സിൽവർലൈൻ റെയിൽ പദ്ധതി റദ്ദ് ചെയ്തതോടെ ബദൽ പദ്ധതിക്കുള്ള ശ്രമത്തിലാണ് യുഡിഎഫ് സർക്കാർ. തിരുവനന്തപുരത്ത് നടന്ന കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി വി.ഡി. സതീശന് പദ്ധതിയുടെ വിശദമായ രൂപരേഖ മെട്രോമാൻ ഇ. ശ്രീധരൻ സമർപ്പിച്ചിരുന്നു. ഇ. ശ്രീധരൻ്റെ പദ്ധതിയോട് അനുകൂല സമീപനമാണ് സർക്കാറിനുള്ളത്. പദ്ധതിയിൽ സ്ഥലമേറ്റെടുക്കൽ കുറവായത് നേട്ടമാകുമെന്നാണ് വിലയിരുത്തൽ. അധികാരത്തിൽ നിന്ന് പോയെന്ന് കരുതി പദ്ധതിയെ എതിർക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. എന്നാൽ, പാരിസ്ഥിതികാഘാത പഠനം നടത്താതെ പദ്ധതിയുമായി മുന്നോട്ട് പോയാൽ എതിർക്കുമെന്നും വീണ്ടും സമരം കാണേണ്ടി വരുമെന്നും സമരസമിതി മുന്നറിയിപ്പ് നൽകി രംഗത്തെത്തിയിട്ടുണ്ട്.
സിൽവർലൈൻ വഴി ഓടുമോ അതിവേഗ റെയിൽ പദ്ധതി?
വി.ഡി. സതീശൻ മുഖ്യമന്ത്രിയായി യുഡിഎഫ് സർക്കാർ വന്നശേഷം ആദ്യമെടുത്ത നടപടികളിലൊന്നായിരുന്നു കെ റെയിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച എല്ലാ വിജ്ഞാപനങ്ങളും റദ്ദ് ചെയ്യുക എന്നത്.ഇപ്പോൾ സില്‍വര്‍ ലൈന്‍ സമരവുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലും പൊലീസ് സ്റ്റേഷനിലും നിലനില്‍ക്കുന്ന കേസുകള്‍ സ്വഭാവമനുസരിച്ച് പിന്‍വലിക്കാനുള്ള ശുപാര്‍ശ കോടതിയില്‍ നല്‍കാനിരിക്കുകയാണ്. പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാസമയം 12 മണിക്കൂറിൽനിന്ന് നാല് മണിക്കൂറാക്കുന്ന പദ്ധതിയായിരുന്നു സിൽവർലൈൻ.കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന സിൽവർലൈൻ പദ്ധതിക്കായി 60 കോടിയിലധികം രൂപ ചെലവഴിച്ച ശേഷമായിരുന്നു പദ്ധതി വേണ്ടെന്ന് വെച്ചത്. ഇപ്പോഴിതാ മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ട് വെക്കുന്ന അതിവേഗ ബദൽ പാതക്കുള്ള നിർദേശത്തിന് പച്ചക്കൊടി കാട്ടാനൊരുങ്ങുകയാണ് യുഡിഎഫ് സർക്കാർ.
അതിവേഗപ്പാത തീരുമാനം രണ്ടാഴ്ചക്കകം
അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും മെട്രോമാൻ ഇ. ശ്രീധരനും തമ്മിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. അതിവേഗ റെയിൽപാതയ്ക്കായി ഇ. ശ്രീധരൻ മുന്നോട്ടുവെച്ച ബദൽ പാത നിർദേശം സർക്കാർ ഏറ്റെടുക്കാൻ ആലോചിക്കുന്നതായാണ് അറിയുന്നത്. നിലവിലെ പദ്ധതികളെ അപേക്ഷിച്ച് ഈ ബദൽ പാതയ്ക്ക് സ്ഥലം ഏറ്റെടുക്കൽ വളരെ കുറച്ചുമാത്രം മതിയെന്നതിനാലാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അനുകൂല സമീപനം ഉണ്ടായത്. മുക്കാൽ പങ്കും എലവേറ്റഡ് പാതയായാണ് തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 430 കിലോമീറ്റർ ദൂരമുളള അതിവേഗ റെയിൽ പദ്ധതി ശ്രീധരൻ അവതരിപ്പിച്ചത്. 86,000 കോടി രൂപയാണ് നിലവിൽ പദ്ധതിക്കായി പ്രതീക്ഷിക്കുന്ന നിർമാണ ചെലവ്. പദ്ധതിയുടെ ഇടക്കാല റിപ്പോർട്ട് ശ്രീധരൻ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. അതിവേഗ റെയിൽപാത സംബന്ധിച്ച സർക്കാരിന്റെ ഔദ്യോഗിക തീരുമാനം 2 ആഴ്ചക്കുള്ളിൽ അറിയിക്കാമെന്നാണ് മുഖ്യമന്ത്രി സതീശൻ നൽകിയ മറുപടി.ഡിപിആർ പരിശോധിച്ച് രണ്ടാഴ്ചക്കുള്ളിൽ മന്ത്രിസഭ വിഷയത്തിൽ തീരുമാനമെടുക്കും. ഡിപിആർ പരിശോധിച്ച് ബദൽ റിപ്പോർട്ട് സർക്കാർ കേന്ദ്രത്തിന് നൽകുമെന്നാണ് സൂചന. സർക്കാർ പിന്തുണ ലഭിച്ചാൽ കേന്ദ്ര അനുമതി എളുപ്പമായേക്കും.
തിരുവനന്തപുരത്ത് നിന്ന് കണ്ണൂർ വരെ എത്താൻ മൂന്നര മണിക്കൂർ
തിരുവനന്തപുരത്തെ പൂജപ്പുര മുതൽ കണ്ണൂരുള്ള മുണ്ടയാട് വരെയാണ് നിലവിൽ റെയിൽപാത വിഭാവനം ചെയ്തിരിക്കുന്നത്. 473.20 കിലോമീറ്റർ ദൂരമാണ് പൂജപ്പുര മുതൽ മുണ്ടയാട് വരെയുള്ളത്. മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാവുന്ന ട്രെയിനുകൾ, ലക്ഷ്യസ്ഥാനത്തേക്കെത്താൻ മൂന്നര മണിക്കൂറാണ് പരമാവധി എടുക്കുന്ന സമയം. 11 സ്‌റ്റോപ്പുകളാണ് കെ റെയിൽ വിഭാവനം ചെയ്തിരുന്നതെങ്കിൽ അതിവേഗ റെയിൽപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം 23 സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. സ്റ്റേഷനുകൾ തമ്മിലുള്ള ശരാശരി ദൂരം 21.5 കിലോമീറ്റർ ആയിരിക്കും. പൂജപ്പുരയിൽ നിന്നും തുടങ്ങി തിരുവനന്തപുരം വിമാനത്താവളം, വർക്കല, കൊല്ലം, കൊട്ടാരക്കര, പത്തനംതിട്ട ജങ്ഷൻ, തിരുവല്ല, കോട്ടയം, വൈക്കം, തൃപ്പൂണിത്തുറ, പാലാരിവട്ടം, ആലുവ, കൊച്ചി വിമാനത്താവളം, ചാലക്കുടി, തൃശൂർ ജങ്ഷൻ, പട്ടാമ്പി ജങ്ഷൻ, മലപ്പുറം, കോഴിക്കോട് വിമാനത്താവളം, കോഴിക്കോട് ജങ്ഷൻ, ബാലുശ്ശേരി, നാദാപുരം, കൂത്തുപറമ്പ് വഴി കണ്ണൂർ മുണ്ടയാട് അവസാനിക്കുന്ന രീതിയിലാണ് സ്റ്റേഷനുകളുടെ ക്രമം.കണ്ണൂർ ഒഴികെയുള്ള മൂന്ന് വിമാനത്താവളങ്ങളെയും നേരിട്ട് ബന്ധിപ്പിക്കുന്ന ഈ അതിവേഗ റെയിൽപാത, മുണ്ടയാട് സ്റ്റേഷനിൽനിന്ന് കണ്ണൂർ വിമാനത്താവളം വരെ പത്ത് കിലോമീറ്റർ മാത്രം സഞ്ചരിച്ചാൽ മതിയാകും. ഇതിനായി മികച്ച റോഡുകൾ നിർമിക്കാനും ശുപാർശ ചെയ്യുന്നുണ്ട്.
സ്റ്റാൻഡേർഡ് ഗേജിൽ 12 കോച്ചുകൾ
ലോകത്തിലെ ആധുനിക റെയിൽവേ സംവിധാനങ്ങൾക്ക് അനുയോജ്യമായ സ്റ്റാൻഡേർഡ് ഗേജിലാണ് ഈ ഇരട്ടപ്പാത നിർമിക്കുന്നത്. തുടക്കത്തിൽ 12 കോച്ചുകളിൽ യാത്ര ആരംഭിക്കുന്ന പദ്ധതി, ഭാവിയിൽ 16 കോച്ചുകൾ വരെ വർധിപ്പിച്ച് സർവീസ് നടത്താൻ സാധിക്കും. തുടക്കത്തിൽ 800 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ട്രെയിനിൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്നതോടൊപ്പം സർവീസിൻ്റെ എണ്ണവും വർധിപ്പിക്കുന്നതോടെ പ്രതിദിനം 2.28 ലക്ഷം യാത്രക്കാരെ വഹിക്കാൻ ശേഷിയുണ്ടാകും. പദ്ധതിക്ക് ഔദ്യോഗിക അനുമതി ലഭിച്ചാൽ അഞ്ച് വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാൻ കഴിയും. സ്വന്തം സൗരോർജ പ്ലാൻ്റുകളിൽനിന്നുള്ള വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ ഹരിത റെയിൽ ഇടനാഴിയായിരിക്കും ഇത്. കൂടാതെ ആവശ്യമായ ഊർജം ഉൽപ്പാദിപ്പിച്ച ശേഷം ബാക്കിവരുന്ന വൈദ്യുതി കെഎസ്ഇബിക്ക് നൽകാനും പദ്ധതി ലക്ഷ്യമിടുന്നു.
വന്ദേ ഭാരതിനേക്കാൾ കുറഞ്ഞ ടിക്കറ്റ് നിരക്ക്
സമയവും ചെലവും കുറച്ചുള്ള പുതിയ മോഡലാണ് മുന്നോട്ട് വെക്കുന്നതെന്ന് ഇ. ശ്രീധരൻ പറയുന്നു. എസി ചെയർ കാർ ചെലവിലായിരിക്കും ടിക്കറ്റ് നിരക്ക് കണക്കാക്കുക. തിരുവനന്തപുരം നഗരത്തിലെ 6.5 കിലോമീറ്റർ ദൂരം ടണലിലൂടെയോ ഭൂമിക്കടിയിലൂടെയോ കടന്നുപോകുമെങ്കിലും ബാക്കിയുള്ള മുഴുവൻ പാതയും ആകാശപാത ആയിട്ടാണ് നിർമിക്കുക. ഇതിനായി 20 മീറ്റർ വീതിയിൽ മാത്രം ഭൂമി ഏറ്റെടുത്താൽ മതിയാകും. തൂണുകളിലൂടെയും തുരങ്കങ്ങളിലൂടെയുമാണ് ഭൂരിഭാഗം പാത കടന്നു പോവുക. ഇക്കാരണത്താൽ ചെലവ് കുറയും. വന്ദേ ഭാരതിൻ്റെ നിരക്ക് പോലും വരില്ല. മൂന്ന് മാസത്തിനകം ഫീൽഡ് സർവേ തീർക്കാനാണ് തീരുമാനം.
എതിർപ്പുമായി കെ റെയിൽ വിരുദ്ധ സമരസമിതി
അതിവേഗ റെയിൽ പദ്ധതിയെ എതിർക്കേണ്ടെന്ന നിലപാടിലാണ് സിപിഐഎം പദ്ധതി വേണം എന്നതാണ് പാർട്ടി നിലപാടെന്നും അധികാരത്തിൽനിന്ന് പോയെന്ന് കരുതി പദ്ധതി വേണ്ടെന്ന് പറയില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. എന്നാൽ, പാരിസ്ഥിതിക ആഘാത പഠനം നടത്താതെ പദ്ധതിയുമായി മുന്നോട്ടുപോകരുതെന്ന നിലപാടിലാണ് കെ-റെയിൽ വിരുദ്ധ സമരസമിതി. കേരളത്തിലെ സാഹചര്യത്തിൽ നിലവിലുള്ള റെയിൽപാത ഇരട്ടിപ്പിച്ചാൽ മതി. ബ്രോഡ്ഗേജ് സംവിധാനത്തിൽ നിന്ന് സ്റ്റാൻഡേർഡ് ഗേജിലേക്കോ സ്റ്റാൻഡേർഡ് എലോണിലേക്കോ പോകേണ്ടതില്ലെന്നും കെ റെയിൽ വിരുദ്ധ സമര സമിതി വിശദമാക്കുന്നത്. കേരളത്തിൽ 100 കിലോമീറ്റർ വേഗത്തിൽ ഓടാൻ കഴിയുമെന്ന് വന്ദേ ഭാരത് തെളിയിച്ചിട്ടുണ്ട്.സിൽവർ ലൈനിൽ കണ്ടതുപോലെയുള്ള സമരം വീണ്ടും ഇനി കാണേണ്ടിവരുമെന്നുള്ള മുന്നറിയിപ്പും കെ റെയിൽ വിരുദ്ധ സമരസമിതി മുന്നോട്ട് വയ്ക്കുന്നു.
വീണ്ടുമെത്തുമോ പ്രതിഷേധ ജ്വാലകൾ?
സംസ്ഥാന സർക്കാരിന്റെ കെ റെയിൽ പദ്ധതിയെ ശക്തമായി എതിർത്തിരുന്നയാളാണ് മെട്രോമാൻ ഇ ശ്രീധരൻ. അതിവേഗപാത ആവശ്യമില്ലെന്ന് ആദ്യം നിലപാടെടുത്ത അദ്ദേഹം ഇപ്പോൾ നിലപാട് മാറ്റിയിട്ടുണ്ട്. കെ റെയിൽ എന്ന സെമി-ഹൈസ്പീഡ് സിൽവർലൈൻ പദ്ധതി അപ്രായോഗികവും ജനവിരുദ്ധവുമാണെന്നായിരുന്നു ശ്രീധരന്റെ നിലപാട്. കേരളത്തെ ഈ പാത വിഭജിക്കുമെന്നും, വെള്ളപ്പൊക്ക സാധ്യത കൂടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.ശാസ്ത്രസാഹിത്യ പരിഷത്ത് ഉൾപ്പെടെ സംഘടനകൾ കെ റെയിലിനെതിരെ രംഗത്ത് വന്നിരുന്നവരാണ്. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്തെ എക്സ്പ്രസ് വേ വിരുദ്ധ പ്രക്ഷോഭങ്ങളും ആരും മറന്നിരിക്കില്ല. ജനങ്ങൾക്ക് അധികം ബുദ്ധിമുട്ടില്ലാതെ സർക്കാരിന്റെ തലയിൽ വലിയ സാമ്പത്തിക ബാധ്യത കെട്ടിവെക്കാതെയുള്ള അതിവേഗ പാതകളുടെ വികസനം സ്വാഗതാർഹമാണ്. വികസന പദ്ധതികളുടെ കാര്യത്തിൽ പാരിസ്ഥിതിക പഠനം എന്നത് കൈയൊഴിയുന്ന സമീപനമാണ് കേന്ദ്രസർക്കാരിൽ നിന്ന് ഉണ്ടാകുന്നെതങ്കിലും കൃത്യവും വ്യക്തവും സുതാര്യവുമായ പാരിസ്ഥിതി പഠനം അതിവേഗ റെയിൽ പദ്ധതി അംഗീകരിക്കപ്പെട്ടുകഴിഞ്ഞാൽ ഉണ്ടാവേണ്ടതുണ്ട്. അല്ലെങ്കിൽ കേരളം ഇന്നലെകളിൽ കണ്ടപോലുള്ള ശക്തമായ പ്രതിഷേധസമരങ്ങൾ ഉയരും എന്നുറപ്പാണ്.