നിലമ്പൂർ നഗരം ജനാധിപത്യ ഉത്സവത്തിൻ്റെ അരങ്ങായി. കൊട്ടിക്കലാശത്തെ അണികൾ ആവേശത്തിൻ്റെ പരകോടിയിൽ എത്തിച്ചു. ഇടയ്ക്കിടെ പെയ്ത മഴ പോലും പ്രവർത്തകരുടെ ആവേശാഗ്നിയെ കെടുത്തിയില്ല.
ചെണ്ടമേളവും ബാൻ്റ് സെറ്റും ഒരുക്കിയും കൊടികളേന്തിയും പ്രവർത്തകർ കൊട്ടിക്കലാശത്തിലെ ആധിപത്യത്തിനായി മത്സരിച്ചു. സ്ഥാനാർഥികളുടെ കട്ടൗട്ടുമായി ചിലർ എത്തിയത്.
രാവിലെ തുടങ്ങിയ റോഡ് ഷോയ്ക്ക് ശേഷമാണ് എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ് കൊട്ടിക്കലാശത്തിന് എത്തിയത്. വഴിക്കടവിൽ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. മണ്ഡലത്തിന് അകത്തും പുറത്തും നിന്നുള്ള നൂറുകണക്കിന് പ്രവർത്തകരാണ് കൊട്ടിക്കലാശത്തിന് എത്തിയത്.
വികസനം എണ്ണിപറഞ്ഞാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് എം സ്വരാജ് ന്യൂസ് മലയാളത്തോട് പറഞ്ഞു.
ഉച്ചയോടെയാണ് യുഡിഎഫിൻ്റെ റോഡ്ഷോ വഴിക്കടവിൽ നിന്ന് തുടങ്ങിയത്. വർണാഭമായ ബൈക്ക് റാലി നിലമ്പൂരിൽ എത്തിയതോടെ, പ്രവർത്തകരുടെ ആവേശം അണപൊട്ടി.
ത്രികോണമത്സരം ഇല്ലെന്നും മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലെന്നും യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
വൈകിയെത്തിയ ബിജെപി അവസാന ലാപ്പിൽ നിറഞ്ഞാടി. നഗരത്തിലെങ്ങും കാവിക്കൊടി നിറച്ച് ബിജെപി പ്രവർത്തകർ കൊട്ടിക്കലാശം കളറാക്കി.
എൻഡിഎ സ്ഥാനാർഥി വിജയിച്ചു കഴിഞ്ഞാൽ വികസനം എന്താണെന്ന് കാണിച്ചുതരാം എന്ന് പി.കെ. കൃഷ്ണദാസ് പറഞ്ഞു.
അപ്രതീക്ഷിത നീക്കങ്ങളിലൂടെ ഓരോ ദിവസവും അത്ഭുതപ്പെടുത്തിയ പി.വി.അൻവർ കൊട്ടിക്കലാശത്തിന് എത്തിയില്ല. കഴിഞ്ഞ ദിവസം റോഡ് ഷോ നടത്തിയത് കൊണ്ടാണ് കൊട്ടിക്കലാശം ഒഴിവാക്കിയത്. പകരം പരമാവധി വോട്ടർമാരെ നേരിൽ കാണാനാണ് അൻവർ ശ്രമിച്ചത്.
മൂന്നാഴ്ച നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ എല്ലാ ആവേശവും പ്രതിഫലിക്കുന്നതായിരുന്നു കൊട്ടിക്കലാശം. നാളെ നിശബ്ദ പ്രചാരണത്തിൻ്റെ ദിനമാണ്. മറ്റന്നാളാണ് കേരള രാഷ്ട്രീയത്തിൽ തന്നെ ഗതിനിർണായകമായ വോട്ടെടുപ്പ്.