ദുബൈ: ദീപാവലി ആഘോഷത്തിന് പിന്നാലെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച വൈഷ്ണവ് കൃഷ്ണകുമാറിൻ്റെ വിയോഗത്തിൽ ഞെട്ടൽ വിട്ടുമാറാതെ പ്രവാസ ലോകം. കഴിഞ്ഞ ദിവസമാണ് ആലപ്പുഴ ചെന്നിത്തല സ്വദേശിയായ വൈഷ്ണവ് കൃഷ്ണകുമാർ മരിച്ചത്. ദുബൈ ഇൻ്റർനാഷണൽ അക്കാദമിക് സിറ്റിയിൽ കുഴഞ്ഞു വീണ വൈഷ്ണവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതം മൂലമാണ് വൈഷ്ണവ് മരിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.
ബൈയിലെ മിഡിൽസെക്സ് യൂണിവേഴ്സിറ്റിയിൽ മാർക്കറ്റിംഗിൽ ബിബിഎ ഒന്നാം വർഷ വിദ്യാർഥിയായിരുന്നു വൈഷ്ണവ്. മികച്ച വിദ്യാർഥി എന്ന നിലയിലാണ് വൈഷ്ണവിന് യുഎഇ ഗോൾഡൻ വിസ ലഭിച്ചത്. വിദേശികൾക്ക് പ്രാദേശിക സ്പോൺസറുടെ സഹായമില്ലാതെ 5 അല്ലെങ്കിൽ 10 വർഷം യുഎഇയിൽ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും അനുവദിക്കുന്ന ഒരു പ്രത്യേക ദീർഘകാല താമസ വിസയാണിത്. 2024-25 ലെ സിബിഎസ്ഇ 12-ാം ക്ലാസ് ബോർഡ് പരീക്ഷകളിൽ അദ്ദേഹം 97.4% മാർക്ക് നേടി, മാർക്കറ്റിംഗിലും സംരംഭകത്വത്തിലും സെഞ്ച്വറിയും (100/100) എല്ലാ വിഷയങ്ങളിലും മുഴുവൻ എ1 ഗ്രേഡും സ്വന്തമാക്കിയിരുന്നു.
വൈഷ്ണവ് ജെംസ് ഔവർ ഓൺ ഇന്ത്യൻ സ്കൂളിലെ പൂർവവിദ്യാർഥി കൂടിയാണ്. "ഞങ്ങളുടെ പൂർവവിദ്യാർഥിയും സ്കൂൾ കൗൺസിൽ മുൻ മേധാവിയുമായ വൈഷ്ണവ് കൃഷ്ണകുമാറിൻ്റെ മരണവിവരം വളരെ ദുഃഖത്തോടെയാണ് പങ്കുവയ്ക്കുന്നത്. വൈഷ്ണവിനെ അധ്യാപകരും വിദ്യാർഥികളും വളരെയധികം സ്നേഹിച്ചിരുന്നു. സഹപാഠികളിൽ പലരേയും മികച്ച രീതിയിൽ നയിക്കാൻ വൈഷ്ണവിന് സാധിച്ചിട്ടുണ്ട്.അവൻ്റെ വിയോഗത്തിൽ ഈ സ്കൂൾ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു", സ്കൂൾ പ്രസ്താവനയിലൂടെ അറിയിച്ചു.