ആഘോഷത്തിന് ഒരു കുറവുമില്ല... ഓണാഘോഷത്തിൻ്റെ കാര്യമല്ല പറഞ്ഞത്, അങ്ങ് സ്പെയിനിലെ ലാ ടൊമാറ്റിന ഫെസ്റ്റിവലിന്റെ കാര്യമാണ്. 120 ടൺ തക്കാളിയാണ് ആഘോഷം കളറാക്കാൻ ഇത്തവണ ഇറക്കിയത്. സ്പെയിനിലെ തെരുവുകൾ ഇക്കുറിയും തക്കാളിച്ചുവപ്പിൽ തുടുത്തു...
1945 ഓഗസ്റ്റിലാണ് ലാ ടൊമാറ്റിന എന്ന തക്കാളിയേറാഘോഷം സ്പെയിൻ ആരംഭിക്കുന്നത്. ലോക ടൂറിസം ഹബ്ബിന്റെ ഫേവറിറ്റ് ആഘോഷമായി അത് മാറിയിട്ട് കാലം കുറെയായി. ഇത്തവണ തക്കാളിയേറുത്സവത്തിൻ്റെ എൺപതാം വാർഷികമായിരുന്നു.
ഓഗസ്റ്റിലെ അവസാന ബുധനാഴ്ചയാണ് സ്പെയിനിലെ വലൻസിയയിൽ നിന്ന് 40 കിലോമീറ്റർ ദൂരെ ബ്യൂണോളിൽ തെരുവുകളുടെ ചുണ്ടും ദേഹവും ചുവപ്പിക്കുന്ന ഈ ആഘോഷം. ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യോത്സവമെന്നും ലാ ടൊമാറ്റിന അറിയപ്പെടുന്നു.
ഈ ദിവസം നഗരത്തിലെ തെരുവുകളെല്ലാം ചുവന്നു തുടുക്കും. തക്കാളികൊണ്ട് പരസ്പരം എറിഞ്ഞും ചവിട്ടിമെതിച്ചും ചതഞ്ഞരഞ്ഞ തക്കാളികളിൽ കിടന്ന് നിരങ്ങിയും ആളുകൾ ആഘോഷിക്കുന്നു. ചതഞ്ഞരഞ്ഞ തക്കാളികൾ കൊണ്ട് ചുവന്നു തുടുത്ത തെരുവുകൾ.
പതിനായിരക്കണക്കിന് പേരാണ് എല്ലാ വർഷവും ഉത്സവത്തിനെത്തുന്നത്. ലോകത്ത് പലയിടത്ത് നിന്നും വൻതോതിൽ ആളുകളെത്താൻ തുടങ്ങിയതോടെ 2013 മുതൽ സംഘാടകർ ടിക്കറ്റ് ഏർപ്പെടുത്തി.
ഈ വർഷത്തെ ലാ ടൊമാറ്റിനായുടെ സ്ലോഗൻ, ടൊമാറ്റെറാപ്പി അഥവാ ടൊമാറ്റോ തെറാപ്പി എന്നായിരുന്നു. ഉത്സവത്തിനിടെ ഗാസയ്ക്കെതിരായ ഇസ്രയേൽ സൈനിക നീക്കത്തോട് പ്രതിഷേധിച്ചുള്ള പതാകകളും പ്ലക്കാർഡുകളും കണ്ടു.
തക്കാളി ഇങ്ങനെ വേസ്റ്റാക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്നവരുണ്ടെങ്കിൽ അവരോട് ഒരു കാര്യം. ഇത് ഫെസ്റ്റിവലിനായി പ്രത്യേകം വളർത്തിയെടുത്ത തക്കാളിയാണ്, ഇത് ഭക്ഷ്യയോഗ്യമല്ല..