അബുദാബിയിലെ താമസക്കാർക്കും വിനോദസഞ്ചാരികൾക്കും ഈ വേനൽക്കാലത്ത് ആശ്വാസമാവുകയാണ് ഹുദൈരിയത്ത് ദീപിലെ മർസാന ഈസ്റ്റിലെ രാത്രികാല ബീച്ച്. അബുദാബിയിലെ ആദ്യത്തെ രാത്രികാല ബീച്ച് കീടിയാണ് മാർസാന നൈറ്റ് ബീച്ച്. ജൂലൈ ഒന്നിനാണ് രാത്രികാല ബീച്ച് തുറന്നത്. സെപ്റ്റംബർ അവസാനം വരെ ബീച്ച് സന്ദർശകരെ സ്വാഗതം ചെയ്യും. പ്രവൃത്തി ദിവസങ്ങളിൽ രാത്രി 10 മണിവരെയും വാരാന്ത്യങ്ങളിൽ അർധരാത്രി വരെയും ബീച്ചിൽ ലൈഫ് ഗാർഡ് സേവനങ്ങൾ ലഭ്യമാകും.
സന്ദർശകർക്ക് സുരക്ഷ ഉറപ്പാക്കാനായി ഫ്ലഡ്‌ലൈറ്റ് സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വൈവിധ്യമാർന്ന ഡൈനിംഗ് ഓപ്ഷനുകൾ, വിശ്രമിക്കാനുള്ള സൗകര്യം, സൗജന്യ ടവലുകൾ, കനത്ത ചൂടിൽനിന്നും സംരക്ഷണത്തിനായി മിനി കൂളറുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ബീച്ച് ഉപയോക്താക്കൾക്ക് മികച്ച സേവനങ്ങളും സൗകര്യങ്ങളും നൽകാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃരും അറിയിച്ചിട്ടുണ്ട്.
നീന്തലിന് പുറമേ ഒട്ടേറെ കുടുംബ സൗഹൃദ പരിപാടികളും വേനൽക്കാല പരിപാടികളും ബീച്ചിൽ സംഘടിപ്പിക്കും. ഒട്ടേറെ ഭക്ഷണ ശാലകളും ഇവിടെ സജ്ജമാണ്. മർസാന നൈറ്റ് ബീച്ചിന്റെ സമയക്രമം ഇങ്ങനെ..
സമയക്രമം
തിങ്കൾ മുതൽ വെള്ളി വരെ: സൂര്യാസ്തമയം മുതൽ രാത്രി 10 വരെ
ശനി, ഞായർ, മറ്റ് അവധി ദിവസങ്ങൾ: സൂര്യാസ്തമയം മുതൽ പുലർച്ചെ 12 വരെ
ടിക്കറ്റ് നിരക്ക്
തിങ്കൾ മുതൽ വ്യാഴം വരെ: 6 മുതൽ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് 25 ദിർഹം, 12 വയസ്സിന് മുകളിലുള്ള സന്ദർശകർക്ക് 50 ദിർഹം.
വെള്ളി മുതൽ ഞായർ വരെയും മറ്റ് അവധി ദിവസങ്ങൾ: 6 മുതൽ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് 50 ദിർഹം, 12 വയസ്സിന് മുകളിലുള്ള സന്ദർശകർക്ക് 100 ദിർഹം.
6 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യം.