ചിപ്സ് വാങ്ങാൻ പഴവങ്ങാടിയിലെ കടയിലെത്തി അജിത് ഡോവൽ; വൈറലായി ദൃശ്യങ്ങൾ

പഴവങ്ങാടിയിലെ മഹാ ചിപ്സിലാണ് കഴിഞ്ഞ മാസം ഡോവൽ നേരിട്ടെത്തി ചിപ്സ് വാങ്ങിയത്....
 ചിപ്സ് വാങ്ങാൻ പഴവങ്ങാടിയിലെ കടയിലെത്തി അജിത് ഡോവൽ; വൈറലായി ദൃശ്യങ്ങൾ
Source: News Malayalam 24x7
Published on
Updated on

തിരുവനന്തപുരം: കൗതുകമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിൻ്റെ ചിപ്സ് കട സന്ദർശനം. പഴവങ്ങാടിയിലെ മഹാ ചിപ്സിലാണ് കഴിഞ്ഞമാസം ഡോവൽ നേരിട്ടെത്തി ചിപ്സ് വാങ്ങിയത്. കടയുടമകൾ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.

ജനുവരി 23 രാവിലെ സമയം 9 മണിക്കാണ് കിഴക്കേകോട്ട പഴവങ്ങാടിയിലെ മഹാ ചിപ്സിലെ ജീവനക്കാരുടെ മുമ്പിലേക്ക് കറുത്ത സൂട്ട് ധരിച്ച് കണ്ണടയും വച്ച്, കൂടെ കുറച്ച് പോലീസ് ഉദ്യോഗസ്ഥരുമായി ഒരു വ്യക്തി കയറി വന്നത്. ആദ്യനോട്ടത്തിൽ ജീവനക്കാരോടൊപ്പം കടയിൽ ഉണ്ടായിരുന്നവരും അതിശയിച്ചു. ആരാണ് ഇദ്ദേഹം എന്ന് ആലോചിച്ചു. അപ്പോഴാണ് ഒരു ചോദ്യം. ചിപ്സ് ഉണ്ടോ? ജീവനക്കാരന്റെ മറുപടി, ഉണ്ട്, വരൂ കാണിക്കാം. സ്യൂട്ട് ധാരിയും കൂടെയുള്ളവരും കടയുടെ അകത്തേക്ക് കയറി. അതിനിടയിൽ എതിർവശത്തു നിന്നു വന്ന യുവാവ് ആലോചിച്ചു. ഇയാളെ എവിടെയോ കണ്ടിട്ടുണ്ടല്ലോ. എന്നാൽ ഈ കളിയൊന്നും ചിപ്സ് തിരയുന്നയാൾ അറിയുന്നില്ല. ഇതിനിടയിൽ കാഴ്ചക്കാർക്ക് ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ മറുപടി, "ഇത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലാണ്".

 ചിപ്സ് വാങ്ങാൻ പഴവങ്ങാടിയിലെ കടയിലെത്തി അജിത് ഡോവൽ; വൈറലായി ദൃശ്യങ്ങൾ
ജീവിതം മാറ്റിമറിച്ച 'നിമിഷം'; വൈറലായ 'കിസ് കാം' വിവാദത്തെ കുറിച്ച് വിശദീകരിക്കാന്‍ ക്രിസ്റ്റിന്‍ എത്തുന്നു

തൊട്ടപ്പുറത്ത് ഇതൊക്കെ നടക്കുമ്പോഴും രാജ്യം സംരക്ഷിക്കുന്ന തലച്ചോറിന്റെ ഉടമ മറ്റൊരു തിരക്കിലായിരുന്നു. നീണ്ട നാലു മിനിറ്റ് തിരച്ചിലിന് ശേഷം അതാ ഇറങ്ങി വരുന്നു ഡോവൽ. നാല് കൂട്ടം ചിപ്സ് വാങ്ങിയ അദ്ദേഹം കൗണ്ടറിൽ ചോദിച്ചു, ഹൗ മച്ച്? കടക്കാരൻ തുക പറഞ്ഞു. ഡോവൽ പോക്കറ്റിലിരുന്ന പണം നൽകി. ബാക്കി തുകയും വാങ്ങി. അതിനിടയിലാണ് തന്നെ ശ്രദ്ധിക്കുന്നവരെ ഡോവലും തിരിച്ച് ശ്രദ്ധിച്ചത്. ആദ്യമായി നേരിൽ കാണാൻ കഴിഞ്ഞതിൻ്റെ സന്തോഷം അവർ ഡോവലിനോട് പങ്കുവച്ചു.

രണ്ട് മിനിറ്റ് നേരം മൂവരോടും ഡോവൽ കുശലാന്വേഷണം നടത്തി. ഹസ്തദാനം നൽകി. ശേഷം ചിരിച്ചുകൊണ്ട് മടങ്ങി. ഡോവലിന്റെ വരവോടെ രണ്ടു കാര്യങ്ങൾ വ്യക്തമായി. ഒന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവാണെങ്കിലും തലക്കനം കുറവാണ്. രണ്ട് കേരള സ്റ്റോറിയെക്കാൾ വടക്കേ ഇന്ത്യക്കാർക്ക് ഇഷ്ടം കേരള ചിപ്സിനെയാണ്.

News Malayalam 24x7
newsmalayalam.com