
മലയാളികള്‍ ഓണമൊക്കെ ഗംഭീരമായി തന്നെ ആഘോഷിച്ചു. അവധിയൊക്കെ കഴിഞ്ഞ് എല്ലാവരും പതിവ് കാര്യങ്ങളിലേക്ക് മടങ്ങുകയും ചെയ്തു. അപ്പോഴാണ് ഒരു ഓണാശംസ വരുന്നത്, അതും ബോളിവുഡില്‍ നിന്ന്. ആശംസ അറിയിച്ചിരിക്കുന്നത് സാക്ഷാല്‍ അമിതാഭ് ബച്ചന്‍.
സോഷ്യല്‍മീഡിയയില്‍ കസവ് മുണ്ടൊക്കെ ഉടുത്ത് നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് ബോളിവുഡ് ബിഗ് ബി മലയാളികള്‍ക്ക് ഓണാശംസ നേര്‍ന്നത്. പക്ഷേ, ചെറിയൊരു പ്രശ്‌നം പറ്റി. ഓണം കഴിഞ്ഞ് ഒരാഴ്ചയായി. ഇതോടെ, കമന്റുകളില്‍ മലയാളികളെത്തി താരത്തിന് രസകരമായ മറുപടികള്‍ നല്‍കുകയാണ്.
പാതാളത്തിലേക്ക് മടങ്ങിപ്പോയ മാവേലിയെ ഇനി തിരിച്ചു വിളിക്കേണ്ടി വരുമോ എന്നാണ് ഒരു കമൻ്റ്. ഇനി അടുത്ത വര്‍ഷം ആകട്ടെ എന്ന് വേറൊരാള്‍ കമന്റിട്ടു. മറ്റൊരു കമന്റ് 'താങ്കള്‍ക്കും ഓണാശംസകള്‍, പക്ഷേ ഓണം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടല്ലോ' എന്നാണ്.
സെപ്റ്റംബര്‍ അഞ്ചിനാണ് മലയാളികള്‍ തിരുവോണം ആഘോഷിച്ചത്. ഓണം കഴിഞ്ഞ് ഇത്രയും ദിവസത്തിനു ശേഷം എന്തിനായിരിക്കും ഓണാശംസ നേര്‍ന്ന് അമിതാഭ് ബച്ചന്റെ ഫേസ്ബുക്ക് പോസ്റ്റ് എന്ന സംശയത്തിലാണ് ആരാധകര്‍. ഒപ്പം ട്രോളുകളും രസകരമായ കമന്റുകളും.