ദുബൈ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉൽപ്പന്നങ്ങൾക്കുള്ള അവസാനഘട്ട നിരോധനത്തിൻ്റെ ഭാഗമായി നിർദേശങ്ങൾ പുറത്തുവിട്ട് ദുബൈ മുനിസിപ്പാലിറ്റി. കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവ് പുറപ്പെടുവിച്ചു.
2023 ലെ എക്സിക്യൂട്ടീവ് കൗൺസിൽ പ്രമേയ (124)ത്തിൻ്റെ അന്തിമ ഘട്ടം 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ദുബൈ മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. യുഎഇ വിപണികളിലുടനീളം ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉൽപ്പന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്ന 2022 ലെ കാബിനറ്റ് പ്രമേയം (380) നടപ്പിലാക്കുന്നതിലൂടെ ഈ നാഴികക്കല്ലാകുന്ന മാറ്റമായിരിക്കും ഇത്.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പ്ലേറ്റുകൾ, പ്ലാസ്റ്റിക് പാനീയ കപ്പുകളും അവയുടെ മൂടികളും, 2025 ൽ എമിറേറ്റിൽ ഇതിനകം നിരോധിച്ച ഉൽപ്പന്നങ്ങളായ പോളിസ്റ്റൈറൈൻ കപ്പുകൾ, പ്ലേറ്റുകൾ, കണ്ടെയ്നറുകൾ, പ്ലാസ്റ്റിക് കോട്ടൺ ബഡുകൾ, പ്ലാസ്റ്റിക് ടേബിൾ കവറുകൾ, പ്ലാസ്റ്റിക് സ്ട്രോകൾ, എന്നിവയുടെ ഉപയോഗം മാത്രം പരിമിതപ്പെടുത്താതെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിരോധിക്കുന്നതിലാണ് അവസാന ഘട്ടം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
2023 ലെ എക്സിക്യൂട്ടീവ് കൗൺസിൽ പ്രമേയം അനുസരിച്ച് പ്രകൃതി പരിസ്ഥിതി, ജൈവവൈവിധ്യം, വന്യജീവികൾ എന്നിവയെ സംരക്ഷിക്കുക, പുനരുപയോഗിക്കാൻ പറ്റുന്നതും ഒന്നിലധികം ഉപയോഗങ്ങളുള്ളതുമായ വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, സുസ്ഥിരമായ ബദലുകൾ നൽകുന്നതിന് പ്രാദേശിക വിപണിയെ ഉത്തേജിപ്പിക്കുക, എന്നിവ ലക്ഷ്യം വച്ചുകൊണ്ടാണ് ഇത്തരമൊരു പരിപാടി നടപ്പിലാക്കുന്നത്. 2024 ജനുവരി 1 ന് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ചുകൊണ്ട് പ്രമേയത്തിൻ്റെ ആദ്യ ഘട്ടം പ്രാബല്യത്തിൽ വന്നു. 2024 ജൂൺ 1 ന് രണ്ടാം ഘട്ടവും നടപ്പിലാക്കി.