
മുംബൈയിലെ ദാദറില്‍ വെച്ച് തട്ടിപ്പിനിരയായെന്ന് നടി ലാലി പി.എം. ദാദര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് സംഭവം നടന്നത്. കൂടെ നടിയും മകളുമായി അനാര്‍ക്കലി മരയ്ക്കാറും ഉണ്ടായിരുന്നു. ദാദര്‍ റെയ്ല്‍വെ സ്‌റ്റേഷനിലെത്തിയ ലാലി ഓട്ടോ സ്റ്റാന്‍ഡില്‍ വെച്ചാണ് കബളിപ്പിക്കപ്പെട്ടത്. നടി തന്നെയാണ് ഈ അനുഭവം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
ലോണാവാലയില്‍ നിന്നും മുംബെയിലേക്കുള്ള ട്രെയിന്‍ യാത്ര അതി മനോഹരമായിരുന്നു. പിന്നിട്ട നാല് ദിവസത്തെ ഓര്‍മകള്‍ അയവിറക്കി കളിച്ചും ചിരിച്ചും മനോഹരമായ യാത്ര. കാണാന്‍ പോയ സ്ഥലങ്ങളും ആസ്വദിച്ച ഭക്ഷണവും ഫോണിലെ ഫോട്ടോകളും എല്ലാം വീണ്ടും വീണ്ടും പറഞ്ഞു പറഞ്ഞു സന്തോഷിച്ച് ദാദറില്‍ എത്തുകയാണ്. ദാദര്‍ മഴ നനഞ്ഞ കുതിര്‍ന്ന വൃത്തിയില്ലാത്ത പ്ലാറ്റ്‌ഫോമുകളും ആള്‍ക്കൂട്ടവും ബഹളവും കോലാഹലവും എല്ലാം നിറഞ്ഞ് നമ്മളെ വല്ലാതെ വീര്‍പ്പുമുട്ടിക്കും. എത്രയും പെട്ടെന്ന് പുറത്ത് കടന്നേ മതിയാവു, പുറത്തെത്തിയ ഉടനെ ഓട്ടോക്കാരും ടാക്‌സിക്കാരും ചേര്‍ന്ന് നമ്മുടെ ശ്രദ്ധയാകര്‍ഷിക്കാനുള്ള വിളിയാണ്. ആദ്യം കണ്ട ഒരാളെ തന്നെ സമീപിച്ചു പോകേണ്ട സ്ഥലം പറഞ്ഞു. 300 രൂപയാകും എന്ന് പറഞ്ഞു. ഊബറില്‍ 289 രൂപയായിരുന്നു സെര്‍ച്ച് ചെയ്തപ്പോള്‍ കണ്ടത്. ഞാനാണ് പറഞ്ഞത് ഒരു 11 രൂപയുടെ പ്രശ്‌നമല്ലേ ഇവരുടെ ഓട്ടോയില്‍ തന്നെ പോകാം. (ഞാന്‍ പൊതുവേ മറ്റ് ഓപ്ഷനുണ്ടെങ്കില്‍ ഊബറൊഴിവാക്കും)
പിന്നെ എല്ലാം പെട്ടെന്നാണ്. ആദ്യം കിടക്കുന്ന ഓട്ടോയിലേക്ക് ഞങ്ങളെ സമീപിച്ച മനുഷ്യന്‍ ഞങ്ങളെ നയിച്ചു, നല്ല വെള്ള ദോത്തിയും വെള്ള ജുബ്ബയും നെഹ്‌റു തൊപ്പിയും വെച്ച് നെറ്റിയില്‍ മുമ്പ് എപ്പോഴോ വരച്ച സിന്ദൂരത്തിന്റെ പാടുമായി ഐശ്വര്യമുള്ള ഒരു മനുഷ്യന്‍. ഓട്ടോയും തരക്കേടില്ലായിരുന്നു. സാമാന്യം വലിയ ഓട്ടോ, ഫ്രണ്ടിലും വേണമെങ്കില്‍ ഒരാള്‍ക്ക് ഇരിക്കാം. ബാക്കില്‍ ലഗേജ് വെക്കാനും സ്ഥലമുണ്ട്.
ഞങ്ങള്‍ കയറിയിരുന്നു, പോകേണ്ട സ്ഥലം പറഞ്ഞു, എല്ലാം ഒക്കെയും കംഫര്‍ട്ടബിളും ആയിരുന്നു. പക്ഷേ ഞങ്ങളെ നയിച്ച ആളല്ല ഓട്ടോക്കാരന്‍. അത് മറ്റൊരാളാണ്. അയാള്‍ വന്നു കേറി ഇരുന്ന് സ്റ്റാര്‍ട്ട് ചെയ്യും മുമ്പേ 200 രൂപയുടെ 7 നോട്ടുകള്‍ എടുത്തു തന്നിട്ട് മൂന്ന് അഞ്ഞൂറിന്റെ നോട്ടുകള്‍ തരാമോ എന്നും ബാക്കി 100 രൂപ ഓട്ടോ ചാര്‍ജില്‍ കുറച്ചാല്‍ മതിയെന്നും പറഞ്ഞു. ചെറിയൊരു അസ്വഭാവികത തോന്നിയെങ്കിലും എടിഎമ്മില്‍ ഇടാനാണ് ബാക്കിയെല്ലാം 500 നോട്ട് ആണ് എന്നും പറഞ്ഞു. അതെല്ലാം തന്നെ കണ്‍വിന്‍സിങ് ആയിരുന്നു. അപ്പോള്‍ ഞാന്‍ പച്ച മലയാളത്തില്‍ മോളോട് പറഞ്ഞു, ശ്രദ്ധിക്കണം കേട്ടോ കള്ളനോട്ട് ആണെങ്കിലോ എന്ന്. അത് ഒറ്റനോട്ടത്തില്‍ ഒറിജിനല്‍ എന്ന് തിരിച്ചറിയാവുന്ന നോട്ടുകള്‍ തന്നെയായിരുന്നു.
അങ്ങനെ സംസാരിച്ചിരിക്കെ ഓട്ടോയില്‍ നീല വെളിച്ചം നിറഞ്ഞു. ഒരു ബള്‍ബ് അല്ല. മാല പോലെ നിരന്നു നില്‍ക്കുന്ന കുറേയേറെ നീല ബള്‍ബുകള്‍. ഞാന്‍ നോട്ട് തിരിച്ചും മറിച്ചും നോക്കുന്നതിന്റെ തിരക്കിലും ലക്ഷ്മി ഞങ്ങളെ ഇങ്ങോട്ട് കൊണ്ടുവന്ന ആളോട് എന്തോ പറയുന്ന തിരക്കിലുമായിരുന്നു. അന്നക്കിളിയുടെ (അനാര്‍ക്കലി) ബാഗില്‍ നിന്നാണ് പൈസ എടുത്തു കൊടുത്തത്. കൊടുത്ത ഉടന്‍ തന്നെ ഇത് നൂറിന്റെ നോട്ടുകള്‍ ആണ് എന്നുപറഞ്ഞ് അയാള്‍ പൈസ തിരിച്ചു തന്നു. അവള്‍ ഒന്നും ഞെട്ടിയെങ്കിലുംഅവള്‍ക്ക് തെറ്റിയത് ആയിരിക്കുമെന്ന് ധാരണയില്‍ സോറി പറഞ്ഞ് വേറെ പൈസ ഇല്ല എന്ന് പറയുകയും ഒരു നിമിഷം വല്ലാത്ത കണ്‍ഫ്യൂഷനില്‍ ആവുകയും ഞാന്‍ നീല വെളിച്ചം ഓഫ് ചെയ്യാന്‍ പറയുകയും ഓട്ടോറിക്ഷക്കാരന്‍ വണ്ടി പോകുന്നില്ല എന്ന് പറയുകയും ഇറങ്ങിപ്പോവുകയും ചെയ്തു. (എല്ലാം കൂടി അര മിനിറ്റ് എടുത്ത് കാണും)
ഞങ്ങളെ ആ ഓട്ടോയിലേക്ക് നയിച്ച ആള്‍ വന്ന് വേറെ വണ്ടി കാണിച്ചു തരാമെന്ന് പറഞ്ഞ് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി മറ്റൊരു കാറില്‍ കയറി അതേ 300 രൂപയ്ക്ക് പറഞ്ഞ് സമ്മതിപ്പിച്ചു ഞങ്ങള്‍ യാത്ര തുടങ്ങുകയും ചെയ്തു.പെട്ടെന്ന് ഒരു കണ്‍കെട്ടില്‍ നിന്നും ഉണര്‍ന്ന പോലെയാണ് ഞങ്ങള്‍ക്ക് തോന്നിയത്. അന്നക്കിളി ഉറപ്പിച്ചു പറഞ്ഞു അവളുടെ കയ്യില്‍ അഞ്ഞൂറിന്റെ മൂന്ന് നോട്ടുകള്‍ ഉണ്ടായിരുന്നു എന്ന്, പിന്നെ കുറെ ചില്ലറകളും. കാരണം ട്രെയിനില്‍ നിന്നും ഞാന്‍ ചില സാധനങ്ങള്‍ വാങ്ങിച്ചപ്പോഴും അവളാണ് പൈസ എടുത്തു കൊടുത്തത്.
ഇതെങ്ങനെ സംഭവിച്ചു എന്ന് എത്ര ആലോചിച്ചിട്ടും ഞങ്ങള്‍ക്ക് മനസ്സിലായില്ല. കബളിപ്പിക്കപ്പെട്ടു എന്ന് അറിയാന്‍ തന്നെ ഞങ്ങള്‍ക്ക് വീണ്ടും ചില മിനിറ്റുകള്‍ എടുത്തു. അതൊരു വല്ലാത്ത അനുഭവമായിരുന്നു. നമ്മള്‍ പോലും അറിയാതെ നമ്മളെ കുടുക്കുന്ന അസ്വാഭാവികമായ കണ്‍കെട്ട് വിദ്യ ഞങ്ങളെ വല്ലാതെ പേടിപ്പിച്ചു. നഷ്ടപ്പെട്ട 1200 രൂപ ഓര്‍ത്തിട്ട് അല്ലായിരുന്നു (300 അയാള്‍ തിരിച്ച് തന്നിരുന്നല്ലോ) ഇതെങ്ങനെയെന്ന് കൃത്യമായി തിരിച്ചറിയാന്‍ പോലും പറ്റാത്ത അവസ്ഥ! ഈ കബളിപ്പിക്കലിന്റെ തിരക്കഥയും രംഗസജ്ജീകരണങ്ങളും കൃത്യം ആയിരുന്നു.ഞങ്ങളുടെ മുഖങ്ങളും ഞങ്ങളുടെ ഭാഷയും ഒരു ഇരയെ തിരഞ്ഞെടുക്കാനുള്ള ആദ്യ പടിയായിരുന്നു. ഒരാളെ ആകര്‍ഷിക്കാനുള്ള എല്ലാ ഭാവഹാവാദികളും ഉള്ള ആളായിരുന്നു ഞങ്ങളെ നയിച്ച ആ മനുഷ്യന്‍. സൗമ്യതയും സഹായമനസ്ഥിതിയും ഉള്ള മനുഷ്യന്‍. പൈസ ഒട്ടും കൂടുതല്‍ പറയാതെ അയാള്‍ ഞങ്ങളില്‍ ഒരു ഇമേജ് ക്രിയേറ്റ് ചെയ്തു, 200ന്റെ 7 നോട്ട് ആദ്യമേ കയ്യിലേക്ക് തന്ന നിമിഷം ഓട്ടോക്കാരന്‍ ഞങ്ങളുടെ വിശ്വാസം നേടിയെടുത്തു. ഞങ്ങളെ മൂന്നു പേരെയും മൂന്നു തരത്തില്‍ എന്‍ഗേജ്ഡ് ആക്കി. ആ നീല വെളിച്ചം ഞങ്ങളെ കുറച്ച് സമയത്തേക്ക് മായക്കാഴ്ചയിലാക്കി. ഞങ്ങളുടെ പ്രജ്ഞ തിരിച്ചു കിട്ടും മുമ്പേ ഓട്ടോക്കാരന്‍ അപ്രത്യക്ഷനായി. അതേ മായക്കാഴ്ചയുടെ പ്രഭയില്‍ നിന്നും പുറത്തു കടക്കും മുമ്പേ മറ്റൊരു കാറിലേക്ക് ഞങ്ങള്‍ കയറുകയും ചെയ്തു. ആ ഓട്ടോ ദാദറിന്റെ പുറത്ത് ഏറ്റവും ആദ്യം തന്നെ ഇപ്പോഴും കിടപ്പുണ്ടാവും. തന്റെ കയ്യടക്കത്തിലും നീല വെളിച്ചത്തിലും മുഖമടച്ച് വീഴുന്ന അടുത്ത ഇരയെയും കാത്ത്.