
യുഎഇയില്‍ എല്ലാ താമസക്കാര്‍ക്കും സൗജന്യമായി ചാറ്റ് ജിപിടി പ്ലസ് നിര്‍മിച്ചു നല്‍കുമെന്ന് സോഷ്യല്‍ മീഡിയയിൽ വലിയ പ്രചരണമാണ് നടക്കുന്നത്. യുഎഇയിലെ എല്ലാ പൗരന്മാര്‍ക്കും തമാസക്കാര്‍ക്കും ഒരു പൈസ പോലും ചെലവില്ലാതെ ഇത്തരത്തില്‍ പ്രീമിയം ഫീച്ചേഴ്സ് നല്‍കുന്ന ആദ്യ രാജ്യമാണ് യുഎഇ എന്നും മാധ്യമങ്ങളിലടക്കം റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. എന്നാല്‍ എന്താണ് ഇതിനു പിന്നിലെ സത്യം?
ചാറ്റ് ജിപിടിയുടെ പ്രീമിയം വേര്‍ഷന്‍ ആണ് ചാറ്റ് ജിപിടി പ്ലസ്. ഒരു മാസത്തെ സബ്സ്‌ക്രിപ്ഷന് ഏകദേഷം 20 ഡോളറാണ് ചെലവ്. അതായത് 72 ദിര്‍ഹത്തിനടുത്ത് വരും ഈ തുക. ഏറ്റവും പുതിയ ചാറ്റ് ജിപിടി-4ഒ മോഡല്‍, പെട്ടന്നുള്ള മറുപടികളും പ്രതികരണങ്ങളും, ഉയര്‍ന്ന ഡിമാന്‍ഡ് വരുന്ന സമയത്ത് ആദ്യം മുന്‍ഗണന ലഭിക്കുക തുടങ്ങിയ നേട്ടങ്ങളാണ് ചാറ്റ് ജിപിടി പ്ലസ് എടുക്കുന്നതിലൂടെ ഒരാള്‍ക്ക് കിട്ടുക.
എന്നാല്‍ ഓപ്പണ്‍ എഐ പറയുന്നത് പ്രകാരം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളെ സാധൂകരിക്കുന്ന ഒരു ഔദ്യോഗിക അറിയിപ്പും ഇതുവരെയും ലഭിച്ചിട്ടില്ല.
യുഎഇയില്‍ ചാറ്റ് ജിപിടിയുടെ സേവനം സൗജന്യമായും പണമടച്ചും ലഭിക്കും. സൗജന്യമായി ലഭിക്കുന്ന വെര്‍ഷനിൽ ചാറ്റ് ജിപിടിയുടെ ലിമിറ്റഡ് സേവനമായിരിക്കും ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. എന്നാല്‍ പണമടച്ച പ്രീമിയം ഉപഭോക്താക്കള്‍ക്ക് മാത്രമായിരിക്കും പരിമിതികളില്ലാതെ ചാറ്റ് ജിപിടിയുടെ സേവനം ലഭിക്കുക.
ഇത്തരത്തില്‍ പ്രീമിയം വേര്‍ഷനും രാജ്യത്ത് സൗജന്യമായി ലഭിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ ചാറ്റ് ജിപിടി തന്നെ തള്ളുന്നുമുണ്ട്. എന്നാല്‍ മീഡിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സൗജന്യമായി പ്രീമിയം വേര്‍ഷന്‍ ലഭിക്കുമെന്നാണ് പറയുന്നതെന്നും ചാറ്റ് ജിപിടി പറയുന്നു. അതേസമയം ഓപണ്‍ എഐ യുഎഇയുടെ സ്റ്റാര്‍ഗേറ്റ് പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങളും പങ്കുവെക്കുന്നുണ്ട്.