വംഗ-തമിഴക രാഷ്ട്രീയം ജനവിധിയില്‍ മാറിമറിയുമോ?

പശ്ചിമ ബംഗാളിലെ 294 സീറ്റുകളില്‍ 152 സീറ്റുകളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്
വംഗ-തമിഴക രാഷ്ട്രീയം ജനവിധിയില്‍ മാറിമറിയുമോ?
Source: News Malayalam 24x7
Published on
Updated on

ഒന്നര മാസത്തോളം നീണ്ട ആവേശകരമായ പരസ്യ പ്രചാരണത്തിനൊടുവില്‍ പശ്ചിമ ബംഗാളും തമിഴ്‌നാട് ജനതയും പോളിങ് ബൂത്തിലെത്തി വിധിയെഴുതിക്കഴിഞ്ഞു. ഒറ്റഘട്ടമായാണ് തമിഴ്‌നാട്ടിലെ വോട്ടെടുപ്പെങ്കില്‍ ബംഗാളില്‍ ഒരു ഘട്ട വോട്ടെടുപ്പ് കൂടി ബാക്കിയുണ്ട്. രാജ്യത്തെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പുകള്‍ അതീവ പ്രാധാന്യമുള്ളവയാണ്. ബിജെപിയുടെ വിപുലീകരണവും പ്രാദേശിക പാര്‍ട്ടികളുടെ അതിജീവന പേരാട്ടവും കണക്കിലെടുക്കുമ്പോള്‍ ഈ തെരഞ്ഞെടുപ്പുകള്‍ ദേശീയ രാഷ്ട്രീയത്തില്‍ വലിയ സ്വാധീനം ചെലുത്തും. തമിഴ്‌നാട് നിയമസഭയിലെ 234 സീറ്റുകളിലേക്കുള്ള ജനവിധിയാണ് എഴുതപ്പെട്ടത്. പശ്ചിമ ബംഗാളിലെ 294 സീറ്റുകളില്‍ 152 സീറ്റുകളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. ഏപ്രില്‍ 29ന് നടക്കുന്ന രണ്ടാംഘട്ട പോളിങ്ങില്‍ ബാക്കിയുള്ള 142 മണ്ഡലങ്ങള്‍ വിധിയെഴുതും. വോട്ടെടുപ്പ് ദിനം വ്യാപക അക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വംഗ-തമിഴക രാഷ്ട്രീയം ജനവിധിയില്‍ മാറിമറിയുമോ?

ബിജെപിക്ക് ഭരണമില്ലാത്ത, എന്നാല്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ ശ്രമിക്കുന്ന സംസ്ഥാനങ്ങളാണ് പശ്ചിമ ബംഗാളും തമിഴ്‌നാടും. ബംഗാളില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയും തമിഴ്നാട്ടില്‍ ഡിഎംകെക്കെതിരെയും എഐഎഡിഎംകെയെ കൂട്ടുപിടിച്ചാണ് ബിജെപി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് , തമിഴ്‌നാട്ടില്‍ ഡിഎംകെ, എഐഎഡിഎംകെ എന്നീ പ്രാദേശിക പാര്‍ട്ടികള്‍ക്ക് അതിജീവന പോരാട്ടംകൂടിയാണ് ഈ തെരഞ്ഞെടുപ്പ്. സ്ത്രീകള്‍ക്കുള്ള സംവരണം, ക്ഷേമ പദ്ധതികള്‍, വികസനം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളാണ് ഇരുസംസ്ഥാനങ്ങളിലും പ്രധാനമായും ചര്‍ച്ചയായത്. രണ്ട് സംസ്ഥാനങ്ങളിലും സ്ത്രീ വോട്ടര്‍മാരുടെ പങ്ക് നിര്‍ണായകമാണെന്ന് വിലയിരുത്തപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും, അമിത് ഷായും, രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെ നേതാക്കള്‍ ഇരു സംസ്ഥാനങ്ങളിലുമെത്തി പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ബംഗാളില്‍ അഭിമാന പോരാട്ടം

90 ലക്ഷത്തോളം വോട്ടര്‍മാരുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയിലാണ് ബംഗാള്‍ ബൂത്തിലെത്തുന്നത്. ഭരണ തുടർച്ച ലക്ഷ്യമിടുന്ന മമതയുടെ ടിഎംസിയും ഏത് വിധേനയും അധികാരത്തിലെത്താന്‍ പണിപ്പെടുന്ന ബിജെപിയും തമ്മിലാണ് ബംഗാളിലെ പ്രധാന മത്സരം. നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസും ഇടതുപക്ഷവും മത്സര രംഗത്തുണ്ട്. കോണ്‍ഗ്രസിനെയും ഇടതുപക്ഷത്തെയും ഇല്ലാതാക്കി മമതാ ബാനര്‍ജി സമ്പൂര്‍ണ ആധിപത്യം കൈവരിച്ചപ്പോള്‍ അതിൻ്റെ നേട്ടം കൊയ്തത് ബിജെപിയാണ്. 2016 ല്‍ വെറും രണ്ട് സീറ്റ് മാത്രം ഉണ്ടായിരുന്ന ബിജെപി 2021 ല്‍ നേടിയത് 77 സീറ്റാണ്. വടക്കന്‍ ബംഗാളിലെ 54 സീറ്റുകള്‍ ഉള്‍പ്പെടുന്ന ഈ ഘട്ടം ഇരു പാര്‍ട്ടികള്‍ക്കും നിര്‍ണായകമാണ്. ഇതില്‍ 80 ഓളം മണ്ഡലങ്ങളില്‍ കടുത്ത മത്സരം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുഖ്യമന്ത്രി മമത ബാനര്‍ജി മത്സരിക്കുന്ന ഭവാനിപുര്‍, പ്രതിപക്ഷ നേതാവായ ബിജെപിയുടെ സുവേന്ദു അധികാരി മത്സരിക്കുന്ന നന്ദിഗ്രാം, ബഹറാംപുര്‍, സിലിഗുരി, ജല്‍പൈഗുരി, ദിന്‍ഹത, ബോല്‍പുര്‍, ഖരഗ്പുര്‍ സദര്‍, കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൌധരി മത്സരിക്കുന്ന മൂര്‍ഷിദാബാദ് എന്നീ മണ്ഡലങ്ങള്‍ ശ്രദ്ധാകേന്ദ്രങ്ങളാണ്. ഇതിനിടെ എസ് ഐ ആര്‍ നടപടികളിലെ പേര് നീക്കലുകള്‍ തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കും എന്നും കണ്ടറിയേണ്ട കാര്യമാണ്. പല മണ്ഡലങ്ങളിലും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തേക്കാള്‍ അധികം ആളുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെടുന്ന സാഹചര്യം പോലും ഉണ്ടായിട്ടുണ്ട്. തൃണമൂലിനൊപ്പം നിന്നിരുന്ന മുസ്ലിം,ദലിത് വോട്ടുകളാണ് എസ് ഐ ആറില്‍ പുറത്താക്കപ്പെട്ടവയില്‍ ഏറെയും. ഇതെല്ലാം ബിജെപിക്ക് ഗുണകരമായേക്കും എന്നാണ് വിലയിരുത്തലുകള്‍.

അരേ ദീദി, തീവ്രവാദി പരാമര്‍ശ വിവാദം

പ്രചാരണത്തിൻ്റെ അന്തിമ ഘട്ടത്തില്‍ അമിത് ഷായുടെ 'അരേ ദീദി', മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ 'തീവ്രവാദി' പരാമര്‍ശങ്ങള്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ പശ്ചിമബംഗാളില്‍ ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്. ഇതിനകം പലയിടത്തും വ്യാപക സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 'അരേ ദീദി' എന്ന അമിത് ഷായുടെ പരാമര്‍ശം ആയുധമാക്കി 2021 ലെ മാതൃകയില്‍ മമത ബാനര്‍ജിയെ പുറത്തുനിന്നുള്ളവര്‍ ആക്ഷേപിക്കുന്നു എന്ന പ്രചാരണമാണ് അവസാനത്തെ ആയുധമായി ടിഎംസി പയറ്റിയത്. മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീകരവാദി എന്ന് വിളിച്ചതാണ് അവസാന ലാപ്പില്‍ ബിജെപിയുടെ പ്രചാരണായുധം. എന്നാല്‍ തൻ്റെ വാക്കുകള്‍ വളച്ചൊടിച്ചെന്നാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞത്. പരിശോധനകളിലൂടെയും മറ്റും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള ഭീകരത മോദി സൃഷ്ടിക്കുന്നു എന്നാണ് ഉദ്ദേശിച്ചതെന്നും ഖര്‍ഗെ വിശദീകരിച്ചു.

തമിഴ്നാട്ടില്‍ പുതിയ ധ്രുവീകരണം

തമിഴ്‌നാട്ടില്‍ പതിവുപോലെ ദ്രാവിഡ പാര്‍ട്ടികള്‍ തമ്മിലാണ് പ്രധാന മത്സരമെങ്കിലും ഒരു പുത്തന്‍ താരോദയമായി നടന്‍ വിജയ് കൂടി എത്തിയതോടെ ഒരു വേറിട്ട മത്സരത്തിനാണ് കളം ഒരുങ്ങിയിരിക്കുന്നത്. ബിജെപി, സംഘപരിവാര്‍ രാഷ്ട്രീയത്തോട് പണ്ടുമുതലേ വിമുഖത കാണിക്കുന്ന തമിഴ് ജനതയ്ക്ക് മുന്നില്‍ ഡിഎംകെ വിരുദ്ധര്‍ക്കുള്ള ഒരു പ്ലാറ്റ്‌ഫോമായി ഉയരാനാണ് വിജയുടെ ടിവികെ ലക്ഷ്യം വെക്കുന്നത്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണമികവിനോടൊപ്പം കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ ശക്തമായി എതിര്‍ത്ത മുന്നണി എന്ന നിലയ്ക്കുകൂടിയുള്ള പിന്തുണ ജനങ്ങളില്‍ നിന്ന് ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഡിഎംകെ. ഇത്തവണ അധികാരത്തിലേക്ക് തിരിച്ചെത്താനാകും എന്നാണ് അണ്ണാ ഡിഎംകെ - ബിജെപി സഖ്യവും പ്രതീക്ഷിക്കുന്നത്.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ മത്സരിക്കുന്ന കൊളത്തൂര്‍, ഉദയനിധി സ്റ്റാലിന്‍ മത്സരിക്കുന്ന ചെപോക്, വിജയ് മത്സരിക്കുന്ന തിരുച്ചിറപ്പള്ളി ഈസ്റ്റ്, പേരമ്പൂര്‍, എടപ്പാടി കെ .പളനിസ്വാമി മത്സരിക്കുന്ന എടപ്പാടി, പനീര്‍ശെല്‍വം മത്സരിക്കുന്ന ബോഡിനായ്ക്കന്നൂര്‍, തമിഴിസൈ സൗന്ദരരാജന്‍ മത്സരിക്കുന്ന മൈലാപൂര്‍, നൈനാര്‍ നാഗേന്ദ്രന്‍ മത്സരിക്കുന്ന സട്ടൂര്‍ എന്നീ മണ്ഡലങ്ങള്‍ ശ്രദ്ധാകേന്ദ്രങ്ങളാണ്.

വോട്ടു-നോട്ടു ജനാധിപത്യം

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും വോട്ടുറപ്പിക്കാന്‍ പണവും സമ്മാനങ്ങളും വാരിയെറിയുകയാണ് രാഷ്ട്രീയ കക്ഷികള്‍. ഇരു സംസ്ഥാനങ്ങളില്‍നിന്നുമായി പണം ഉള്‍പ്പെടെ 1072.13 കോടി രൂപ മൂല്യമുള്ള വസ്തുക്കള്‍ പിടികൂടിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ വിതരണത്തിനെത്തിച്ച പണം, മയക്കുമരുന്ന്, മദ്യം എന്നിവയുള്‍പ്പെടെയാണ് പിടികൂടിയത്. പണമായി 127.67 കോടി , 106.3 കോടി വിലമതിക്കുന്ന 41,000 ലിറ്റര്‍ മദ്യം, 184 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുകള്‍, സ്വര്‍ണം, വെള്ളി ഉള്‍പ്പെടെ 215 കോടിയുടെ ലോഹങ്ങള്‍ എന്നിവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. 418 കോടിയുടെ മറ്റു വസ്തുക്കളും പിടിച്ചെടുത്തതായി കമ്മീഷന്‍ അറിയിച്ചു.

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ 'വോട്ടിന് പണം' എന്നത് ദശാബ്ദങ്ങളായി ആ സംസ്ഥാനത്തെ രാഷ്ട്രീയ സംസ്‌കാരത്തിൻ്റെ ഭാഗമായി മാറിയിട്ടുണ്ട്. വോട്ടെടുപ്പ് ദിനത്തില്‍ ഈ പണമൊഴുക്കിൻ്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നു.തമിഴ്‌നാട്ടില്‍ വോട്ടിന് പണം നല്‍കുന്ന രീതിക്ക് ആധുനിക മാനം നല്‍കിയത് 2009-ലെ തിരുമംഗലം ഉപതെരഞ്ഞെടുപ്പാണ്. ഇതിനെ 'തിരുമംഗലം ഫോര്‍മുല' എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു. പണം നേരിട്ട് നല്‍കുന്നതിന് പുറമെ, പാല്‍ക്കവറുകള്‍ക്കും പത്രങ്ങള്‍ക്കും ഇടയില്‍ തിരുകിയും, ടോക്കണുകള്‍ നല്‍കി അത് പിന്നീട് കടകളില്‍ നിന്ന് സാധനങ്ങളോ പണമോ ആക്കി മാറ്റുന്ന രീതികളും തുടരുന്നുണ്ട്.

രാഷ്ട്രീയത്തിലെ സമവാക്യങ്ങള്‍ തിരുത്തിക്കുറിക്കുമോ?

വനിതാ സംവരണത്തെ അട്ടിമറിച്ചവര്‍ എന്ന പ്രചാരണമാണ് ബിജെപി ഡിഎംകെയ്ക്ക് എതിരെയും തൃണമൂലിനെതിരെയും ഇരുസംസ്ഥാനങ്ങളിലും നടത്തുന്നത്. വനിതാ സംവരണത്തിൻ്റെ മറവില്‍ കൊണ്ട് വരാന്‍ ശ്രമിച്ച മണ്ഡല പുനര്‍നിര്‍ണയത്തെ പരാജയപ്പെടുത്തിയത് തങ്ങള്‍ക്ക് ഗുണകരമായെന്ന് ഡിഎംകെയും തൃണമൂലും പ്രതീക്ഷിക്കുന്നു. ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരും പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലായി ഈ തെരഞ്ഞെടുപ്പ് മാറുന്നുണ്ട്. പരമ്പരാഗത വോട്ടുബാങ്കും ക്ഷേമപദ്ധതികളും തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയെ തുണയ്ക്കുമോ, അതോ ഭരണവിരുദ്ധ വികാരവും പുതിയ സഖ്യവും അണ്ണാ ഡിഎംകെയ്ക്ക് കരുത്താകുമോ എന്നത് കണ്ടറിയണം. അതിലുപരി സൂപ്പര്‍താരം വിജയ് ടിവികെയിലൂടെ തമിഴ് രാഷ്ട്രീയത്തിലെ സമവാക്യങ്ങള്‍ തിരുത്തിക്കുറിക്കുമോ എന്ന വിധി കൂടി അറിയേണ്ടതുണ്ട്. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ക്ഷേമപദ്ധതികളും ബിജെപിയുടെ മാറ്റത്തിനായുള്ള ആഹ്വാനവും തമ്മിലുള്ള വലിയ പോരാട്ടത്തിന് ബംഗാള്‍ സാക്ഷ്യം വഹിക്കുന്നതിനിടയില്‍ ഇടതുപക്ഷം എത്രത്തോളം വോട്ട് തിരിച്ചുപിടിക്കും എന്നതും നിര്‍ണായകമാകും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com