

ദുബായ്: യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കുള്ള പാസ്പോര്‍ട്ട് സേവന നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. പുതുക്കിയ ഫീസ് നിരക്കുകള്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസി, ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍, കൂടാതെ യുഎഇയിലുടനീളം ഔട്ട്‌സോഴ്‌സിങ് സേവന ദാതാക്കള്‍ നടത്തുന്ന എല്ലാ ഇന്ത്യന്‍ കോണ്‍സുലര്‍ ആപ്ലിക്കേഷന്‍ സെന്ററുകളിലും ബാധകമായിരിക്കും. 2012-ന് ശേഷം ആദ്യമായാണ് ഇത്തരമൊരു നിരക്ക് വര്‍ദ്ധനവ് നടപ്പിലാക്കുന്നത്.
പുതിയ നിരക്കുകള്‍ പ്രകാരം, 36 പേജുകളുള്ള സാധാരണ (ഫ്രഷ് അല്ലെങ്കില്‍ റീഇഷ്യൂ) പാസ്പോര്‍ട്ടിന് നോര്‍മല്‍ കാറ്റഗറിയില്‍ ഇനി മുതല്‍ 450 ദിര്‍ഹം ആയിരിക്കും ഫീസ്. 60 ശതമാനമാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. നേരത്തേ, 285 ദിര്‍ഹമായിരുന്നു. തത്ക്കാല്‍ സ്‌കീമിന് കീഴില്‍ ഇതിന് 900 ദിര്‍ഹം നല്‍കണം.
60 പേജുകളുള്ള പാസ്പോര്‍ട്ടിന്, നോര്‍മല്‍ പുതുക്കലിന് 630 ദിര്‍ഹവും തത്കാല്‍ സേവനത്തിന് 1,080 ദിര്‍ഹമാണ് പുതിയ നിരക്ക്.
നഷ്ടപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്ത പാസ്‌പോര്‍ട്ടുകള്‍ക്ക് പകരം പുതിയത് അപേക്ഷിക്കുന്നവര്‍ക്ക് ഇനി കൂടുതല്‍ തുക നല്‍കേണ്ടി വരും. 36 പേജുള്ള പാസ്പോര്‍ട്ടിന് 900 ദിര്‍ഹവും സാധാരണ പ്രോസസ്സിങ്ങില്‍ 60 പേജുള്ള പതിപ്പിന് 1,080 ദിര്‍ഹവും നല്‍കണം. നഷ്ടപ്പെട്ട പാസ്പോര്‍ട്ടുകള്‍ക്കുള്ള തത്കാല്‍ നിരക്കുകള്‍ യഥാക്രമം 1,350 ദിര്‍ഹവും 1,530 ദിര്‍ഹവും ആയിരിക്കും.
പതിനെട്ട് വയസ്സിന് താഴെയുള്ളവര്‍ക്ക് 36 പേജുള്ള പുതിയതോ റീ ഇഷ്യൂ പാസ്‌പോര്‍ട്ടിന് 325 ദിര്‍ഹമാണ് നിരക്ക്. 70 ശതമാനമാണ് വര്‍ധിപ്പിച്ചത്. നേരത്തേ 190 ദിര്‍ഹമായിരുന്നു. തത്കാലിന് 775 ദിര്‍ഹവും നല്‍കണം. കുട്ടികളുടെ നഷ്ടപ്പെട്ട അല്ലെങ്കില്‍ കേടുപാടുകള്‍ സംഭവിച്ചതിന് തത്കാലിന് 1,225 ദിര്‍ഹവും നോര്‍മല്‍ വിഭാഗത്തില്‍ 775 ദിര്‍ഹവുമാണ് നിരക്ക്.
എട്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ആദ്യമായി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ പത്ത് ശതമാനം ഡിസ്‌കൗണ്ടും അനുവദിച്ചിട്ടുണ്ട്. നോര്‍മല്‍ കാറ്റഗറിയില്‍ 295 ദിര്‍ഹവും തത്കാലില്‍ 700 ദിര്‍ഹവുമാണ് നിരക്ക്. കുട്ടികളുടെ റി ഇഷ്യൂ പാസ്‌പോര്‍ട്ടിന് ഡിസ്‌കൗണ്ട് ഉണ്ടായിരിക്കില്ല.
പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ്, ഗ്ലോബല്‍ എന്‍ട്രി പ്രോഗ്രാം വെരിഫിക്കേഷന്‍ എന്നിവയുടെ നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. 95 ദിര്‍ഹത്തില്‍ നിന്നും 145 ദിര്‍ഹത്തിലേക്കാണ് നിരക്ക് കൂട്ടിയത്.
എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്- 60 ദിര്‍ഹം, സര്‍ട്ടിഫിക്കറ്റ് ഓഫ് ഐഡിന്റിറ്റി- 180 ദിര്‍ഹം എന്നിങ്ങനെയാണ് നിരക്കുകള്‍. ഈ സേവനങ്ങള്‍ തത്കാല്‍ സ്‌കീമില്‍ ലഭ്യമാകില്ല.
പതിനെട്ട് വയസിന് മുകളിലുള്ളവരുടെ പാസ്‌പോര്‍ട്ടിന്റെ കാലാവധി പത്ത് കൊല്ലമായി തുടരും.