ലണ്ടൻ: വീണ്ടും ജെയിംസ് ബോണ്ടായി അഭിനയിക്കാൻ അവസരം ലഭിച്ചാൽ തീർച്ചയായും സ്വീകരിക്കുമെന്ന് ബ്രിട്ടീഷ് നടൻ പിയേഴ്സ് ബ്രോസ്നൻ.
ജെയിംസ് ബോണ്ട് സീരീസിലുള്ള താരത്തിൻ്റെ ചിത്രങ്ങൾക്കെല്ലാം ലോകമെമ്പാടും വലിയ ആരാധക നിരയാണുള്ളത്.
'ഡൂൺ' എന്ന ഹോളിവുഡ് ഹിറ്റ് ചിത്രത്തിൻ്റെ ഫിലിം മേക്കർ ഡെനിസ് വില്ലന്യൂവ് സംവിധായകനായി എത്തിയാൽ, ജെയിംസ് ബോണ്ടിൻ്റെ സീനിയർ സിറ്റിസൺ പതിപ്പിൽ അഭിനയിക്കാൻ തയ്യാറാണെന്നാണ് ബ്രോസ്നൻ പറഞ്ഞുവെക്കുന്നത്. നിലവിൽ 72 വയസ്സാണ് പിയേഴ്സ് ബ്രോസ്നന്.
"72 വയസ്സുള്ള മുഖമൊക്കെ ചുക്കിച്ചുളിഞ്ഞ വൃദ്ധനായ ജെയിംസ് ബോണ്ടിനെ കാണാൻ ആർക്കും താൽപ്പര്യമുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. എന്നാൽ വില്ലന്യൂവ് എന്തെങ്കിലും സിനിമ ചെയ്യുന്നുണ്ടെങ്കിൽ അതിൽ പ്രത്യക്ഷപ്പെടാൻ എനിക്ക് താൽപ്പര്യമുണ്ട്," പിയേഴ്സ് ബ്രോസ്നൻ പറഞ്ഞു.
"എന്തുകൊണ്ട് പാടില്ല, ഇതൊരു അടിപൊളി പരിപാടിയായി തോന്നുന്നുണ്ട്. അതിൽ നല്ല തമാശയൊക്കെ കാണുമായിരിക്കും? വെപ്പുമുടി, പ്രോസ്തെറ്റിക് മേക്കപ്പ്... അങ്ങനെ എന്തെങ്കിലുമൊക്കെ കാണുമായിരിക്കും," പിയേഴ്സ് ബ്രോസ്നൻ പറഞ്ഞു.
ആമസോൺ എംജിഎം സ്റ്റുഡിയോസിനൊപ്പം പുതിയ ജെയിംസ് ബോണ്ട് സീരീസിനുള്ള മുന്നൊരുക്കങ്ങളിലാണ് ഡെനിസ് വില്ലന്യൂവ് എന്ന തരത്തിൽ ജൂണിൽ വാർത്തകൾ പ്രചരിച്ചിരുന്നു.
ബോണ്ട് സിനിമകളുടെ നിർമാതാക്കളായ എമി പാസ്കലും ഡേവിഡ് ഹെയ്മാനും പുതുമയുള്ള കഥാപരിസരങ്ങളിലേക്ക് വിഖ്യാതനായ അമേരിക്കൻ സ്പൈ കഥാപാത്രത്തെ പറിച്ചുനടാനൊരുങ്ങി നിൽക്കുകയാണ്.
അതേസമയം, പുതിയ ജെയിംസ് ബോണ്ട് ആരാകുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പിയേഴ്സ് ബ്രോസ്നനും ഭാര്യയുമെന്നും വൈറലായ അഭിമുഖത്തിൽ പറയുന്നുണ്ട്.
1995 മുതൽ 2002 വരെയുള്ള കാലയളവിലാണ് പിയേഴ്സ് ബ്രോസ്നൻ നായകനായ ജെയിംസ് ബോണ്ട് ചിത്രങ്ങൾ പുറത്തിറങ്ങിയത്. ഈ ചിത്രങ്ങളെല്ലാം ബോക്സോഫീസിൽ വലിയ ബ്ലോക്ക് ബസ്റ്റർ ഹിറ്റുകളാണ്.
പിയേഴ്സ് ബ്രോസ്നൻ്റെ വൈറൽ അഭിമുഖം കാണാം...