ഇന്ന്, ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ 90ാം ജന്മദിനം. 1935 ജൂലൈ 6ന് വടക്കുകിഴക്കൻ ടിബറ്റിലെ ആംഡോയിലെ തക്‌സെറിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ കുഗ്രാമത്തിൽ, ഒരു കർഷക കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ലാമോ ധോണ്ടപ്പ് എന്നാണ് മാതാപിതാക്കള്‍ നല്‍കിയ പേര്. രണ്ട് വയസ്സുള്ളപ്പോൾ, 13ാം ദലൈലാമയായ തുബ്ടെൻ ഗ്യാറ്റ്‌സോയുടെ പുനർജന്മമായി അംഗീകരിക്കപ്പെട്ടു.
ആറാം വയസ്സിൽ ലാമ തന്റെ സന്ന്യാസ വിദ്യാഭ്യാസം ആരംഭിച്ചു. ബുദ്ധമത ചിന്ത, യുക്തി, ഫൈൻ ആർട്സ്, സംസ്കൃത വ്യാകരണം, വൈദ്യം എന്നിവയായിരുന്നു പ്രധാന വിഷയങ്ങള്‍. മധ്യമിക, വിനയ, പ്രമാണ, അഭിധർമ എന്നിവയായിരുന്നു ബുദ്ധമതപരമായി അഭ്യസിച്ച വിഷയങ്ങള്‍.
1950ൽ, ചൈനയുടെ ടിബറ്റ് അധിനിവേശത്തിനുശേഷം, പൂർണ്ണ രാഷ്ട്രീയ അധികാരം ഏറ്റെടുക്കാൻ ദലൈലാമ ക്ഷണിക്കപ്പെട്ടു. 1954ൽ, അദ്ദേഹം ബീജിങ്ങില്‍ പോയി മാവോ സെദോങ്ങിനെയും ഡെങ് സിയാവോപിങ്, ചൗ എൻലൈ തുടങ്ങിയ മറ്റ് ചൈനീസ് നേതാക്കളെയും കണ്ടു. ഒടുവിൽ, 1959ൽ, ലാസയിലെ ടിബറ്റൻ ദേശീയ പ്രക്ഷോഭത്തെ ചൈനീസ് സൈന്യം ക്രൂരമായി അടിച്ചമർത്തിയതിനെ തുടർന്ന്, ലാമ രാജ്യം വിട്ടു. അന്നുമുതൽ അദ്ദേഹം വടക്കേ ഇന്ത്യയിലെ ധർമശാലയിലാണ് താമസിക്കുന്നത്.
1963ൽ, ലാമ ടിബറ്റിനായി ഒരു ജനാധിപത്യ ഭരണഘടനയുടെ കരട് അവതരിപ്പിച്ചു. ടിബറ്റൻ ഭരണകൂടത്തെ ജനാധിപത്യവൽക്കരിക്കുന്നതിനുള്ള നിരവധി പരിഷ്കാരങ്ങളും. പുതിയ ജനാധിപത്യ ഭരണഘടനയ്ക്ക് "പ്രവാസത്തിലുള്ള ടിബറ്റൻമാരുടെ ചാർട്ടർ" എന്നാണ് പേരിട്ടത്.
1987 സെപ്റ്റംബർ 2-ന് വാഷിംഗ്ടൺ ഡിസിയിൽ യുഎസ് സ്റ്റേറ്റ് കോൺഗ്രസ് അംഗങ്ങളെ അഭിസംബോധന ചെയ്തു. ടിബറ്റില്‍ സമാധാനത്തിനായി അഞ്ച് നിർദേശങ്ങള്‍ മുന്നോട്ടുവെച്ചു. യൂറോപ്യന്‍ പാർലമെന്റിലും ഈ നിർദേശങ്ങള്‍ അവതരിപ്പിച്ചു.
ടിബറ്റിന്റെ വിമോചനത്തിനായുള്ള അഹിംസാ പോരാട്ടത്തിന് 1989-ൽ ദലൈലാമ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അർഹനായി.
6 ഭൂഖണ്ഡങ്ങളിലായി 67-ലധികം രാജ്യങ്ങൾ അദ്ദേഹം സന്ദർശിച്ചു. സമാധാനം, അഹിംസ, മതാന്തര ധാരണ, സാർവത്രിക ഉത്തരവാദിത്തം, കാരുണ്യം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സന്ദേശങ്ങളെ അംഗീകരിച്ചുകൊണ്ട് 150ലധികം അവാർഡുകൾ, ഓണററി ഡോക്ടറേറ്റുകൾ, സമ്മാനങ്ങൾ തുടങ്ങിയവ അദ്ദേഹത്തിന് ലഭിച്ചു. 110ലധികം പുസ്തകങ്ങൾ രചിക്കുകയോ സഹരചയിതാവാകുകയോ ചെയ്തിട്ടുണ്ട്.
2011 മാർച്ച് 14ന്, ടിബറ്റൻ പീപ്പിൾസ് ഡെപ്യൂട്ടീസ് അസംബ്ലിക്ക് (ടിബറ്റൻ പാർലമെന്റ്-ഇൻ-എസൈൽ) തന്നെ താൽക്കാലിക അധികാരത്തിൽ നിന്ന് ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ദലൈലാമ കത്തെഴുതി. ടിബറ്റൻ പ്രവാസികളുടെ ചാർട്ടർ അനുസരിച്ച്, അദ്ദേഹം സാങ്കേതികമായി ഇപ്പോഴും രാഷ്ട്രത്തലവനാണ്. ടിബറ്റിൽ ദലൈലാമകൾ ആത്മീയവും രാഷ്ട്രീയവുമായ അധികാരം വഹിച്ചിരുന്ന ആചാരം അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
പതിനഞ്ചാം ദലൈലാമ തന്‍റെ മരണശേഷമായിരിക്കും കണ്ടെത്തപ്പെടുക എന്നാണ് ലാമ പ്രഖ്യാപിച്ചത്. ഇതോടെ 600 വര്‍ഷം പഴക്കമുള്ള ടിബറ്റന്‍ ബുദ്ധിസം നിലവിലെ ദലൈ ലാമയോടെ അവസാനിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് അവസാനമായി. പിൻഗാമിയെ കണ്ടെത്താനുള്ള അധികാരം തന്‍റെ ട്രംസ്റ്റായ ഗാദെൻ പൊദ്രാങിനാണെന്നും അതിൽ മറ്റാർക്കും ഇടപെടാനുള്ള അധികാരമില്ലെന്നും 14ാം ദലൈ ലാമ പറഞ്ഞു.
130 വയസ്സിനു മുകളിൽ ജീവിക്കാനും മരണശേഷം പുനർജന്മം നേടാനുമുള്ള തന്റെ പ്രതീക്ഷയെക്കുറിച്ച് നവതി ദിനം അനുയായികളോട് ദലൈലാമ സംസാരിച്ചു.
"ഇടം നിലനിൽക്കുന്നിടത്തോളം, ജീവൻ നിലനിൽക്കുന്നിടത്തോളം, ഞാനും നിലനിൽക്കട്ടെ, ലോകത്തിന്റെ ദുരിതങ്ങൾ അകറ്റാൻ. മനസമാധാനവും കാരുണ്യവും വളർത്തിയെടുക്കാൻ എന്റെ ജന്മദിനത്തിന്റെ അവസരം ഉപയോഗിച്ചതിന് നന്ദി," ലാമ കൂട്ടിച്ചേർത്തു.
90ാം ജന്മവാർഷികത്തിന് മുന്നോടിയായി ശനിയാഴ്ച കാംഗ്രയിലെ ധർമശാലയിൽ നടന്ന ലാമയുടെ ദീർഘായുസിനായുള്ള പ്രാർത്ഥനാ ചടങ്ങിൽ അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു ദലൈലാമയുടെ അനുഗ്രഹം തേടുന്നു.
ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ 90ാം ജന്മവാർഷികത്തിന് മുന്നോടിയായി ശനിയാഴ്ച കാംഗ്രയിലെ ധർമശാലയിൽ നടന്ന ലാമയുടെ ദീർഘായുസിനായുള്ള പ്രാർത്ഥനാ ചടങ്ങിൽ പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അദ്ദേഹത്തിന്റെ അനുഗ്രഹം തേടുന്നു