ജനസംഖ്യ നിയന്ത്രിച്ചതാണോ കേരളം ചെയ്ത തെറ്റ്?

ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പാക്കിയ സംസ്ഥാനങ്ങള്‍ക്ക് കിട്ടുന്ന ശിക്ഷയാണിതെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോള്‍ ആശങ്കപ്പെടുന്നത് ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ ജനന നിരക്ക് ഉള്ള സംസ്ഥാനം എന്ന നേട്ടം കരസ്ഥമാക്കിയ കേരളമാണ്
ജനസംഖ്യ നിയന്ത്രിച്ചതാണോ കേരളം ചെയ്ത തെറ്റ്?
Published on
Updated on

വനിതാ സംവരണ ഭേദഗതി ബില്‍ ചര്‍ച്ച ചെയ്യാനുള്ള പാര്‍ലമെന്റിന്റെ മൂന്ന് ദിവസത്തെ സമ്മേളനത്തിന് തുടക്കമായിരിക്കുന്നു. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പോടെ ബില്‍ സഭയില്‍ അവതരിപ്പിച്ചു. 2011ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ലോകസഭാ, നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം പുനഃക്രമീകരിച്ച് വനിത സംവരണം നടപ്പാക്കാനുള്ള നീക്കം രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതാണെന്ന ശക്തമായ എതിര്‍പ്പാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. 2023ല്‍, ലോക്സഭയിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ബില്‍ ഇരുസഭകളും പാസാക്കിയിരുന്നെങ്കിലും നടപ്പായിരുന്നില്ല. എന്നാല്‍ മണ്ഡലം പുനര്‍നിര്‍ണയം ലക്ഷ്യമിട്ടുള്ള ഭേദഗതിയാണ് ഇപ്പോള്‍ അവതരിപ്പിക്കപ്പെട്ടതെന്നാണ് വിമര്‍ശനം. 2011-ലെ സെന്‍സസ് അടിസ്ഥാനമാക്കി മണ്ഡല പുനര്‍നിര്‍ണയം നടത്തിയാല്‍ കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് വലിയ തിരിച്ചടിയുണ്ടാകും. ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പാക്കിയ സംസ്ഥാനങ്ങള്‍ക്ക് കിട്ടുന്ന ശിക്ഷയാണിതെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോള്‍ ആശങ്കപ്പെടുന്നത് ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ ജനന നിരക്ക് ഉള്ള സംസ്ഥാനം എന്ന നേട്ടം കരസ്ഥമാക്കിയ കേരളമാണ്.

ജനസംഖ്യ നിയന്ത്രിച്ചതാണോ കേരളം ചെയ്ത തെറ്റ്

മണ്ഡലം പുനഃക്രമീകരണം 25 വര്‍ഷത്തേക്ക് മരവിപ്പിക്കാന്‍ 1976ലും 2001ലും തീരുമാനിച്ചത് ജനസംഖ്യ നിയന്ത്രണം എന്ന കാരണം പറഞ്ഞായിരുന്നു. അതായത് ജനസംഖ്യ നിയന്ത്രണം എല്ലാ സംസ്ഥാനത്തും മികച്ച രീതിയില്‍ നടപ്പാക്കണമെന്നാണ് അന്ന് പറഞ്ഞിരുന്നത്. 1951ലെ കണക്കെടുത്താല്‍, ജനസംഖ്യയിലെ ശരാശരി 7.38 ലക്ഷം പേര്‍ക്ക് ഒരു അംഗം എന്നതായിരുന്നു ലോകസഭയിലെ സീറ്റുകളുടെ എണ്ണം. 1971ല്‍ അത് ഓരോ അംഗവും 10.58 ലക്ഷം പേരുടെ പ്രതിനിധി എന്ന നിലയിലായി. 2011ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ 10 ലക്ഷം പേര്‍ക്ക് ഒരംഗം എന്ന് കണക്കാക്കിയാല്‍ 1211 സീറ്റെങ്കിലും വേണം. ഇപ്പോഴത്തെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ 1400 ലേറെ സീറ്റുകള്‍ വേണ്ടിവന്നേക്കും. ജനസംഖ്യാടിസ്ഥാനത്തില്‍ സംസ്ഥാനം തിരിച്ചുള്ള കണക്കുകളെടുത്താല്‍ നിലവിലെ കേരളത്തിലെ ലോകസഭ സീറ്റുകള്‍ അധികമാണെന്ന വിലയിരുത്തലും ഉണ്ടായേക്കും. ഏതായാലും ലോകസഭയില്‍ പരമാവധി 850 സീറ്റ് എന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കണക്കുകള്‍ തയ്യാറാക്കി, മണ്ഡലം പുനര്‍നിര്‍ണയിക്കുക എന്നത് കേന്ദ്രത്തിന് വെല്ലുവിളിയാകും.

ജനസംഖ്യ നിയന്ത്രണം കേരളത്തില്‍

ജനസംഖ്യ കണക്കെടുപ്പ് പ്രകാരം 2001-ല്‍ കേരളത്തിലെ കുട്ടികളുടെ ജനസംഖ്യ മൊത്തം ജനസംഖ്യയുടെ 15.9 ശതമാനമായിരുന്നത് 2011-ല്‍ 13.5 ശതമാനമായി. 1971ല്‍ 31.1 ആയിരുന്ന ജനന നിരക്ക് 2023ല്‍ 11.06 ആയി താഴ്ന്നിട്ടുണ്ട്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ കേരളത്തിലെ ജനസംഖ്യാ വര്‍ധനവ് വെറും 4.86% മാത്രമാണ്. 2036 ആകുമ്പോഴേക്കും കേരളത്തിലെ ജനസംഖ്യ 3.69 കോടിയായി വര്‍ധിക്കുമെങ്കിലും, ജനനനിരക്ക് കുറയുന്നതിനാല്‍ കുട്ടികളുടെ എണ്ണം കുറയുകയും പ്രായമായവരുടെ എണ്ണം കൂടുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തിലെ ജനസംഖ്യ 2041 വരെ മാത്രമേ ഉയരൂവെന്നും പിന്നീട് കുറയുമെന്നാണ് വിവിധ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, സ്ത്രീശാക്തീകരണം എന്നിവയിലൂന്നിയ സാമൂഹിക മാറ്റങ്ങളിലൂടെയാണ് കേരളം ജനസംഖ്യ നിയന്ത്രണത്തില്‍ നേട്ടം കൈവരിച്ചത്. കേരളത്തിലെ ഉയര്‍ന്ന വിദ്യാഭ്യാസം സ്ത്രീകളെ സ്വന്തം കുടുംബത്തിന്റെ വലുപ്പത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ പ്രാപ്തരാക്കി. മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങളിലൂടെ ശിശുമരണ നിരക്ക് ഗണ്യമായി കുറച്ചു. ഗര്‍ഭനിരോധന മാര്‍ഗങ്ങളെക്കുറിച്ചുള്ള അവബോധവും സൗജന്യ സേവനങ്ങളും ജനസംഖ്യ നിയന്ത്രണത്തില്‍ നിര്‍ണായകമായി.

സംവരണ ബില്ലിന്റെ പിറകിലെന്ത്

ലോകസഭാ സീറ്റുകളുടെ എണ്ണം നിലവിലെ 543ല്‍ നിന്ന് 850 ആക്കി കൂട്ടാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം കേരളത്തിനും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും നഷ്ടമുണ്ടാക്കും എന്നുറപ്പാണ്. ഓരോ സംസ്ഥാനത്തിനും 50 ശതമാനം വര്‍ധന വന്നാല്‍ കേരളത്തില്‍ 10 സീറ്റ് വര്‍ധിക്കും. അതേസമയം ഉത്തര്‍പ്രദേശില്‍ സീറ്റ് 80ല്‍ നിന്ന് 120 ആകാനും ബിഹാറില്‍ 40 എന്നത് 60ന് മുകളിലേക്കും ഉയരാനും സാധ്യതയുണ്ട്. അങ്ങനെ വരുമ്പോള്‍ പാര്‍ലമെന്റിലെ കേരളത്തിന്റെ ആകെ പ്രാതിനിധ്യം 3.7 ശതമാനത്തില്‍ നിന്ന് ഏകദേശം 2.22 ശതമാനമായി കുറയാനിടയായേക്കും. നിലവിലെ 543 സീറ്റ് നിലനിര്‍ത്തി ജനസംഖ്യാടിസ്ഥാനത്തില്‍ മാത്രം പുനര്‍വിഭജനം നടത്തിയാല്‍ കേരളത്തിലെ സീറ്റുകളുടെ എണ്ണം നിലവിലുള്ളതിനേക്കാള്‍ കുറയും. ആന്ധ്രപ്രദേശ് തെലങ്കാന സംസ്ഥാനങ്ങള്‍ക്ക് സംയുക്തമായി സീറ്റുകള്‍ 42 ല്‍ നിന്ന് 59 ആയി ഉയരുമെങ്കിലും പ്രാതിനിധ്യത്തില്‍ 0.8 ശതമാനത്തിന്റെ കുറവുണ്ടാകും. ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കും പ്രാതിനിധ്യത്തില്‍ യഥാക്രമം 0.5, 0.2 ശതമാനത്തിന്റെ കുറവ് സംഭവിക്കും. ചുരുക്കത്തില്‍, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം 22.1 ശതമാനത്തില്‍ നിന്ന് 25.1 ശതമാനമായി ഉയരുമ്പോള്‍, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടേത് 20.1 ശതമാനത്തില്‍ നിന്ന് 18.0 ശതമാനമായി കുറയും. വനിത സംവരണം ഉടനെ നടപ്പാക്കേണ്ടതില്ലെന്ന് 2023ലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. നിലവിലെ 543 സീറ്റില്‍ 33 ശതമാനം സത്രീകള്‍ക്കായി മാറ്റിവെച്ച് 2024ലെ ലോക സഭ തെരഞ്ഞെടുപ്പ് കേന്ദ്രസര്‍ക്കാരിന് നടത്താമായിരുന്നു. അത് അന്ന് നടപ്പാക്കാതെ ഇപ്പോള്‍ ലോകസഭാ മണ്ഡല വര്‍ധനവുമായി കൂട്ടിക്കെട്ടി അവതരിപ്പിക്കപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

ആശങ്കകള്‍ പരിഹരിക്കപ്പെടണം

വനിതാ സംവരണ ഭേദഗതി ബില്‍ വെള്ളിയാഴ്ച വൈകീട്ട് നാലിനാണ് പാര്‍ലമെന്റില്‍ വോട്ടിനിടുക. ബില്ലിന് മുന്‍പായി സര്‍വകക്ഷിയോഗം വിളിക്കാനോ സമവായം ഉണ്ടാക്കാനോ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. ലോകസഭയിലെ സീറ്റെണ്ണം 850 ആയി ഉയര്‍ത്തി വനിത സംവരണം നടപ്പാക്കണമെങ്കില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും കേവല ഭൂരിപക്ഷത്തിന് പുറമെ വോട്ട് ചെയ്യുന്നവരുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷവും വേണം. പാര്‍ലമെന്റില്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യമടക്കം മാറുന്നതിനാല്‍ ഇതിന് പുറമെ പകുതി സംസ്ഥാനങ്ങളുടെയെങ്കിലും അനുമതിയും വേണം. പകുതിയിലധികം സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഭരണം ഉള്ളതിനാല്‍ ആ സംസ്ഥാനങ്ങളുടെ അനുമതി സര്‍ക്കാരിന് പ്രശ്നമായേക്കില്ല. ഒരു സംസ്ഥാനത്തിനും നിലവിലുള്ള സീറ്റുകള്‍ നഷ്ടപ്പെടില്ലെന്നും ആകെ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിലൂടെ എല്ലാവര്‍ക്കും ആനുപാതികമായ പ്രാധാന്യം ഉറപ്പാക്കുമെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം. പാര്‍ലമെന്റില്‍ നടക്കുന്ന വോട്ടെടുപ്പും സംസ്ഥാനങ്ങളുടെ നിലപാടും ഇന്ത്യയുടെ ഭരണഘടന ചരിത്രത്തില്‍ അതിനിര്‍ണായകമാകും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com