ഫുട്‌ബോള്‍ ലോകത്തിലെ ആദ്യ ശതകോടീശ്വരനായി പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. സൗദി ഫുട്‌ബോള്‍ ക്ലബ്ബായ അല്‍ നസര്‍ താരമായ റൊണാള്‍ഡോയുടെ ആസ്തി 12,350 കോടിയിലധികം രൂപയാണ്.
ക്ലബ്ബ് കോണ്‍ട്രാക്ട്, സ്‌പോണ്‍സര്‍ഷിപ്പ് ഡീലുകള്‍, ബിസിനസ് സംരഭങ്ങള്‍ എന്നിവയിലൂടെയാണ് താരത്തിന്റെ വരുമാനം. അല്‍ നസറുമായി പുതിയ കരാര്‍ ഒപ്പിട്ടതോടെയാണ് സമ്പാദ്യം കുതിച്ചുയര്‍ന്നത്.
അല്‍ നസറുമായി റെക്കോര്‍ഡ് തുകയ്ക്കാണ് റൊണാള്‍ഡോ കരാര്‍ ഒപ്പിട്ടത്. ഒരു കായികതാരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ശരാശരി വാര്‍ഷിക ശമ്പളം റൊണാള്‍ഡോയ്ക്കാണ്.
സൗദി അറേബ്യയിലെ വരുമാനവും നികുതി രഹിതമായതിനാല്‍, റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പോലുള്ള യൂറോപ്യന്‍ ക്ലബ്ബുകളില്‍ മുമ്പ് സമ്പാദിച്ചിരുന്നതിനേക്കാള്‍ വലിയ തുക റൊണാള്‍ഡോയ്ക്ക് ലഭിക്കുന്നു.
നൈക്കിയുമായി പത്ത് വര്‍ഷത്തോളമായുള്ള കോണ്‍ട്രാക്ടിലൂടെ 18 മില്യണ്‍ യുഎസ് ഡോളറാണ് റൊണാള്‍ഡോയ്ക്ക് പ്രതിവര്‍ഷം ലഭിക്കുന്നത്. അര്‍മാനി, കാസ്‌ട്രോള്‍ തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്നും വന്‍ തുക താരത്തിന് ലഭിക്കുന്നുണ്ട്.
2023ല്‍ അല്‍-നസറില്‍ ചേര്‍ന്നതിനുശേഷം, നികുതി രഹിത ശമ്പളവും ബോണസുമായി റൊണാള്‍ഡോ പ്രതിവര്‍ഷം ഏകദേശം 200 മില്യണ്‍ യുഎസ് ഡോളര്‍ സമ്പാദിച്ചിട്ടുണ്ട്. 30 മില്യണ്‍ യുഎസ് ഡോളറിന്റെ സൈനിംഗ് ബോണസും ഈ കരാറില്‍ ഉള്‍പ്പെടുന്നു.
2025 ജൂണില്‍ അല്‍-നസറുമായി അദ്ദേഹം ഒപ്പുവച്ച കരാര്‍ പുതുക്കിയതാണ് വരുമാനം ബില്യണ്‍ ഡോളറിലധികം എത്തിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. പുതിയ കരാറിന് 400 മില്യണ്‍ യുഎസ് ഡോളറിലധികം മൂല്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ കരാറിന്റെ ഭാഗമായി അല്‍-നസറില്‍ 15 ശതമാനം ഓഹരിയും അദ്ദേഹത്തിന് ലഭിച്ചു.