'സ്വർഗത്തിലെ കനി' എന്നറിയപ്പെടുന്ന ഗാഗ് ഫ്രൂട്ട് ആലപ്പുഴ പള്ളിപ്പുറത്തെ ചൊരിമണലിലും വിളഞ്ഞു. ആദ്യം പച്ച, പിന്നെ മഞ്ഞ, ഓറഞ്ച്, ഒടുവിൽ പാകമാകുമ്പോൾ ചുവപ്പ് എന്നിങ്ങനെ നിറങ്ങളിലാണ് ഗാഗ് ഫ്രൂട്ട് കാണപ്പെടുന്നത്.
റിട്ട. റെയിൽവേ പൊലീസ് എസ്ഐ പള്ളിപ്പുറം കടമ്പനാകുളങ്ങര കളത്തിപ്പടിക്കൽ കെ.ഡി. ദേവരാജന്റെ വീടിൻ്റെ മട്ടുപ്പാവിലാണ് ഗാഗ് വിളഞ്ഞിരിക്കുന്നത്. രണ്ടു വർഷം മുൻപ് ചെങ്ങന്നൂരിലെ സുഹൃത്തിൽ നിന്നാണ് ഗാഗ് ഫ്രൂട്ട് വാങ്ങിയത്. കുരു എടുത്ത് പറമ്പിൽ നട്ടുപിടിപ്പിച്ച്, പന്തലിട്ട് മട്ടുപ്പാവിലേക്ക് പടർത്തി.
പാവൽ പോലെ പടർന്നാണ് ചെടിയുടെ വളർച്ച. പടർന്നാൽ 20 വർഷം വരെ നിലനിൽക്കും. ആൺ-പെൺ പൂക്കളുണ്ട്. ആൺ പൂമ്പൊടിയെ പെൺ പൂമ്പൊടിയിൽ ചേർത്ത് കൃത്രിമ പരാഗണം നടത്തിക്കൊടുക്കണം.
കിലോഗ്രാമിന് 1000 രൂപയിലധികം വിലയുള്ള പഴത്തിന്റെ സ്വദേശം വിയറ്റ്നാമാണ്. ഒരു പഴത്തിന് ശരാശരി 650 ഗ്രാം തൂക്കമുണ്ടാകും.
പുറംതോടിൽ മുള്ളുകളുള്ള ഈ പഴം ഒട്ടേറെ ഔഷധ ഗുണങ്ങളുള്ളതാണ്. ഒമേഗാ-3, ഒമേഗാ-6, ബീറ്റാ കരോട്ടിൻ, വൈറ്റമിൻ സി തുടങ്ങിയവയുടെ കലവറയാണ് ഗാഗ് ഫ്രൂട്ട്. ഒരു പഴത്തിൽ നിന്നും പത്തിലധികം പേർക്കുള്ള ജൂസ് ഉണ്ടാക്കാം. ഒരു പഴത്തിൽ പത്തിലേറെ കുരുക്കളുമുണ്ടാകും.