ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടൽ ഉടൻ പ്രവർത്തനമാരംഭിക്കുന്നു. സിയേൽ ദുബായ് മറീന നവംബറില്‍ തുറന്ന് പ്രവർത്തനം ആരംഭിക്കും. 377 മീറ്റർ ഉയരത്തിൽ നിർമിച്ചിരിക്കുന്ന സിയേൽ ദുബായ മറീന, ഇന്റർകോണ്ടിനെന്റൽ ഹോട്ടൽസ് ഗ്രൂപ്പിന്റെ വിഗ്നറ്റ് കളക്ഷന്റെ ഭാഗമാണ്. അവാർഡ് ജേതാക്കളായ നോർ കമ്പനിയാണ് ഹോട്ടലിൻ്റെ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
സിയേൽ ദുബായ് മറീനയിൽ നവംബർ 15 മുതൽ മുറികൾക്കുള്ള ബുക്കിംഗ് ഓൺലൈനായി ആരംഭിച്ചിട്ടുണ്ട്. 82 നിലകളിലായി 1,004 മുറികളാണ് ഹോട്ടലിനുള്ളത്. ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ സ്ഥിതി ചെയ്യുന്ന 356 മീറ്റർ ഉയരമുള്ള ഗെവോറ ഹോട്ടലിനെ മറികടന്നാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടലെന്ന പദവി സിയേൽ ദുബായ് മറീന സ്വന്തമാക്കുന്നത്.
ഇവിടെ നിന്നും പാം ജുമൈറ, അറേബ്യൻ ഗൾഫ് തുടങ്ങിയ വിനോദസഞ്ചാര മേഖലകളിലേക്കുള്ള മികച്ച വ്യൂവിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. സിയേൽ ദുബായ് മറീനയിലെ താത്തു സ്കൈ പൂൾ ലോകത്തിലെ ഏറ്റവും ഉയർന്ന ഇൻഫിനിറ്റി പൂളായും മാറും. അടുത്തുള്ള അഡ്രസ് ബീച്ച് റിസോർട്ടിലെ നിലവിലെ ഏറ്റവും ഉയർന്ന ഇൻഫിനിറ്റി പൂൾ റെക്കോർഡാണ് താത്തു സ്കൈ പൂൾ മറികടക്കുന്നത്.