
യുഎഇയിലെ 2025-26 വര്‍ഷത്തെ അക്കാദമിക വര്‍ഷത്തെ പുതിയ ടൈം ടേബിളിന് അംഗീകാരം നല്‍കി വിദ്യാഭ്യാസ മന്ത്രാലയം. കിന്റര്‍ഗാര്‍ഡനില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ മുതല്‍ ഗ്രേഡ് 12 വരെയുള്ള കുട്ടികളുടെ ക്ലാസ് സമയത്തിലാണ് മാറ്റം വരുത്തിയത്.
അച്ചടക്കം ഉറപ്പാക്കല്‍, സ്‌കൂളുകളിലെയും പുറത്തെയും തിരക്കില്‍ ഇളവ് പ്രഖ്യാപിക്കല്‍, വ്യത്യസ്ത പ്രായത്തിലുള്ളവര്‍ക്ക് അതിനനുസരിച്ച് പഠന സാഹചര്യമൊരുക്കല്‍ കൂടിയാണ് ഇതുവഴി മന്ത്രാലയം ഉറപ്പാക്കുന്നത്. ഇത് അനുസരിച്ച് രണ്ട് ഷിഫ്റ്റായി സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുത്തി.
ആദ്യത്തെ ഗ്രൂപ്പിന് ക്ലാസ് 7.15 ന് തുടങ്ങി ഉച്ചയ്ക്ക് രണ്ട് മണിയോടടുത്ത് അവസാനിപ്പിക്കും. രണ്ടാമത്തെ ഷിഫ്റ്റ് 8 മണിക്ക് ആരംഭിച്ച് 2.30 നും 3.15നുമിടയില്‍ അവസാനിക്കുന്ന രീതിയിലായിരിക്കും. ഗ്രേഡ് ലെവല്‍ അനുസരിച്ച് ഇതില്‍ മാറ്റം വരാം.
കളിസ്ഥലങ്ങളിലും സ്‌കൂള്‍ ബസുകളിലും തുടങ്ങി സ്‌കൂള്‍ സമയത്തുണ്ടാകുന്ന പൊതുവായ തിരക്ക് ഒഴിവാക്കുക എന്നതാണ് ഇതുവഴി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പാര്‍ക്കിങ്, ട്രാന്‍സ്‌പോര്‍ട്ട് പ്രശ്‌നങ്ങളും പെട്ടെന്ന് തീരുമാനമാക്കാന്‍ ടൈംടേബിളിലെ മാറ്റം സഹായിക്കുമെന്നും ഭരകൂടം പറയുന്നു.
കിന്‍ഡഗാര്‍ഡന്‍ കുട്ടികള്‍ക്ക് ടൈംടേബിള്‍ ആഴ്ചയില്‍ 24 പിരീഡുകളും ലോവര്‍ പ്രൈമറി വിഭാഗം കുട്ടികള്‍ക്ക് 32 പിരീഡുകളും അപ്പര്‍ പ്രൈമറി, സെക്കണ്ടറി വിഭാഗത്തിലെ കുട്ടികള്‍ക്ക് 36 പിരീഡുകളുമാണ് നല്‍കിയിരിക്കുന്നത്. 40-45 മിനുട്ട് വരെയായിരിക്കും ഒരു ഓരോ പിരീഡും ഉണ്ടാവുക. ഇതിനിടയില്‍ ഇടവേളകളും അസംബ്ലിയും മറ്റു മാറ്റങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.
കിന്‍ഡര്‍ഗാര്‍ഡനിലെ കുട്ടികള്‍ക്ക് വിവിധ കളികളില്‍ അധിഷ്ഠിതമായ പഠനമാണ് നല്‍കുക. തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ 7.30 മുതല്‍ 1 മണി വരെയുള്ള സമയവും വെള്ളിയാഴ്ചകളില്‍ 1.25 വരെയുമായിരിക്കും ക്ലാസ് സമയം.