
51 വര്‍ഷമായി യുഎഇയില്‍ ജോലി ചെയ്യുകയായിരുന്ന മലയാളി പ്രവാസി ഗഫൂര്‍ നാട്ടിലെത്തിയത് നാട്ടുകാര്‍ക്ക് തന്നെ ആഘോഷമായിരുന്നു. ഗഫൂറിന്റെ വരവ് നാട് ഉത്സവമാക്കി, സോഷ്യല്‍ മീഡിയ അത് വൈറലാക്കി.
നാടോടിക്കാറ്റിലെ പറ്റിച്ച് പണവുമായി കടന്നുകളയുന്ന ഗഫൂര്‍ അല്ല, ഗഫൂര്‍ക്ക ദോസ്ത് എന്ന് പറഞ്ഞാല്‍ ജോലി കിട്ടുമെന്നും പറഞ്ഞില്ല. പക്ഷെ യുഎഇയിലേക്ക് എത്താന്‍ ആഗ്രഹിച്ച, പരിശ്രമിച്ച ആയിരക്കണക്കിനാളുകള്‍ക്കാണ് ഗഫൂര്‍ ജോലി ഉറപ്പാക്കാന്‍ വ്യക്തിപരമായി സഹായിച്ചത്. യഥാര്‍ഥ ജീവിതത്തില്‍ ഹീറോയായ ഗഫൂര്‍.
തന്റെ നാട്ടിലുള്ള നിരവധി പേരും ഇതിലുള്‍പ്പെടുന്നു. ജോബ് വിസ പ്രോസസിംഗ് സാധ്യമാക്കുന്നതുള്‍പ്പെടെ എല്ലാം ചെയ്തു കൊടുത്തിട്ടുണ്ട് ഗഫൂര്‍. അതുകൊണ്ട് തന്നെ നാട്ടിലെത്തിയ ഗഫൂറിന് വന്‍ വലവേല്‍പ്പാണ് നാട്ടില്‍ ലഭിച്ചത്.
64 കാരനായ ഗഫൂര്‍ കഴിഞ്ഞയാഴ്ചയാണ് യുഎഇയിലെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി നാട്ടിലെത്തിയത്. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ഗഫൂറിനെകാത്തിരുന്നത് സര്‍പ്രൈസുകളുടെ പെരുമഴ. വിമാനത്താവളത്തിലിറങ്ങിയ ഗഫൂറിനെ സ്വീകരിക്കാനെത്തിയത് ഒരു കെഎസ്ആർടിസി ബസ് നിറച്ച് ആളുകളാണ്. നാട്ടുകാര്‍ മുദ്രാവാക്യം വിളികളോടെ സ്വാഗതം ചെയ്തു. പിന്നെ കെഎസ്ആര്‍ടിസി ബസില്‍ കയറ്റി മലപ്പുറത്തെ മരുതിഞ്ചിറയിലേക്ക്.
ഗ്രാമത്തിലെത്തുമ്പോഴും സര്‍പ്രൈസുകള്‍ അവസാനിച്ചില്ല. നാട് മുഴുവന്‍ കാത്തിരുന്നു ഗഫൂര്‍ ബസിറങ്ങുന്നത് കാണാന്‍. നമ്മുടെ സ്വന്തം ഗഫൂര്‍ക്ക നാട്ടിലെത്തിയിരിക്കുകയാണെന്ന് മൈക്ക് അനൗണ്‍സ്‌മെന്റും. ബസിറങ്ങിയതോടെ ഡ്രമ്മിന്റെ അകമ്പടിയോടെ പൊതു പരിപാടിയും. ഗഫൂറിന്റെ ജീവിതത്തെക്കുറിച്ചുള്ള വീഡിയോ രൂപത്തിലാക്കി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. നിരവധി പ്രവാസികള്‍ക്ക് അത്താണിയായിരുന്ന ഗഫൂര്‍ക്കയ്ക്ക് നാടൊരുക്കിയത് വമ്പന്‍ സ്വീകരണമാണ്.