
ന്യൂഡല്‍ഹി: അനുഭവ സമ്പന്നരായ പൈലറ്റുമാരെ അറിയിപ്പില്ലാതെ മറ്റ് രാജ്യങ്ങള്‍ ജോലിക്കെടുക്കുന്നതിനെതിരെ ഇന്ത്യ. ഇതുസംബന്ധിച്ച് രാജ്യങ്ങള്‍ തമ്മില്‍ പെരുമാറ്റച്ചട്ടം വേണമെന്നാവശ്യപ്പെട്ട് ഇന്ത്യ രംഗത്തെത്തി. അതിവേഗം വളരുന്ന വ്യോമയാന മേഖലയുടെ കുതിപ്പിനെ ബാധിക്കുന്നുവെന്ന ആശങ്ക ഉയര്‍ത്തിയാണ് ഇന്ത്യ ആവശ്യമുന്നയിച്ചിരിക്കുന്നത്.
അനുഭവ സമ്പന്നരായ പൈലറ്റുമാരും ക്യാബിന്‍ ക്രൂവും മുന്‍കൂട്ടി അറിയിക്കാതെ വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത് വ്യോമായന മേഖലയെ ബാധിക്കുന്നുവെന്നാണ് ഇന്ത്യ ആരോപിക്കുന്നത്. പരസ്പരം ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയൊരു പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നു.
ലോകത്തില്‍ വേഗത്തില്‍ വളരുന്ന വ്യോമയാന മാര്‍ക്കറ്റുകളിലൊന്നായ ഇന്ത്യ അനുഭവ പരിചയമുള്ള പൈലറ്റുമാരുടെ കുറവ് നേരിടുന്നുണ്ട്. ഇത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ആഗോള വ്യോമയാന കേന്ദ്രമായി മാറാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ്. ഇതിനിടയില്‍ വിദേശ എയര്‍ലൈനുകള്‍ ഇന്ത്യയില്‍ നിന്നുള്ള മികച്ച എയര്‍ലൈന്‍ ജീവനക്കാരെ ജോലിക്കെടുക്കുകയാണ്. ഇന്ത്യയുടെ സിവില്‍ ഏവിയേഷന്‍ മേഖലയ്ക്ക് ചിട്ടയായ രീതിയില്‍ വളരാനുള്ള സാധ്യതയാണ് ഇതോടെ നഷ്ടമാകുന്നതെന്നും അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന് സമര്‍പ്പിച്ച കത്തില്‍ പറയുന്നു.
അനുഭവ പരിചയമുള്ളവരെ വിദേശ എയര്‍ലൈനുകള്‍ കൊണ്ടുപോകുന്നതോടെ, പുതിയ ആളുകളെ തുടര്‍ച്ചയായി റിക്രൂട്ട് ചെയ്യുന്നതിലും പരിശീലനം നല്‍കേണ്ടി വരുന്നതിലും മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുന്നുവെന്നാണ് ഇന്ത്യയുടെ പരാതി. ഐസിഎഒയുടെ ത്രിവത്സര സമ്മേളനത്തിന് മുന്നോടിയായാണ് പേപ്പര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.
വിവിധ വിമാനക്കമ്പനികള്‍ 1,700-ലധികം വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുള്ളതിനാല്‍ അടുത്ത 15-20 വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന് നിലവിലെ 6,000-7,000 പൈലറ്റുമാരില്‍ നിന്ന് 30,000 പേരെ അധികമായി ആവശ്യം വരുമെന്ന് സര്‍ക്കാര്‍ ഏപ്രിലില്‍ അറിയിച്ചിരുന്നു.
ഇന്ത്യന്‍ ആഭ്യന്തര വ്യോമായന മേഖലയില്‍ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എന്നിവയാണ് മുന്‍പന്തിയിലുള്ളത്. ഇതിനൊപ്പം എമിറേറ്റ്‌സ്, ബ്രിട്ടീഷ് എയര്‍വെയ്‌സ്, ലുഫ്താന്‍സ തുടങ്ങിയ അന്താരാഷ്ട്ര കമ്പനികളും ദിനംപ്രതി സര്‍വീസ് നടത്തുന്നുണ്ട്.
വിദഗ്ധരായ വ്യോമയാന ജീവനക്കാരെ ജോലിക്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഐസിഎഒ അംഗരാജ്യങ്ങള്‍ക്കിടയില്‍ പെരുമാറ്റച്ചട്ടം രൂപീകരിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. എന്നാല്‍ പെരുമാറ്റച്ചട്ടം എങ്ങനെയായിരിക്കണമെന്ന് വ്യക്തമല്ല.