനുസരിച്ച് കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കിയില്ലെങ്കില്‍ തിരക്ക് വര്‍ധിക്കുന്നത് മറ്റ് യാത്രക്കാരെ പദ്ധതിയില്‍ നിന്ന് അകറ്റാന്‍ കാരണമാകും. കേരളത്തിൻ്റെ ഭൂപ്രകൃതിയും ഗതാഗത രീതിയും കണക്കിലെടുത്ത് സ്വകാര്യ ബസുകളെ കൂടി ഈ പദ്ധതിയുടെ ഭാഗമാക്കാന്‍ സാധിക്കുമോ എന്ന് സര്‍ക്കാര്‍ ആലോചിക്കേണ്ടതുണ്ട്.

വേണ്ടത് പ്രായോഗിക സമീപനം

പദ്ധതി നടപ്പാക്കുമ്പോള്‍ കെഎസ്ആര്‍ടിസിയുടെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയും വരുമാന ഘടനയും ഒരുപോലെ പരിഗണിക്കേണ്ട സാഹചര്യമുള്ളതിനാല്‍, കോര്‍പറേഷനെ അധിക ബാധ്യതയിലേക്ക് തള്ളിവിടാത്ത പ്രായോഗിക മാതൃകകളാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചയാകുന്നത്.

ബാധ്യത കുറയ്ക്കാന്‍ സര്‍ക്കാര്‍ 'ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍' വഴി യാത്രക്കാര്‍ക്ക് നേരിട്ട് ആനുകൂല്യം നല്‍കുന്ന രീതിയെക്കുറിച്ച് ആലോചിക്കേണ്ടതുണ്ടെന്ന അഭിപ്രായം വിദഗ്ധർ പങ്കുവെക്കുന്നു. പ്രവര്‍ത്തനച്ചെലവ് കുറഞ്ഞ ഇലക്ട്രിക് ബസുകള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് ബാധ്യത കുറയ്ക്കാന്‍ സഹായിക്കും. ഏതായാലും പദ്ധതി കെഎസ്ആര്‍ടിസിക്ക് 'ബാധ്യത'യാകുമോ എന്നത് സര്‍ക്കാര്‍ എങ്ങനെ ഇത് നടപ്പിലാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ഭാവിയില്‍ ഏത് റൂട്ടുകളിലാണ് കൂടുതല്‍ സര്‍വീസുകള്‍ ആവശ്യമായത്, ഏത് സമയങ്ങളിലാണ് സ്ത്രീ യാത്രക്കാര്‍ കൂടുതലുള്ളത് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തമായ ഡാറ്റയും വിലയിരുത്തലുമാണ് ആവശ്യം. ഇതനുസരിച്ച് വ്യക്തമായ ആസൂത്രണവും വേണം. സ്ത്രീ സുരക്ഷയും സ്ത്രീ ശാക്തീകരണവും മുന്‍നിര്‍ത്തി ചില പ്രത്യേക സര്‍വീസുകള്‍ പൂര്‍ണമായും വനിതാ ജീവനക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിയിലുള്ള ''വുമണ്‍ ക്രൂ'' സര്‍വീസുകള്‍ വ്യാപകമാക്കുന്നതും ചര്‍ച്ചകളുണ്ട്. കെഎസ്ആര്‍ടിസിക്കുള്ള നഷ്ടപരിഹാരവും സബ്‌സിഡിയും കൃത്യസമയത്ത് സര്‍ക്കാര്‍ നല്‍കുകയും സ്വകാര്യ ബസ് ഉടമകളുടെ ആശങ്കകള്‍ പരിഹരിക്കുകയും ചെയ്താല്‍ പദ്ധതി വിജയകരമായി നടപ്പാക്കാനാകും. അല്ലാത്തപക്ഷം ഇത് സംസ്ഥാനത്തിൻ്റെ ഗതാഗത മേഖലയെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയേക്കാം.

News Malayalam 24x7
newsmalayalam.com