
കഴിഞ്ഞ ദിവസമാണ് തെലുങ്ക് ഇതിഹാസ താരം അല്ലു രാമലിംഗയ്യയുടെ ഭാര്യയും നടന്മാരായ അല്ലു അര്‍ജുന്‍, രാംചരണ്‍ എന്നിവരുടെ മുത്തശ്ശിയുമായ അല്ലു കനകരത്‌നം (94) അന്തരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.
അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദിന്റെ അമ്മയാണ്. ചിരഞ്ജീവിയുടെ ഭാര്യാമാതാവാണ് അല്ലു കനകരത്‌നം. അല്ലു അരവിന്ദിന്റെ സഹോദരി സുരേഖ കോനിഡേലയുടെ ഭര്‍ത്താവാണ് ചിരഞ്ജീവി. തെലുങ്കിലെ വലിയ സിനിമാ കുടുംബത്തിലെ മുത്തശ്ശിയാണ് വിടവാങ്ങിയത്.
ഭാര്യാമാതാവിന്റെ അന്ത്യാഭിലാഷം പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലാണ് ചിരഞ്ജീവി. മരണശേഷം കണ്ണുകള്‍ ദാനം ചെയ്യണമെന്നായിരുന്നു കനകരത്‌നത്തിന്റെ ആഗ്രഹം. അന്ത്യാഭിലാഷം പൂര്‍ത്തിയാക്കാനായി എല്ലാ ഒരുക്കങ്ങളും ചെയ്തത് ചിരഞ്ജീവിയാണ്.
അല്ലു അരവിന്ദിന്റെ വസതിയില്‍ വെച്ചായിരുന്നു കനകരത്‌നം വിടവാങ്ങിയത്. മരണ വിവരം അറിഞ്ഞ് ആദ്യം എത്തിയത് ചിരഞ്ജീവിയാണ്. ലൊക്കേഷനിലായിരുന്ന രാം ചരണും അല്ലു അര്‍ജുനും ഷൂട്ടിങ് നിര്‍ത്തിവെച്ച് സ്ഥലത്തെത്തി.
മരണശേഷം കണ്ണുകള്‍ ദാനം ചെയ്യണമെന്ന ആഗ്രഹം അമ്മ പറഞ്ഞിരുന്നതായി ചിരഞ്ജീവി പറഞ്ഞു. മരണ ശേഷം കണ്ണുകള്‍ ദാനം ചെയ്യുമോ എന്ന ചോദ്യത്തിന് ചെയ്യും എന്നായിരുന്നു അമ്മയുടെ മറുപടി. അമ്മയുടെ മരണ ശേഷം ആദ്യം ഓര്‍ത്തത് ഈ വാക്കുകളാണ്. ഉടനെ തന്നെ അല്ലു അരവിന്ദിനോട് വിവരം പറഞ്ഞു, അദ്ദേഹവും സമ്മതിച്ചു.
കണ്ണുകള്‍ ദാനം ചെയ്യാനുള്ള നടപടികള്‍ അതോടെ പെട്ടെന്ന് പൂര്‍ത്തിയാക്കിയതായും ചിരഞ്ജീവി പറഞ്ഞു.