കടലോരങ്ങളും, കുന്നിൻചരിവുകളും, കോട്ടകളുമായി യാത്രികരെ മാടി വിളിക്കുന്ന നാട്. കാഴ്ചകളുടെ മാത്രമല്ല ആഘോഷങ്ങളുടെയും ഭൂമികയാണ് സഞ്ചാരികളുടെ ഇഷ്ട ഡെസ്റ്റിനേഷനുകളിലൊന്നായ ഗോവ.
ഓൾഡ് ഗോവയും, അഗോഡയും, കലാൻഗുട്ട്, ബാഗാ,അരംബോൾ, പലോലം ബീച്ച്, അഞ്ജുന ബീച്ചുകളും.
കേരളത്തിലെ ഭൂപ്രകൃതിയെ ഓർമിപ്പിക്കുന്ന ഗോവൻ വില്ലേജുകൾ. അതിശയത്തോടെ മാത്രം നോക്കിക്കാണാവുന്ന പള്ളികൾ, കോട്ടകൾ, വീടുകൾ ഉൾപ്പെടെയുള്ള നിർമാണങ്ങൾ ഇവ ഗോവയുടെ മാത്രം സവിശേഷതകളാണ്.
ഓൾഡ് ഗോവ നഗരാവശിഷ്ടങ്ങൾ കാണാതെ ഗോവൻ യാത്ര പൂർണമാകില്ലെന്നാണ്. 15-ാം നൂറ്റാണ്ടിൽ ബീജാപൂർ സുൽത്താന്മാർ പണി കഴിപ്പിച്ച നഗരം. 18-ാം നൂറ്റാണ്ടിന്റ അന്ത്യത്തിൽ പ്ലേഗ് ബാധമൂലം നഗരം ഉപേക്ഷിക്കുന്നതുവരെ പോർച്ചുഗീസ് ഇന്ത്യയുടെ തലസ്ഥാനം. പള്ളികൾ, കോട്ടകൾ അങ്ങവെ ഏറെയുണ്ട് ഇവിടെ കാണാൻ , ആർട്ട് ഗ്യാലറി, ഇന്ന് മ്യൂസിയം ഉൾപ്പെടെ ഒരുക്കി സന്ദർശകരെ കാത്തിരിക്കുന്ന ഓൾഡ് ഗോവ.
ഏറെ പ്രശസ്തമായ ചപ്പോറ കോട്ടയിലേക്കാണ് സഞ്ചാരികളുടെ കുത്തൊഴുക്ക്. കാണാനുള്ളതോ മനോഹരമായ വ്യൂ പോയിന്റും. അഞ്ചുന ബീച്ചും ചുറ്റുപാടും വ്യക്തമായി കാണാം എന്നതുകൊണ്ടു തന്നെ ഇവിടെ അസ്തമയ സൂര്യനെ കാണാനാണ് സഞ്ചാരികളെത്തുന്നത്.
ഒരുകാലത്ത് ബിജാപൂർ സുൽത്താനേറ്റിന്റെ ശക്തികേന്ദ്രം. നിർമാണത്തിന്റെ എല്ലാ മനോഹാരിതയും വിളിച്ചോതിയിരുന്ന കോട്ട ഇന്ന് ചരിത്ര സ്മാരകമാണ്.
ബാരക്കുകളുടെയും മറ്റ് കെട്ടിടങ്ങളുടെയും വളരെക്കുറച്ച് അവശിഷ്ടങ്ങൾ മാത്രമാണ് ഇവിടെ ഇനി ബാക്കി. ഉപദ്വീപ്, ചപ്പോറ നദി, ചപ്പോറ, അഞ്ജുന, വാഗതോർ ബീച്ചുകളുടെ വ്യൂ. ഒപ്പം അസ്തമയ സൂര്യന്റെ ഭംഗിയും ഇന്നും ഇവിടേക്ക് ഒഴുകിയെത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട കാഴ്ച.
നൂറ്റാണ്ടുകൾ പഴക്കമുള്ള ഏറെ യുദ്ധങ്ങളുടെ കഥപറയാനുണ്ട് ഈ സ്മാരകത്തിന്. വടക്കൻ ഗോവയിൽ സ്ഥിതി ചെയ്യുന്ന ചപ്പോറ കോട്ടയ്ക്ക് പതിനേഴാം നൂറ്റാണ്ട് മുതലുള്ള ചരിത്രമുണ്ട്. ഇടുങ്ങിയതും ആഴമുള്ളതുമായ വഴികൾ, കുന്നിൻ ചരിവിനെ പരിഗണിച്ച് നിർമിച്ച പാതകൾ.
ചെറുതും അലങ്കാരങ്ങളില്ലാത്തതുമായ പ്രവേശന കവാടം. പ്രതാപകാലത്ത് കൊത്തളങ്ങളും, പീരങ്കികളും മറ്റും സൂക്ഷിക്കാൻ ആയുധപ്പുരകളും ഇന്നില്ല, കോട്ട പിടിച്ചെടുത്ത് പോർട്ടുഗീസുകാർ പുനർനിർമിച്ചപ്പോൾ ഉണ്ടാക്കിയ തുരങ്കങ്ങളുടെ വായത്തലകൾ മാത്രം കാണാം.
ചപ്പോറ ഇന്ന് ഏറെ പ്രശസ്തമായത് ബോളിവുഡ് ചിത്രം ദിൽ 'ദിൽ ചാഹ്താ ഹേ' വഴിയാണ്. 2001-ൽ ആമിർ ഖാൻ, സെയ്ഫ് അലി ഖാൻ, അക്ഷയ് ഖന്ന, പ്രീതി സിന്റ, സോനാലി കുൽക്കർണി, ഡിംപിൾ കപാഡിയ എന്നിവർ അഭിനയിച്ച ഈ ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലെ ഏറ്റവും മനോഹരമായ സീൻ ചപ്പോറയിൽ ചിത്രീകരിച്ചതാണ്.
ഇടിഞ്ഞുതകർന്ന കോട്ടമതിലിൽ കടലിനെ അഭിമുഖീകരിച്ച് ആമിർ ഖാൻ, സെയ്ഫ് അലി ഖാൻ, അക്ഷയ് ഖന്ന എന്നിവരുടെ കഥാപാത്രങ്ങൾ നിൽക്കുന്ന ചിത്രങ്ങൾ ഇന്നും ആരാധകർക്കിടയിൽ തരംഗമാണ്. അത്തരം ഒരു ചിത്രത്തിനായി മാത്രം ഇവിടേയ്ക്ക് എത്തുന്നവരും ഏറെയുണ്ട്.
മറ്റേതൊരു കാഴ്ചയേക്കാളും ചപ്പോറ ഇവിടെയെത്തുന്ന സഞ്ചാരികളിലേക്ക് ഇറങ്ങിച്ചെല്ലും. അറബിക്കടലിന് മുകളിലുള്ള അഗ്നിജ്വാലയെന്നാണ് ചപ്പോറയിലെ സൂര്യാസ്തമയത്തെ വിശേഷിപ്പിക്കുന്നത്. 'ദിൽ ചാഹ്താ ഹേ' -മലയാളീകരിച്ചാൽ 'ഹൃദയം ആഗ്രഹിക്കുന്നത്' അതാണ് ഗോവയിൽ ചപ്പോറ.
ജയിൽ കഥകൾ പറയുന്ന, അതിക്രൂരമായ മരണ ശിക്ഷകൾ നടപ്പാക്കിയിരുന്ന പോർച്ചുഗീസ് ഗോപുരങ്ങൾ പതിച്ച ഉറപ്പുള്ള ലാറ്ററൈറ്റ് മതിലുകളാൽ ചുറ്റപ്പെട്ട റെയിസ് മാഗോസ് കോട്ട. അതുപോലെ പോലെ ചരിത്രത്തിലെ ഏറെ അധിനിവേശങ്ങൾക്ക് സാക്ഷ്യം വഹിച്ച, ഏറെ സംസ്കാരങ്ങളുടെ ഭാഗമായി മാറിയ നിരവധി സ്മാരകങ്ങൾ ഗോവയിലുണ്ട്.
ഒരേ സമയം പോകുവാനും വരുവാനും പറയുന്ന സ്ഥലമാണ് ഗോവ എന്ന് മലയാളികൾ പറയും. കടലോര കാഴ്ചകൾക്കും കുന്നിൻചെരിവുകൾക്കും ചരിത്ര സ്മാരകങ്ങൾക്കും അപ്പുറം ഏറെ കഥകളുണ്ട് ഗോവയ്ക്ക് പറയാൻ.