

നാല് പതിറ്റാണ്ടായി കേരള പൊലീസിന് തലവേദനയായ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് എവിടെയുണ്ടെന്നതാണല്ലോ ചര്‍ച്ച.. പക്ഷേ 'ഞാനിവിടെ ബ്രൂണെയിലുണ്ട് ഗയ്സ്' എന്ന ഡയലോഗോടെ കുറുപ്പ് സോഷ്യൽ മീഡിയയിൽ കട്ട വൈറലാകുകയാണ്. കുറുപ്പിന്‍റെ ബ്രൂണെ ബന്ധം ചർച്ചയായതിന് പിന്നാലെ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും കുറുപ്പിൻ്റെ പേരിലുള്ള എഐ തരംഗമാണ് ഇപ്പോൾ പ്രധാന ട്രെൻഡ്.
ഇൻസ്റ്റാഗ്രാമിൽ കയറി 'സുകുമാരക്കുറുപ്പ് ഫ്രം ബ്രൂണെ' എന്ന് തിരഞ്ഞാൽ പ്രൊഫൈലുകളുടെ നീണ്ട നിരയാണ്. ചുരുങ്ങിയ മണിക്കൂറിനുള്ളില്‍ ആയിരക്കണക്കിന് ഫോളോവേഴ്‌സാണ് ഈ ഫേക്ക് അക്കൗണ്ടുകൾ വാരിക്കൂട്ടിയത്. ട്രോളന്മാരും മീം ക്രിയേറ്റർമാരും ചേർന്നൊരുക്കുന്ന കുറുപ്പിൻ്റെ ബ്രൂണെ ലൈഫ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുകയാണ്. ദുൽഖർ ചിത്രത്തിലെ മാസ് ബിജിഎമ്മിനൊപ്പം കാറും സൂപ്പർ ബൈക്കുകളും പറത്തുന്ന കുറുപ്പ്, കട്ടൻ ചായ കുടിക്കുന്ന കുറുപ്പ്, ബ്രൂണെയിൽ ഓണമാഘോഷിക്കുന്ന കുറുപ്പ് അങ്ങനെ എഐ വിസ്മയങ്ങളുടെ നീണ്ട നിര...
ട്രെൻഡ് ഇതിലുമൊതുങ്ങുന്നില്ല. കുറുപ്പിനൊപ്പം തോളിൽ കൈയിട്ടു നിൽക്കുന്ന എഐ സെൽഫികൾ നിർമ്മിച്ച് പോസ്റ്റ് ചെയ്യുകയാണ് യൂത്ത്. അവസരം മുതലെടുത്ത് പ്രമുഖ ബ്രാൻഡുകളും കളംപിടിച്ചു. 'കുറുപ്പ് പോലും അറിയാൻ ആഗ്രഹിക്കുന്ന രഹസ്യങ്ങൾ ഇനി നിങ്ങൾക്കും വായിക്കാം' എന്ന ഡിസി ബുക്‌സിന്റെ എഐ പരസ്യം ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. കേരള പൊലീസ് നാല്പത് വർഷമായി നാടുനീളെ തിരയുന്ന ക്രൈം ഫയലിലെ മുഖം, ഇന്നിപ്പോൾ ഇന്റർനെറ്റിലെ ഏറ്റവും വലിയ എന്റർടെയ്നറാണ്.