യാത്രകളെന്നാൽ മനുഷ്യർക്ക് ഉൻമേഷം തരുന്നവയാകണം. കാഴകൾ കണ്ണിന് കുളിർമ നൽകുന്നതാകണം. സ്വപ്ന സമാനമായ കാഴ്ചകളിലേക്ക് കൺതുറക്കുന്ന നിമിഷം സ്വയമറിയാതെ തന്നെ സങ്കടങ്ങളെ മറക്കും. കണ്ണുകൾ തിളങ്ങും. മുഖത്ത് ചിരി നിറയും. മനസിൽ സന്തോഷം നിറയും. പ്രണയം തോന്നും. അങ്ങനെയൊരു നിമിഷത്തിനു വേണ്ടി ആഗ്രഹിക്കാത്ത മനുഷ്യരുണ്ടാകില്ലെന്നു തന്നെ പറയാം. ജപ്പാനിലേക്ക് യാത്ര പ്ലാൻ ചെയ്യുന്ന ഏതൊരു സഞ്ചാരിയുടേയും മനസിലുണ്ടാകുന്ന പ്രധാന ലക്ഷ്യങ്ങളിലൊന്ന് മുകളിൽ പറഞ്ഞതുപോലെ മനസു നിറയ്ക്കുന്ന ഒരു കാഴ്ചയാണ്. അതെ ലോകത്തിലെ തന്നെ ഏറ്റവും റൊമാൻ്റിക് കാഴ്ചകളിലൊന്നായ സകുറ സീസൺ. ജപ്പാനിലെ ചെറി ബ്ലോസം.
വെള്ളയും പിങ്കും നിറത്തിലൂള്ള ചെറിപ്പൂക്കൾ വഴിയോരങ്ങളിലും തോട്ടങ്ങളിലും പൂത്തുലഞ്ഞു നിൽക്കും. വായുവിൽ ചെറിപ്പൂക്കളുടെ ഗന്ധം ഒഴുകി പരക്കും. വിദേശികളും സ്വദേശികളുമായ സഞ്ചാരികൾ ഈ പുഷ്പോത്സവം കാണാൻ ജപ്പാനിലെ തെരുവുകളിലേക്ക് ഒഴുകിയെത്തും.
മാർച്ച് മുതൽ മെയ് വരെയാണ് ചെറി ബ്ലോസം സീസൺ. ചിലപ്പോഴൊക്കെ ജൂൺ ആദ്യം വരെ പൂക്കൾ കൊഴിയാതെ നിൽക്കും. ആകാശത്തിനു കീഴെ പൂക്കളുടെ പരവതാനി വിരിച്ച് ചെറിമരങ്ങൾ വിസ്മയം തീർക്കും. ചെറിപ്പൂക്കൾ തരുന്ന കാഴ്ചാവിരുന്നിന് പുറകെ സഞ്ചാരികൾക്കും നാട്ടുകാർക്കും ആഘോഷിക്കാൻ 'ഹനാമി' പോലെ നിരവധി ഉത്സവങ്ങളും ഉണ്ട്.
ചെറിയ മരങ്ങൾ മുതൽ രണ്ടായിരം വർഷം പഴക്കമുള്ള വലിയ പൂക്കളുണ്ടാകുന്ന ഒഷിമ ഇനത്തിൽപ്പെട്ട ചെറി മരങ്ങൾ വരെ ജപ്പാനിൽ കാണാം. പഴങ്ങളില്ലാത്ത പൂക്കൾ നിറയുന്ന മരങ്ങൾ. ടോക്കിയോയിലെ ഉനോ പാർക്ക്, ഷിൻജോകു ഗ്യോൻ പാർക്ക്, ക്യോട്ടോയിലെ ഫിലോസഫേഴ്സ് പാർക്ക്, മരുയാമ പാർക്ക്, ഒസാക്കയിലെ സകുറാനോമിയ പാർക്ക്, കൊട്ടാര പരിസരങ്ങൾ, വാർഷിക പുഷ്‌പോത്സവം നടക്കുന്ന ഹിരോസാക്കിയിലെ കാസിൽ പാർക്ക് തുടങ്ങി സകുറ കാഴചകൾ കൂടുതൽ മനോഹരമായി കാണാവുന്ന നിരവധി സ്ഥലങ്ങളുണ്ട്.
ജപ്പാനിൽ മാത്രമല്ല ചെറിപ്പൂക്കൾ അതിശയം തീർക്കുന്നത്. കൊറിയ, ചൈന, ഓസ്ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലും ഏതാണ്ട് ഒരേ സീസണിൽ തന്നെ ചെറി മരങ്ങൾ പൂവണിയും.
ന്യൂയോർക്കിലെ സെൻട്രൽ പാർക്കിലും വാഷിങ്ടൻ പോട്ടോമാക് പാർക്കിലും മഞ്ഞണിഞ്ഞ് നിൽക്കുന്ന ചെറിപ്പൂക്കളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പല തവണ വൈറലായിട്ടുണ്ട്. സൗഹൃദം അറിയിച്ച് ടോക്കിയോ നഗരം 1912 ൽ അമേരിക്കയ്ക്ക് 3000 ചെറി മരങ്ങൾ സമ്മാനിച്ച കഥയും ഇതോടൊപ്പം ഓർക്കാവുന്നതാണ്.