
അബുദബി: ലോകപ്രശസ്തമായ അന്താരാഷ്ട്ര പെര്‍ഫ്യൂം എക്‌സിബിഷനായ 'തീബ് അല്‍ഹസം' അബുദാബിയില്‍ ആരംഭിച്ചു. എഡിഎന്‍ഇസി മറൈന്‍ ഹാളിലാണ് പ്രദര്‍ശനം നടക്കുന്നത്. സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 5 വരെയാണ് എക്‌സിബിഷന്‍ നടക്കുന്നത്. സുഗന്ധ ലോകത്തിന്റെ വൈവിദ്ധ്യവും സമ്പന്നമായ അറബ് പൈതൃകവും സംയോജിക്കുന്ന അപൂര്‍വ വേദിയാവുകയാണ് ഈ പ്രദര്‍ശനം.
മിഡില്‍ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ പെര്‍ഫ്യൂം പ്രദര്‍ശനമെന്ന ഖ്യാതി നേടിയിരിക്കുന്ന തീബ് അല്‍ഹസമില്‍ 50-ലധികം രാജ്യങ്ങളില്‍ നിന്ന് 120-ലധികം പ്രമുഖ സംരംഭകര്‍ പങ്കെടുക്കുന്നുണ്ട്. ഖത്തര്‍ ഉടമസ്ഥതയിലുള്ള കമ്പനിയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
ഊദ്, അപൂര്‍വ പെര്‍ഫ്യൂമുകള്‍ എന്നിവയും പ്രദര്‍ശനത്തിലെ പ്രധാന ആകര്‍ഷണമാണ്. ലോകപ്രശസ്ത പെര്‍ഫ്യൂം ഹൗസുകളുടെയും വിദഗ്ധരുടെയും പങ്കാളിത്തമുള്ള 'തീബ് അല്‍ഹസം' ആഗോള തലത്തില്‍ പെര്‍ഫ്യൂം ബ്രാന്‍ഡുകള്‍ ലോഞ്ച് ചെയ്യുന്നതിനും അന്താരാഷ്ട്ര അംഗീകാരം നേടുന്നതിനും ഏറ്റവും വിശ്വസനീയമായ വേദികളില്‍ ഒന്നാണ്.
ആഴ്ചയിലെ തിങ്കള്‍ മുതല്‍ വ്യാഴാഴ്ച വരെ ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി 11:30 വരെയാണ് പ്രദര്‍ശനം. വാരാന്ത്യത്തില്‍ ഉച്ച 12 മുതല്‍ രാത്രി 11:30 വരെയാണ് പ്രദര്‍ശനം. വെള്ളിയാഴ്ച വൈകീട്ട് മൂന്നു മുതല്‍ രാത്രി 11.30വരെയുമാണ് പ്രദര്‍ശനം.
പരമ്പരാഗത അറബ് സുഗന്ധങ്ങളുടെ ആത്മാവും അവയുടെ പുത്തന്‍ ആധുനിക രൂപങ്ങളും ചേരുന്ന ഈ അന്താരാഷ്ട്ര വേദി പെര്‍ഫ്യൂം പ്രേമികള്‍ക്ക് പുതിയ അനുഭവം സമ്മാനിക്കുമെന്നാണ് സംഘാടകര്‍ അറിയിക്കുന്നത്.