
60 വര്‍ഷം ദുബായില്‍ പ്രവാസ ജീവിതം നയിച്ച മലയാളിക്ക് ദുബായ് ഇമിഗ്രേഷന്റെ ആദരം. അധ്യാപനും ക്രസന്റ് ഇംഗ്ലീഷ് ഹൈസ്‌കൂളിന്റെ സ്ഥാപകനുമായ ഹാജി എന്‍. ജമാലുദ്ദീനാണ് ദുബായിലെത്തി ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായും ഔദ്യോഗികമായും യുഎഇയിലേക്ക് ക്ഷണിക്കപ്പെടുന്നതെന്ന് വേണമെങ്കില്‍ പറയാം. അതിന് പിന്നില്‍ ഒരു കഥയുണ്ട്.
1965 ഫെബ്രുവരി 26ന് മുംബൈയില്‍ നിന്നും കപ്പലിലാണ് ഹാജി ദുബായില്‍ വന്നിറങ്ങിയത്. അതുകൊണ്ട് തന്നെ ആദ്യമായി യുഎഇയില്‍ വന്നിറങ്ങുമ്പോഴുള്ള മുദ്ര അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ടില്‍ ഉണ്ടായിരുന്നില്ല. അക്കാലത്ത് യുഎഇയും വളര്‍ന്നുവരുന്നതേ ഉണ്ടായിരുന്നു. ആലപ്പുഴ മാവേലിക്കര സ്വദേശിയാണ് അദ്ദേഹം.
ഇപ്പോള്‍ 91 വയസുണ്ട് ജമാലുദ്ദീന്. നവതിയുടെ ആഘോഷത്തില്‍ നില്‍ക്കുമ്പോള്‍ 60 വര്‍ഷം മുമ്പ് ദുബായില്‍ ആദ്യമായി കാലുകുത്തുമ്പോള്‍ ലഭിക്കാത്ത ആ ഭാഗ്യം 60 വര്‍ഷങ്ങള്‍ക്കിപ്പുറം പാസ്‌പോര്‍ട്ടില്‍ അദ്ദേഹത്തോടുള്ള ആദര സൂചകമായി യുഎഇ ഇമിഗ്രേഷന്‍ പതിപ്പിച്ചു നല്‍കിയിരിക്കുകയാണ്. 1965, ഫെബ്രുവരി 26 എന്ന ദിവസമടക്കം പതിപ്പിച്ച പ്രവേശന മുദ്രയാണ് പാസ്‌പോര്‍ട്ടില്‍ പതിപ്പിച്ചിരിക്കുന്നത്.
ജമാലുദ്ദീന്റെ മകന്റെ അഭ്യര്‍ഥന പ്രകാരമാണ് ദുബായിയോടുള്ള ആത്മബന്ധം അടയാളപ്പെടുത്തുന്നതിനായി പിതാവിന്റെ പാസ്‌പോര്‍ട്ടില്‍ പുതിയ ഒരു പ്രവേശന മുദ്ര പതിപ്പിക്കാന്‍ ദുബായി ഇമിഗ്രേഷനും തയ്യാറായത്.
ദുബായ് എയര്‍പോര്‍ട്ട്‌സ് തന്നെ ഇക്കാര്യം എക്‌സ് പോസ്റ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്. ജമാലുദ്ദീന്‍ സംസാരിക്കുന്ന വീഡിയോയില്‍ തനിക്ക് കിട്ടിയ വലിയ അംഗീകാരമാണ് ഇതെന്നും പറയുന്നു. 1984ലാണ് ക്രസന്റ് ഇംഗ്ലീഷ് സ്‌കൂള്‍ ജമാലുദ്ദീന്‍ ആരംഭിക്കുന്നത്. 1700 ലേറെ വിദ്യാര്‍ഥികള്‍ ഇപ്പോള്‍ സ്‌കൂളില്‍ പഠിക്കുന്നുണ്ടെന്നാണ് ജമാലുദ്ദീന്‍ പറയുന്നത്.