സൗദി അറേബ്യ: 2034ൽ ഫിഫ ലോകകപ്പിന് വേദിയാകുക സ്കൈ സ്റ്റേഡിയം എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോകൾ എഐ നിർമിതമെന്ന് സ്ഥിരീകരണം. വാർത്തകൾ വ്യാജമാണെന്നും ലോകകപ്പ് വേദിയെ സംബന്ധിച്ച് മറ്റ് പദ്ധതികളാണ് ഉള്ളതെന്നും സൗദി അറേബ്യ തന്നെയാണ് സ്ഥിരീകരിച്ചത്. ഭൂമിയിൽ നിന്ന് 350 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്കൈ സ്റ്റേഡിയം നിർമിക്കുന്നുവെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ.
ഒരു അംബരചുംബി കെട്ടിടത്തിന് മുകളിൽ നിർമിച്ച തിളങ്ങുന്ന അരീനയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് പങ്കിട്ടത്. ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ ഇത് സൗദി അറേബ്യ തന്നെ പുറത്തുവിട്ട ഔദ്യോഗിക ദൃശ്യങ്ങളാണെന്ന് കരുതിയിരുന്നു. സൂര്യപ്രകാശം, കാറ്റ് എന്നിവയിൽ നിന്ന് ലഭിക്കുന്ന ഊർജത്തിൽ ആയിരിക്കും സ്റ്റേഡിയം പ്രവർത്തിക്കുക, ലോകത്തിലെ തന്നെ ആദ്യത്തെ സ്കൈ സ്റ്റേഡിയമാണ് സൗദിയിൽ ഉയരാൻ പോകുന്നത് എന്ന തരത്തിലാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.
എഎഫ്പിയുടെ ഡിജിറ്റൽ ഇൻവെസ്റ്റിഗേഷൻ ടീം നടത്തിയ അന്വേഷണത്തിൽ സ്റ്റേഡിയത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത് 'ഹൈപ്പോറോൾട്രാവർക്ക്സ്' എന്ന ഇൻസ്റ്റഗ്രാം പേജാണെന്ന് കണ്ടെത്തി. എഐ ജനറേറ്റഡ് ഫ്യൂച്ചറിസ്റ്റിക് സ്റ്റേഡിയം കണ്ടൻ്റുകൾ പുറത്തുവിടുന്ന പേജാണ് ഇതെന്നും കണ്ടെത്തി. ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉടമ തങ്ങൾ എഐ ഉപയോഗിച്ച് നിർമിച്ച ദൃശ്യങ്ങളാണിതെന്നും ഇത്ര പെട്ടന്ന് ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടുമെന്ന് അറിഞ്ഞില്ലെന്നും അറിയിച്ചു. "50 മില്യണിലധികം വ്യൂസാണ് ആ ദൃശ്യങ്ങൾക്ക് ലഭിച്ചത്. ഇത് ചെയ്യുമ്പോൾ എനിക്ക് സൗദിയിലെ ഒരു പദ്ധതിയെക്കുറിച്ചും അറിയില്ലായിരുന്നു," അവർ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ഇവന്റായ 2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ തയ്യാറെടുക്കുകയാണ് സൗദി അറേബ്യ. അതിനിടെയാണ് പുതിയതായി ഒരുങ്ങുന്ന സ്റ്റേഡിയമെന്ന പേരിൽ ചിത്രങ്ങൾ പ്രചരിക്കുന്നത്.