യുഎസ് സ്റ്റുഡന്റ് വിസയില്‍ വരുന്ന മാറ്റങ്ങള്‍ എന്തൊക്കെ? ഇന്ത്യന്‍ വിദ്യാര്‍ഥികളെ എങ്ങനെ ബാധിക്കും?

നിര്‍ബന്ധിത സോഷ്യല്‍ മീഡിയ സ്‌ക്രീനിങ്, വിസകള്‍ക്ക് നിര്‍ദിഷ്ട സമയപരിധി എന്നിവയാണ് പുതിയ മാറ്റങ്ങള്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം NEWS MALAYALAM 24x7
Published on

വാഷിങ്ടണ്‍: യുഎസ് സ്റ്റുഡന്റ് വിസയില്‍ സുപ്രധാന മാറ്റങ്ങളാണ് വന്നിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികളെയടക്കം പുതിയ മാറ്റങ്ങള്‍ ബാധിക്കും. വിസ അപേക്ഷയ്ക്കുള്ള ഫീസിലടക്കമാണ് മാറ്റങ്ങള്‍.

നിര്‍ബന്ധിത സോഷ്യല്‍ മീഡിയ സ്‌ക്രീനിങ്, വിസകള്‍ക്ക് നിര്‍ദിഷ്ട സമയപരിധി എന്നിവയാണ് പുതിയ മാറ്റങ്ങള്‍. ചില മാറ്റങ്ങള്‍ ഇതിനകം പ്രാബല്യത്തില്‍ വന്നിട്ടുണ്ടെങ്കിലും മറ്റ് മാറ്റങ്ങള്‍ സെപ്റ്റംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മൂന്ന് പ്രധാന മാറ്റങ്ങള്‍ ഇവ

സ്റ്റുഡന്റ് വിസ ഫീസില്‍ വര്‍ധന

ഈ വര്‍ഷം ജുലൈ 4 ന് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ച ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിന്റെ ഭാഗമായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അടക്കം വിസ അപേക്ഷിക്കുമ്പോള്‍ വിസ ഇന്റഗ്രിറ്റി ഫീ നല്‍കണം. 250 യുഎസ് ഡോളര്‍ (21,463) രൂപയാണ് വിസ ഇന്റഗ്രിറ്റി ഫീ. വിദേശ സന്ദര്‍ശകരുടെ വരവും പോക്കും ട്രാക്ക് ചെയ്യുന്ന ഫോം I94 ന് 24 യുഎസ് ഡോളര്‍ (2060 രൂപ) നിര്‍ബന്ധിത മിനിമം ഫീസും ബില്ലില്‍ ഉള്‍പ്പെടുന്നുണ്ട്.

പ്രതീകാത്മക ചിത്രം
കുവൈത്തിൽ 67 ഓളം സേവനങ്ങൾക്ക് ഇനി ഫീസ് നൽകണം; നിർദേശവുമായി വാണിജ്യ വ്യവസായ മന്ത്രാലയം

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധിത സോഷ്യല്‍ മീഡിയ സ്‌ക്രീനിങ്

എഫ്, എം, ജെ നോണ്‍-ഇമിഗ്രന്റ് വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ അവരുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളുടെ പ്രൈവസി സെറ്റിങ് പബ്ലിക് ആക്കി വെക്കണമെന്നാണ് ഇന്ത്യയിലെ യുഎസ് എംബസി അടുത്തിടെ പ്രഖ്യാപിച്ചത്. വിദ്യാര്‍ഥികളാണ് പൊതുവില്‍ ഈ വിസ അപേക്ഷിക്കുന്നത്. എഫ് വിസ അക്കാദമിക് വിദ്യാര്‍ഥികളും എം വിസ തൊഴിലധിഷ്ഠിത അല്ലെങ്കില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കാനഗ്രഹിക്കുന്ന വിദ്യാര്‍ഥികളും ജെ വിസ എക്‌സ്‌ചേഞ്ച് വിദ്യാര്‍ഥികളുമാണ് അപേക്ഷിക്കാറ്.

2019 മുതല്‍ എല്ലാ വിസ അപേക്ഷകരും കുടിയേറ്റ, കുടിയേറ്റേതര അപേക്ഷാ ഫോമുകളില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്ന് യുഎസ് വ്യക്തമാക്കിയതായും എംബസി അറിയിച്ചിട്ടുണ്ട്.

സമയപരിധി

സ്റ്റുഡന്റ് വിസയിലെത്തി രാജ്യത്ത് തങ്ങുന്നവരുടെ എണ്ണം കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് പ്രത്യേക സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ എഫ്-1, ജെ-1 വിസ ഹോള്‍ഡര്‍മാര്‍ക്ക് പഠനം പൂര്‍ത്തിയാക്കുന്ന കാലത്തോളം രാജ്യത്ത് തുടരാമായിരുന്നു. എന്നാല്‍, പുതിയ നിയമം അനുസരിച്ച്, നിശ്ചിത സമയപരിധി നിശ്ചയിക്കും. ഇതില്‍ കൂടുതല്‍ തങ്ങണമെങ്കില്‍ വീണ്ടും അപേക്ഷ നല്‍കേണ്ടി വരും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com