ബെംഗളൂരു; ഒരു കാർ വാങ്ങുന്നത് അത്ര വലിയ കാര്യമൊന്നുമല്ല. അത് അത്യാവശ്യത്തിനായാലും, ആഡംബരത്തിനായാലും അൽപ്പം ആഘോഷമാക്കുന്നതിൽ തെറ്റില്ല. എന്നാൽ ബെംഗളൂരുവിലെ കർഷകന്റെ കാർ വാങ്ങൽ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. അതെന്താ കർഷകന് കാർ വാങ്ങിയാൽ എന്നാണ് ചോദ്യമെങ്കിൽ,ഇതൊരു സാധാരണ കർഷകനല്ല, സാധാരണ കാറുമല്ല എന്നാണ് ഉത്തരം.
വെറും കർഷകനല്ല എസ്‌എസ് ആർ സഞ്ജു എന്ന ബെംഗളൂരുകാരൻ. വ്യത്യസ്തമായ ജീവിതം കൊണ്ടും പണം കൊണ്ടുമൊക്കെ അറിയപ്പെടുന്ന ഒരു സോഷ്യൽ മീഡിയാ താരം കൂടിയാണ് ആൾ. ഇപ്പോഴിതാ പുത്തൻ ആഡംബര കാർ വാങ്ങാനുള്ള സഞ്ജുവിന്റെ യാത്രയാണ് വൈറലായിരിക്കുന്നത്. നിരവധി ആഡംബര കാറുകൾ സ്വന്തമായുള്ള സഞ്ജു പുത്തൻ കാറിന്റെ ഡെലിവറിക്ക് പോകാൻ തെരഞ്ഞെടുത്തത് കാളവണ്ടിയാണ്.
വെള്ള മുണ്ടും കുർത്തയും ധരിച്ച്, കഴുത്തിലും കയ്യിലുമെല്ലാം സ്വർണാഭരണങ്ങൾ ധരിച്ച് കാളവണ്ടിയിലുള്ള സഞ്ജുവിന്റെ യാത്ര കണ്ട് ആളുകൾ അമ്പരന്നു. 'കർഷകൻ ആഡംബര കാർ വാങ്ങുമ്പോൾ' എന്ന ടൈറ്റിലോടുകൂടിയാണ് യൂട്യൂബിൽ വീഡിയോ ഷെയർ ചെയ്തത്. അതിൽ സഞ്ജു തന്റെ കാറുകൾ ഡെലിവറിക്കായി തയ്യാറാക്കാൻ തന്റെ ടീമിനോട് നിർദ്ദേശിക്കുന്നത് കാണാം.
ഓഫീസിന് പുറത്ത് സഞ്ജുവിന്റെ ആകർഷകമായ ആഡംബരവാഹനങ്ങൾ അണിനിരന്നു. അതിൽ പോർഷെ പനാമേര, ഫോർഡ് മസ്റ്റാങ്, മസെരാട്ടി ലെവാന്റെ, ടൊയോട്ട ഇന്നോവ ഹൈക്രോസ്, ടൊയോട്ട ഫോർച്യൂണർ എന്നിവ ഉൾപ്പെടുന്നു. പക്ഷെ ജീവനക്കാരും സെക്യൂരിറ്റി ടീമും വിവിധ കാറുകളിൽ കയറിയപ്പോൾ, സഞ്ജു നേരേ കാളവണ്ടിയിലേക്ക്.
അങ്ങനെ കാള വണ്ടിയിൽ നേരെ ഷോറൂമിലേക്ക്, ഒരുകോടിയുടെ ടൊയോട്ട വെൽഫയറുമായി മടങ്ങുന്നതാണ് വീഡിയോയിൽ കാണുന്നത്. ഇപ്പോൾ തന്നെ അനേകം ആഡംബരക്കാറുകൾ കൈവശമുള്ള സഞ്ജു അക്കൂട്ടത്തിൽ പുതിയ ഒന്നുകൂടി വാങ്ങിച്ചേർക്കാനായി പോയപ്പോഴാണ് അത് വേറിട്ടതാക്കാൻ വേണ്ടി കാളവണ്ടിയിൽ സഞ്ചരിച്ചത്.