

പതിറ്റാണ്ടുകളായി സ്ട്രീറ്റ് ഫുട്‌ബോളില്‍ തോല്‍വിയറിയാത്ത ഒരു ടീം... ക്ലൈവ്, റൂത്തി, ഇസാക്ക് എന്നീ നാട്ടുകാരായ കളിക്കാരെ തോല്‍പ്പിക്കാന്‍ ഒരു ടീമിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കഥാനായകന്‍.... ഒടുവില്‍ ലോകോത്തര താരങ്ങളെ തന്നെ അവന്‍ കണ്ടെത്തി മത്സരത്തിനെത്തിച്ചു, ഇരു ടീമുകളും നേര്‍ക്കു നേര്‍ നില്‍ക്കുന്നയിടത്താണ് ക്ലൈമാക്‌സ്...
വീണ്ടുമൊരു ഫുട്‌ബോള്‍ ലോകകപ്പ് ആവേശം തുടങ്ങുകയാണ്.... ആ ആവേശത്തിനൊപ്പം സിനിമാറ്റിക് സ്റ്റൈലില്‍ ഒരു വീഡിയോ പുറത്തിറക്കി ഞെട്ടിച്ചിരിക്കുകയാണ് അഡിഡാസ്. ഫുട്‌ബോള്‍ പ്രേമികളെ മാത്രമല്ല, സിനിമാ പ്രേമികളും വീഡിയോ കണ്ട് ആവേശത്തിലാണ്.
ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി മുതല്‍ ഹോളിവുഡിലെ സൂപ്പര്‍ താരം വരെ അഞ്ച് മിനുട്ട് ദൈര്‍ഘ്യമുള്ള 'ബാക്ക് യാര്‍ഡ് ലെജന്‍ഡ്സ്' വീഡിയോയിലുണ്ട്. കംപ്ലീറ്റ് സിനിമ എന്ന് വിശേഷിപ്പിക്കാം.
ഹോളിവുഡ് താരം തിമോത്തി ഷാലമേറ്റ് ആണ് വീഡിയോയിലെ പ്രധാന താരം. ലയണല്‍ മെസി, സിനദിന്‍ സിദാന്‍, ബെക്കാം, അലക്‌സാന്‍ഡ്രോ ഡെല്‍ പിയറോ തുടങ്ങി ഫുട്‌ബോളിലെ ഇതിഹാസങ്ങളും അവര്‍ക്കൊപ്പം ട്രിനിറ്റി റോഡ്മാന്‍, ജൂഡ് ബെല്ലിങ്ഹാം, ലാമിന്‍ യമാല്‍ തുടങ്ങിയ യുവതാരങ്ങളും വീഡിയോയിലുണ്ട്. ഇവര്‍ക്കൊപ്പം ഡെംബെലെ, റാഫിന്‍ഹ, പെഡ്രി, ഫ്‌ലോറിയന്‍ വിര്‍ട്‌സ്, സാന്റിയാഗോ ഗിമെനെസ് എന്നിവരേയും കാണാം. എല്ലാവര്‍ക്കും കൃത്യമായ റോളുകളുണ്ട്, ത്രില്ലിങ്ങായ ഒരു കഥയും. ഇവര്‍ക്കൊപ്പം ഗായകന്‍ ബാഡ് ബണ്ണിയും.
ജൂണ്‍ 11-ന് യുഎസ്, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലായി ആരംഭിക്കുന്ന ലോകകപ്പിന്റെ ആവേശം കൂട്ടാനാണ് പുതിയ ക്യാമ്പെയിനിലൂടെ അഡിഡാസ് ലക്ഷ്യമിടുന്നത്. എന്തായാലും ലോകകപ്പിന് പന്തുരുളാന്‍ ദിവസങ്ങളെണ്ണി കാത്തിരിക്കുന്ന ആരാധകര്‍ വീഡിയോ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.
'യഥാര്‍ഥ കഥയെ അടിസ്ഥാനമാക്കിയുള്ളതാകാം' എന്ന കുറിപ്പോടെയാണ് വീഡിയോ തുടങ്ങുന്നത് തന്നെ. പ്രൊഫഷണൽ താരങ്ങളും സ്ട്രീറ്റ് ലെജന്‍ഡ്‌സും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ വിജയം ആര്‍ക്കൊപ്പം എന്നറിയാന്‍ ഒരു എപ്പിസോഡ് കൂടി പുറത്തിറക്കണമെന്നാണ് കമന്റുകളില്‍ ആരാധകര്‍ ആവശ്യപ്പെടുന്നത്.
വെറും ഗ്ലാമര്‍ താരങ്ങളെ കാണിക്കുക എന്നതിനു പകരം, ഫുട്‌ബോള്‍ എവിടെയാണ് ജനിക്കുന്നത് എന്ന് ഈ വീഡിയോ പറഞ്ഞുതരുന്നു. സ്റ്റേഡിയങ്ങളിലെ വലിയ ആര്‍പ്പുവിളികള്‍ക്കും മുന്‍പേ, നമ്മുടെ കണ്‍മുന്നിലോ തെരുവിലോ ആണ് യഥാര്‍ത്ഥ ലെജന്‍ഡ്സ് ഉണ്ടാകുന്നത് എന്നാണ് വീഡിയോ പറയുന്നത്.