മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ആദ്യമായി പലസ്തീനെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന മോഡലായി നദീന്‍ അയൂബ്. 2025 ലോക സുന്ദരി മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ പലസ്തീന്‍ യുവതിയാണ് നദീന്‍ അയൂബ്.
ലോക സുന്ദരി മത്സരത്തില്‍ പങ്കെടുക്കുക വഴി ചരിത്രം സൃഷ്ടിക്കുമെന്നാണ് നദീന്‍ പറയുന്നത്. ഇസ്രയേലിന്റെ ആക്രമണത്തില്‍ ദുരിതപൂര്‍ണമായ ജീവിതം നയിക്കുന്ന പലസ്തീനു വേണ്ടിയാണ് താന്‍ മത്സരിക്കുന്നതെന്നും നദീന്‍ പറയുന്നു.
'പലസ്തീനിലെ എല്ലാ സ്ത്രീകളെയും കുട്ടികളെയും പ്രതിനിധീകരിച്ചാണ് ഞാന്‍ മത്സരിക്കുന്നത്. അവരുടെ ശക്തി എന്താണെന്ന് ലോകം കാണണം,' എന്നും തന്റെ മത്സരത്തിന്റെ പ്രാധാന്യമെന്താണെന്ന് വ്യക്തമാക്കി നദീന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
'കേവലം ഒരു പേരിന് വേണ്ടിയല്ല, പകരം പലസ്തീന്‍ എന്ന സത്യത്തിന് വേണ്ടിയാണ് ഞാന്‍ മത്സരിക്കാന്‍ എത്തിയത്. പലസ്തീന്‍, പ്രത്യേകിച്ചും ഗാസ അതിന്റെ ഏറ്റവും മോശം സാഹചര്യത്തിലൂടെ കടന്നു പോകുമ്പോഴും മിണ്ടാന്‍ വിസമ്മതിച്ചവരുടെ ശബ്ദമായാണ് ഞാന്‍ ഈ വേദിയെ പ്രതിനിധീകരിക്കുന്നത്,' നദീന്‍ പറഞ്ഞു.
നവംബര്‍ 21ന് തായ്‌ലാന്‍ഡില്‍ വെച്ചാണ് ഇത്തവണത്തെ മിസ് യൂണിവേഴ്‌സ് മത്സരം നടക്കുന്നത്. നിലവില്‍ ദുബായിലാണ് പലസ്തീന്‍ മോഡലായ നദീന്‍ ജീവിക്കുന്നത്.
2022ല്‍ മിസ് പലസ്തീന്‍ ആയിരുന്നു വെസ്റ്റ് ബാങ്കിലെ രമലാഹ് സ്വദേശിയായ നദീന്‍ അയൂബ്. 27 കാരിയായ നദീന്‍ ഇത്തവണത്തെ ലോക സുന്ദരി മത്സരത്തില്‍ ആദ്യത്തെ അഞ്ച് മത്സരാര്‍ഥികളില്‍ ഉള്‍പ്പെടുന്നു.
സാഹിത്യത്തിലും സൈക്കോളജിയിലും ബിരുദം നേടിയ നദീന്‍ കാനഡയിലെ വെസ്‌റ്റേണ്‍ ഒന്റാറിയോ സര്‍വകലാശാലയിലാണ് പഠനം പൂര്‍ത്തിയാക്കിയത്.
ന്യൂട്രീഷന്‍ കണ്‍സള്‍ട്ടന്റായും സെര്‍ട്ടിഫൈഡ് ഫിറ്റ്‌നസ് കോച്ചായും നദീന്‍ അയൂബ് പ്രവര്‍ത്തിക്കുന്നു.
ഗാസയില്‍ യുദ്ധം ആരംഭിച്ച് 22 മാസങ്ങള്‍ പിന്നിടുന്നതിനിടയിലാണ് നദീന്റെ മിസ് യൂണിവേഴ്‌സ് മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.