ആയിരത്തിലധികം മരുന്നുകൾക്ക് 75 % വിലകുറച്ചു; തീരുമാനവുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

ഇളവ് നൽകിയതിൽ പലതും ഗുരുതരമായ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന മരുന്നുകളാണ്.
പ്രതീകാത്മക-ചിത്രം
പ്രതീകാത്മക-ചിത്രംSource; freepik
Published on

പ്രവാസികൾക്ക് ഉൾപ്പെടെ ആസ്വാസകരമായ തീരുമാനമാണ് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. രാജ്യത്ത് ആയിരത്തിലധികം മരുന്നുകൾക്ക് 75 % വിലകുറച്ചു. 1,019 മരുന്നുകൾക്ക് 15 ശതമാനം മുതൽ 75 ശതമാനം വരെ വില വെട്ടിക്കുറച്ചിരിക്കുന്നത്. ഇളവ് നൽകിയതിൽ പലതും ഗുരുതരമായ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന മരുന്നുകളാണ്.

ഹൃദ്രോഗം, രക്തസമ്മർദ്ദം, പ്രമേഹം, കാൻസർ, വേദനസംഹാരികൾ, ആൻറി-ഇൻഫ്ലമേറ്ററി, ആന്റിബയോട്ടിക്കുകൾ, പ്രതിരോധശേഷി, അലർജി, മാനസികാരോഗ്യം, ആന്റിഡിപ്രസന്റുകൾ, മാനസിക രോഗം, ദഹനസംബന്ധം, ഭാരം കുറയ്ക്കൽ തുടങ്ങി വിവിധ തരം ചികിത്സാ വിഭാഗങ്ങളിലെ മരുന്നുകൾക്കാണ് വിലക്കുറവ് ബാധകമാകുകയെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

മരുന്നുകളുടെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച വരുത്താതെ എല്ലാവർക്കും താങ്ങാനാവുന്ന വിലയിൽ മരുന്നുകൾ ലഭ്യമാക്കുക എന്നതാണ് മന്ത്രാലയത്തിന്റെ ലക്ഷ്യമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഫാർമസി ആൻഡ് ഡ്രഗ് കൺട്രോൾ ഡിപ്പാർട്മെന്റ് ഡയറക്ടർ ഡോ.ഐഷ ഇബ്രാഹിം അൽ അൻസാരി അറിയിച്ചു.

ഖത്തറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെ വില ഫാർമസി ആൻഡ് ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്മെന്റ് സ്ഥിരമായി നിരീക്ഷിക്കുന്നുണ്ട്. പൊതുജനങ്ങൾ കൂടുതൽ ഉപയോഗിക്കുന്ന ചികിത്സാ വിഭാഗങ്ങളിലെ മരുന്നുകൾ ആദ്യം പരിഗണിച്ചാണ് ഇപ്പോൾ വിലക്കുറവ് നടപ്പാക്കിയിരിക്കുന്നത്. അടുത്ത ഘട്ടത്തിൽ എല്ലാ ചികിത്സാ വിഭാഗങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് ശ്രമമെന്നും ഡോ. അൻസാരി പറഞ്ഞു.

രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള മരുന്നുകളുടെയും അവയുടെ വിലയുടേയും പൂർണ പട്ടിക ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. അംഗീകൃത വിലനിർണയ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് രജിസ്ട്രേഷൻ സമയത്ത് പ്രാദേശിക വിപണിയിൽ മരുന്നുകളുടെ വില നിശ്ചയിക്കുന്നത്. ഉൽപാദന ചെലവ്, അംഗീകൃത റഫറൻസ് വിലകൾ, പ്രാദേശിക വിപണിയിൽ ലഭ്യമായ മറ്റ് ബദൽ മരുന്നുകളുടെ വില എന്നിവയെല്ലാം പരിഗണിച്ചാണ് സാധാരണ ഗതിയിൽ മരുന്നുകളുടെ വില നിശ്ചയിക്കുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com