
പ്രമുഖ കമ്പനികളുടെ പേരില്‍ എസ്എംഎസ് അയച്ച് തട്ടിപ്പ് നടത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ക്രിമിനല്‍ സുരക്ഷാ വിഭാഗത്തിന്റെ സൈബര്‍ തട്ടിപ്പുകള്‍ തടയുന്നതിനായുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനും സൈബര്‍ക്രൈം കോംബാറ്റിംഗ് ഡിപാര്‍ട്ട്‌മെന്റിനും റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒരു പ്രാദേശിക നമ്പറില്‍ നിന്ന് തുടര്‍ച്ചയായി പ്രമുഖ കമ്പനികളുടെ പ്രതിനിധികള്‍ എന്ന വ്യാജേന ആളുകള്‍ക്ക് ഫോണിലൂടെ സന്ദേശം അയക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടിയെടുത്തത്.
അന്വേഷണത്തിന്റെ ഭാഗമായി അധികൃതര്‍ ഒരാള്‍ നിരവധി ഫോണ്‍ നമ്പറുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒപ്പമുള്ള സഹായിയുടെ പക്കല്‍ നിന്നും നിരവധി ഫോണുകളും കണ്ടെടുത്തു. രാജ്യത്തിന് പുറത്തുള്ള ഒരാളുമായി താന്‍ നിരന്തരം പ്രവര്‍ത്തിക്കുന്നുണ്ടെന്നും സിം കാര്‍ഡ് ഉപയോഗിക്കുന്നതിനായി ഒരു ആപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ പണം നല്‍കുന്നുണ്ടെന്നും പ്രതികളിലൊരാള്‍ കുറ്റസമ്മതം നടത്തി. സിമ്മുകള്‍ ഉപയോഗിച്ച് വ്യാജ സന്ദേശങ്ങള്‍ അയക്കുന്നതിനാണ് ആപ്പ് ഉപയോഗിച്ച് വന്നത്.
ജനറല്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഇരുവരെയും കസ്റ്റഡിയില്‍ എടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം പൊതു ജനങ്ങളോട് ഇത്തരം സന്ദേശങ്ങളിലും വാര്‍ത്തകളിലും ജാഗരൂകരായി ഇരിക്കണമെന്ന് നിര്‍ദേശിച്ചു. വ്യക്തിഗത വിവരങ്ങളോ ബാങ്കിങ് വിവരങ്ങളോ നല്‍കരുതെന്നും ഇത്തരം സന്ദേശങ്ങളുടെ ആധികാരികത ഔദ്യോഗിക സ്ഥാപനങ്ങള്‍ വഴി തന്നെ ഉറപ്പുവരുത്തണമെന്നും മന്ത്രാലയം പറഞ്ഞു.