

ഒട്ടകങ്ങൾ റോഡ് മുറിച്ചു കടക്കുന്നതിനിടെയുണ്ടാകുന്ന അപകടങ്ങൾ തടയാൻ സൗദിയിൽ ഒട്ടകങ്ങൾക്കായി പ്രത്യേകം പാലം നിർമിക്കാൻ ഒരുങ്ങി സൗദി. പ്രധാന ഹൈവേകളിലാണ് ഒട്ടകങ്ങൾക്കായി പാലം ഒരുക്കുക.
മരുഭൂമി പ്രദേശങ്ങളിലെ റോഡുകളിലാണ് ഇത്തരം അപകടങ്ങൾ കൂടുതലായി ഉണ്ടാകാറ്. ഒട്ടകങ്ങളെ കണ്ട് വാഹനങ്ങൾ ഹൈവേകളിൽ പെട്ടെന്ന് നിർത്താൻ ശ്രമിക്കുമ്പോഴാണ് അപകടങ്ങളിൽ കൂടുതലും സംഭവിക്കാറുള്ളത്. ഇത്തരം അപകടങ്ങൾ കുറയ്ക്കുന്നതിനായും റോഡ് സുരക്ഷ ശക്തമാക്കുന്നതിൻ്റെയും ഭാഗമാണ് പുതിയ നടപടി. ഇതിൻ്റെ പ്രവർത്തനങ്ങൾ ഉടനാരംഭിക്കുമെന്നും സൗദി ജനറൽ അതോറിറ്റി ഫോർ റോഡ്സ് വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഇങ്ങനെ 426 വാഹനാപകടങ്ങളാണ് ഉണ്ടായത്. ഈ അപകടങ്ങളിൽ 5 പേർ മരിക്കുകയും 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. റോഡിന് മുകളിലൂടെയോ അല്ലെങ്കിൽ പ്രത്യേക തുരങ്കങ്ങളിലൂടെ ഇരുവശങ്ങളിലും വേലി കെട്ടിയോ ആകും ഒട്ടകങ്ങൾക്കായുള്ള ക്രോസിംഗ് സംവിധാനം ഒരുക്കുക. നിലവിൽ 51 ഒട്ടക ക്രോസിംഗുകളും 3056 കിലോമീറ്റർ വേലി കെട്ടിയ റോഡുകളുമാണ് ഇത്തരത്തിൽ ഒരുക്കിയിട്ടുള്ളത്. വരും വർഷങ്ങളിൽ ഇത് കൂട്ടാനാണ് തീരുമാനം.