കാത്തിരിക്കുന്നത് ആയിരക്കണക്കിന് തൊഴില്‍ അവസരങ്ങള്‍; വരുന്നൂ അബുദാബി 'സ്ഫിയര്‍'

യാസ് മാളിനും സീ വേള്‍ഡ് അബുദാബിക്കും ഇടയിലുള്ള സ്ഥലത്താണ് സ്ഫിയര്‍ അബുദാബി ഒരുങ്ങുക
കാത്തിരിക്കുന്നത് ആയിരക്കണക്കിന് തൊഴില്‍ അവസരങ്ങള്‍; വരുന്നൂ അബുദാബി 'സ്ഫിയര്‍'
Published on
Updated on

അബുദാബി: ലോകപ്രശസ്തമായ 'സ്ഫിയര്‍' (Sphere) യുഎഇയില്‍ എത്തുന്നു. യുഎസിനു പുറത്തുള്ള ഇതിന്റെ ആദ്യത്തെ കേന്ദ്രം അബുദാബിയിലായിരിക്കും. അബുദാബിയിലെ യാസ് ദ്വീപിലായിരിക്കും സ്ഫിയര്‍ വേദിയാകുക. ലോകത്തെമ്പാടുമുള്ള വിനോദ സഞ്ചാരികളെയാണ് ലക്ഷ്യമിടുന്നത്.

2023 സെപ്റ്റംബറിലാണ് ലോകത്തിലെ ആദ്യത്തെ സ്ഫിയര്‍ വേദി ലാസ് വേഗാസില്‍ തുറന്നത്. ലാസ് വേഗാസിലെ പോലെ, അത്യാധുനിക സാങ്കേതിക വിദ്യകളാല്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും അബുദാബിയിലേതും.

യാസ് മാളിനും സീവേള്‍ഡ് അബുദാബിക്കും ഇടയിലുള്ള സ്ഥലത്താണ് സ്ഫിയര്‍ അബുദാബി ഒരുങ്ങുക. പച്ചപ്പാല്‍ ചുറ്റപ്പെട്ട ഈ പ്രദേശം യാസ് ഐലന്‍ഡിലെ മറ്റ് തീം പാര്‍ക്കുകള്‍ക്കും ആകര്‍ഷണങ്ങള്‍ക്കും അടുത്താണ് സ്ഥിതി ചെയ്യുന്നത്. 1.7 ബില്യണ്‍ ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിര്‍മ്മാണം 2029 അവസാനത്തോടെ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.

സ്ഫിയര്‍ എക്‌സ്പീരിയന്‍സ്, കണ്‍സേര്‍ട്ട് റെസിഡന്‍സികള്‍, ബ്രാന്‍ഡ് ഇവന്റുകള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് അബുദാബി സ്ഫിയറില്‍ പരിപാടികള്‍ നടക്കുക. പ്രാദേശിക അറബിക് സംസ്‌കാരവും പൈതൃകവും ഉള്‍പ്പെടുത്തിയുള്ള കലാപ്രകടനങ്ങളും ഇവിടെയുണ്ടാകും.

ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍

ലാസ് വെഗാസിലെ സ്ഫിയറിന്റെ അതേ വലിപ്പത്തില്‍ ഏകദേശം 20,000 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള വേദിയാണ് അബുദാബിയില്‍ ഒരുങ്ങുന്നത്. സ്ഫിയര്‍ അബുദാബി പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.

സാദിയാത്ത് കള്‍ച്ചറല്‍ ഡിസ്ട്രിക്റ്റ്, യാസ് ഐലന്‍ഡില്‍ വരാനിരിക്കുന്ന ഡിസ്‌നി തീം പാര്‍ക്ക് റിസോര്‍ട്ട് എന്നിവയ്ക്കൊപ്പം സ്ഫിയര്‍ അബുദാബി കൂടി ചേരുന്നതോടെ പ്രദേശം വലിയ വിനോദസഞ്ചാര കേന്ദ്രമാകുമെന്ന് ഉറപ്പാണ്.

News Malayalam 24x7
newsmalayalam.com