
ജിദ്ദ: സൗദി അറേബ്യയില്‍ എയര്‍ലൈന്‍സ് ആയ സൗദിയയും രാജ്യത്തെ പ്രമുഖ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് കമ്പനിയായ 'സൗദി ഗ്രൗണ്ട് സര്‍വീസസ് കമ്പനി'യും സംയുക്തമായി ചേര്‍ന്ന് യാത്രക്കാര്‍ക്ക് താമസ സ്ഥലത്തു നിന്നു തന്നെ ചെക്ക് ഇന്‍ ചെയ്യുന്നതിനും ബാഗേജുകള്‍ കൈപ്പറ്റുന്നതിനും സാധിക്കുന്ന സേവനം ആരംഭിച്ചു. വിമാനത്താവളത്തിലെ നടപടികള്‍ ലളിതമാക്കി യാത്രക്കാര്‍ക്ക് സൗകര്യത്തോടെയുള്ള യാത്ര നല്‍കുകയാണ് കരാറിന്റെ ലക്ഷ്യം.
സൗദിയയുടെ കമേഴ്‌സ്യല്‍ അഫയേഴ്സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അര്‍വിഡ് മുഹ്ലിന്‍, സൗദി ഗ്രൗണ്ട് സര്‍വീസസ് സി.ഇ.ഒ മുഹമ്മദ് മാസി എന്നിവരാണ് പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചത്. ഇതുവഴി യാത്രക്കാര്‍ക്ക് അവരുടെ വീടുകളിലോ താമസസ്ഥലങ്ങളിലോ എത്തി ബോര്‍ഡിങ് പാസ് നല്‍കുകയും ബാഗേജുകള്‍ ശേഖരിക്കുകയും ചെയ്യുന്ന സേവനം ലഭിക്കും.
ഈ വര്‍ഷം ഒക്ടോബര്‍ മുതലാണ് പുതിയ സേവനത്തിന്റെ ആദ്യഘട്ടം ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ ജിദ്ദയില്‍ നിന്ന് യാത്ര പുറപ്പെടുന്നവര്‍ക്കും ജിദ്ദയിലേക്ക് എത്തിച്ചേരുന്നവര്‍ക്കും മാത്രമാണ് ഈ സേവനം ലഭിക്കുക. താമസസ്ഥലത്തുനിന്ന് ബാഗേജ് ശേഖരിക്കുന്നതിനും ബോര്‍ഡിങ് പാസ് വിതരണം ചെയ്യുന്നതിനും വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് ഈ സേവനം ഒരുമിച്ച് ആവശ്യപ്പെടുന്നതിനും സൗകര്യമുണ്ട്. ഇത് യാത്രക്കാരുടെ സമയവും പ്രയത്‌നവും ലാഭിക്കുന്നതിനും സഹായിക്കും.
ആഴ്ചയില്‍ ഏഴ് ദിവസവും 24 മണിക്കൂറും സേവനം ലഭ്യമാകും. യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂറിനും ആറ് മണിക്കൂറിനും ഇടയിലുള്ള സമയപരിധിക്കുള്ളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. യാത്രക്കാര്‍ക്ക് വെബ്‌സൈറ്റിലെ പ്രത്യേക ലിങ്ക് വഴി അപേക്ഷയുടെ നിലവിലെ സ്ഥിതി തത്സമയം അറിയാന്‍ കഴിയും.
സേവനത്തിന്റെ ഓരോ ഘട്ടത്തിലും ഇ മെയില്‍ വഴിയുള്ള അറിയിപ്പുകളും ലഭിക്കും. ബുക്കിങ് കണ്‍ഫര്‍മേഷന്‍ പേജ്, ബുക്കിങ് മാനേജ്‌മെന്റ്, ഡിജിറ്റല്‍ ചെക്ക് ഇന്‍, സൗദിയ സെയില്‍സ് ഓഫീസുകള്‍, ട്രാവല്‍ ഏജന്റുമാര്‍ എന്നിവയുള്‍പ്പെടെ നിരവധി പോയിന്റുകളിലൂടെ ഈ സേവനം ലഭ്യമാകും.
സമയബന്ധിതമായും ഉയര്‍ന്ന നിലവാരത്തിലും സേവനം ഉറപ്പാക്കുമെന്നും ഇത് വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനും യാത്രക്കാര്‍ക്ക് യാത്രാ ഗേറ്റിലേക്കുള്ള പ്രവേശനം വേഗത്തിലാക്കുന്നതിനും സഹായിക്കുമെന്നും അര്‍വിഡ് മുഹ്ലിന്‍ പറഞ്ഞു. സേവനത്തിന്റെ അടുത്ത ഘട്ട വിപുലീകരണം 2026 ജനുവരിയോടെ റിയാദില്‍ ആരംഭിക്കും. അതിനു ശേഷം മറ്റ് നഗരങ്ങളിലേക്കും ഈ സൗകര്യം വ്യാപിപ്പിക്കുകയുമാണ് ലക്ഷ്യം.