220 കോടി നേടിയ ഭാഗ്യവാന്‍ മലയാളിയല്ല, ഇന്ത്യക്കാരന്‍ തന്നെ; ഭാഗ്യമായത് അമ്മയുടെ ജന്മദിനം

ഒരു സൂപ്പര്‍ കാര്‍ വാങ്ങണം, സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍ താമസിക്കണം, മാതാപിതാക്കള്‍ ആഗ്രഹിച്ചതെല്ലാം നടത്തണം- ഇതൊക്കെയാണ് ആഗ്രഹങ്ങളെന്ന് അനില്‍ കുമാര്‍
അനിൽ കുമാർ ബല്ല
അനിൽ കുമാർ ബല്ല Image: X
Published on

ദുബായ്: ഒടുവില്‍ സസ്‌പെന്‍സിന് വിരാമം. ദുബായ് ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ തുകയായ 100 മില്യണ്‍ ദിര്‍ഹം (ഏകദേശം 220 കോടി രൂപ) നേടിയ ഭാഗ്യവാനായ ഇന്ത്യക്കാരന്‍ ആരാണെന്ന് ലോകം അറിഞ്ഞു. നേരത്തേ മലയാളിയാണ് ആ ഭാഗ്യവാന്‍ എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. പക്ഷേ, ഭാഗ്യദേവത കടാക്ഷിച്ചത് മലയാളിയെയല്ല, പക്ഷേ ഇന്ത്യക്കാരനെ തന്നെയാണ്.

തെലങ്കാനയില്‍ നിന്ന് ഒന്നര വര്‍ഷം മുമ്പ് അബുദാബിയില്‍ എത്തിയ അനില്‍കുമാര്‍ ബൊല്ല എന്ന 29 കാരനാണ് ഭാഗ്യവാന്‍. 8.8 ദശലക്ഷത്തില്‍ ഒരു സാധ്യത മാത്രമുള്ള ഈ റെക്കോര്‍ഡ് വിജയം അനില്‍കുമാര്‍ നേടിയത് 23-ാമത് ലക്കി ഡേ ഡ്രോയിലാണ്. ദീപാവലി ആഘോഷങ്ങള്‍ക്ക് മുമ്പെത്തിയ ഭാഗ്യം തനിക്ക് ഇരട്ടി മധുരമാണെന്ന് അനില്‍ കുമാര്‍ പറഞ്ഞു.

ഒന്നിച്ച് 12 ടിക്കറ്റുകളാണ് ഭാഗ്യം പരീക്ഷിക്കാന്‍ അനില്‍കുമാര്‍ എടുത്തത്. എല്ലാ ടിക്കറ്റ് നമ്പരിലും ഒരു പ്രത്യേകതയുണ്ടായിരുന്നു. അമ്മയുടെ ജന്മ മാസമാണ് നവംബര്‍. ടിക്കറ്റിലെല്ലാം പതിനൊന്ന് ഉണ്ടാകാന്‍ അനില്‍കുമാര്‍ ശ്രദ്ധിച്ചിരുന്നു. ആ തീരുമാനം വെറുതേയായില്ല, അമ്മയുടെ ജനന്മദിനം മകന് ഭാഗ്യം സമ്മാനിച്ചു.

താനാണ് ആ ഭാഗ്യവാനെന്ന് അറിഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കാനായില്ലെന്ന് അനില്‍ കുമാര്‍ പറയുന്നു. വിശ്വസിക്കാന്‍ കുറച്ച് സമയമെടുത്തു. ഒരേ ഇരിപ്പില്‍ കുറേ നേരം കഴിഞ്ഞാണ് സ്വയം വിശ്വസിച്ചത്. പണം ശരിയായ രീതിയില്‍ ഉപയോഗിക്കാനുള്ള വഴികള്‍ ആലോചിക്കുകയാണ് അനില്‍ കുമാര്‍. അതിനൊപ്പം മനസ്സില്‍ സൂക്ഷിച്ച ചില ആഗ്രഹങ്ങള്‍ കൂടിയുണ്ട്.

അതിലൊന്ന് ഒരു സൂപ്പര്‍ കാറാണ്. ഒരിക്കലും നടക്കാന്‍ സാധ്യതയില്ലെന്ന് കരുതിയ ആ സ്വപ്‌നം ഇനി യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്ന സന്തോഷത്തിലാണ് ഈ ചെറുപ്പക്കാരന്‍. പിന്നെ, സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍ തന്റെ വിജയം ആഘോഷിക്കണം. മറ്റൊരാഗ്രഹം മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരുന്നതാണ്.

പണം ശരിയായ രീതിയില്‍ നിക്ഷേപിച്ച് അച്ഛനും അമ്മയ്ക്കുമൊപ്പം യുഎഇയില്‍ സുഖമായി താമസിക്കണം. അച്ഛനും അമ്മയ്ക്കും ചെറിയ സ്വപ്‌നങ്ങളേ ഉണ്ടായിരുന്നുള്ളൂ. അവര്‍ക്ക് എന്തൊക്കെ ആഗ്രഹങ്ങളുണ്ടായിരുന്നോ അതെല്ലാം തനിക്ക് പൂര്‍ത്തിയാക്കണം. അവരെ നന്നായി നോക്കണം. ഇതാണ് അനില്‍കുമാറിന്റെ ആഗ്രഹം.

ലഭിച്ച തുകയില്‍ ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കാനും അനില്‍ കുമാര്‍ ആഗ്രഹിക്കുന്നുണ്ട്. പണം ആവശ്യമുള്ളവര്‍ക്ക് അത് എത്തിക്കുന്നതില്‍ തനിക്ക് സന്തോഷം മാത്രമേ ഉള്ളൂവെന്നും അനില്‍ കുമാര്‍ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com