ദുബൈ: 54-ാമത് ഇദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾക്കൊരുങ്ങി നഗരം. ഡിസംബർ 1 മുതൽ 3 വരെയാണ് പരിപാടികൾ നടക്കുന്നത്. പരമ്പരാഗത നൃത്തപ്രകടനങ്ങൾ, കരകൗശല വിപണികൾ, പാചകപ്രദർശനങ്ങൾ, സംസ്കാരവും പൈതൃകവും ആഘോഷിക്കുന്ന കമ്മ്യൂണിറ്റി പരേഡുകൾ എന്നിവ ഉൾപ്പെടുന്ന വിവിധ പരിപാടികളാണ് ഇതിൻ്റെ ഭാഗമായി നഗരത്തിൽ സംഘടിപ്പിക്കുന്നത്. ഇതിൻ്റെ ഭാഗമായാണ് സംഘാടകർ ആളുകൾക്ക് സൗജന്യമായി പങ്കെടുക്കാവുന്ന പരിപാടികളെ ഓർമിപ്പിച്ച് കൊണ്ടുള്ള അറിയിപ്പ് പുറത്തിറക്കിയത്.
ഈദ് അൽ ഇത്തിഹാദ് പരേഡ്
ദുബൈ പൊലീസുമായി ചേർന്നാണ് എല്ലാ വർഷവും ഈദ് അൽ ഇത്തിഹാദ് പരേഡ് സംഘടിപ്പിക്കുന്നത്. ഡിസംബർ 1 ന് വൈകുന്നേരം 4 മണിക്ക് നടക്കുന്ന ഐക്കണിക് മാർച്ചിൽ ദുബായ് പൊലീസ്, കെഎച്ച്ഡിഎ വിദ്യാർഥികൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള ആയിരത്തിലധികം പേർ പങ്കെടുക്കും.
വെടിക്കെട്ട്
ബുർജ് ഖലീഫയുടെ പരിസരത്ത് നടക്കുന്ന കരിമരുന്ന് പ്രയോഗത്തിലൂടെ മിന്നിത്തിളങ്ങി നിൽക്കുന്ന ടവറുകളും കാണാൻ സാധിക്കും. ദുബൈ ഫെസ്റ്റിവൽ സിറ്റി മാൾയും ഹത്തയും രാത്രി 8 മണിക്ക് അവരുടെ പ്രദർശനങ്ങൾ ആരംഭിക്കും.തുടർന്ന് സൂഖ് അൽ സീഫ്, ബ്ലൂവാട്ടേഴ്സ്, ദി ബീച്ച് ബെജിആർ എന്നിവർ രാത്രി ഒൻപത് മണിയോടെ കരിമരുന്ന് പ്രയോഗം ആരംഭിക്കും. ഗ്ലോബൽ വില്ലേജ് ഡിസംബർ 1 മുതൽ 3 വരെ എല്ലാ ദിവസവും രാത്രി 9 മണിക്ക് കരിമരുന്ന് പ്രയോഗവും ഡ്രോൺ ഷോയും നടക്കും
കച്ചേരികൾ
സിറ്റി വാക്കിൽ സംഗീതപ്രേമികൾക്ക് കച്ചേരികൾ ആസ്വദിക്കാം. ഡിസംബർ 1 ന് രാത്രി 8 മണിക്ക് ജിസിസിയിലെ മുൻനിര ഗായികമാരിൽ ഒരാളായ ഡയാന ഹദ്ദാദും, 2 ന് രാത്രി 8 മണിക്ക് പ്രശസ്ത എമിറാത്തി പ്രതിഭ ഷമ്മ ഹംദാനും വേദിയിലെത്തും.