
ആർത്തവ രക്തക്കറ വസ്ത്രത്തിലാകുന്നത് നാണക്കേടാണെന്ന് കരുതുന്ന ഒരു വലിയ വിഭാഗമുണ്ട്. ഇവരാണ് ഭൂരിഭാഗവും എന്ന് പറഞ്ഞാലും തെറ്റില്ല. എന്നാല്‍ ഇത്തരക്കാരെ അസ്വസ്ഥാരാക്കി സോഷ്യല്‍ മീഡിയയില്‍ കയ്യടി വാങ്ങിക്കൂട്ടുകയാണ് ഒരു അമേരിക്കൻ മോഡൽ.
ലണ്ടനിൽ നടക്കുന്ന വിംബിൾഡൻ ടെന്നീസ് ചാംപ്യന്‍ഷിപ്പാണ് വേദി. താര സമ്പന്നമാണ് വിംബിള്‍ഡണ്‍ ഗ്യാലറി. വർഷങ്ങള്‍ കഴിയും തോറും ടൂർണമെന്റ് കാണാനെത്തുന്നവരുടെ എണ്ണം കൂടി വരികയാണ്. ഏതാണ്ടൊരു ഫാഷൻ വേദിയായി വിംബിൾഡൺ സ്റ്റേഡിയം മാറിയിരിക്കുന്നു എന്നും പറയാം. ഇത്തവണ, ടെന്നീസ് ടൂർണമെന്റ കാണാനെത്തിയ സെലിബ്രിറ്റികളുടെ കൂട്ടത്തില്‍ പ്രമുഖ അമേരിക്കൻ മാഗസിനായ സ്പോർട്സ് ഇല്ലസ്ട്രേറ്റഡിൻ്റെ സ്വിംസ്യൂട്ട് മോഡലായ ബ്രൂക്ക്സ് നദേറും ഉണ്ടായിരുന്നു.
വെള്ള നിറത്തിലുള്ള സ്കർട്ട് ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് ഈ 28 കാരി എത്തിയത്. അവിടെ വെച്ച് ടിക് ടോകിൽ വീഡിയോ എടുക്കാൻ നോക്കിയപ്പോഴാണ് സ്കർട്ടിലെ ആർത്തവരക്തം ശ്രദ്ധയിൽപ്പെട്ടത്. നദേറിന് ആശങ്കയോ അപമാനമോ ടെന്‍ഷനോ ഒന്നും തോന്നിയില്ല. അങ്ങനെ തോന്നേണ്ട കാര്യവുമില്ലല്ലോ. ഒന്നുകൂടി തന്റെ വസ്ത്രത്തിന്റെ അഴക് കാട്ടിയ ശേഷം ആ വീഡിയോ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തു. "വിംബിൾഡണിൽ സ്റ്റൈലിഷായി എത്തി. ആർത്തവവും ആരംഭിച്ചു," തമാശയായി ക്യാപ്ഷനിലും കുറിച്ചു.
സമൂഹ മാധ്യമങ്ങളില്‍ ബ്രൂക്സ് നദേറിന് ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ്. സെലിബ്രിറ്റികളടക്കം മോഡലിനെ അഭിനന്ദിച്ചുകൊണ്ട് കമന്റ് ചെയ്തു. പലരും നദേറിന്റെ സത്യസന്ധതയെ പുകഴ്ത്തി. "കഴിഞ്ഞ ആഴ്ച എനിക്ക് ഇത് അക്ഷരാർത്ഥത്തിൽ ഇത് സംഭവിച്ചു," എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. "നമ്മൾ കടന്നുപോകുന്നതിനെ സാധാരണീകരിക്കാന്‍ ശ്രമിച്ചതിന് നന്ദി" എന്ന കമന്റും വീഡിയോയ്ക്ക് താഴെ വന്നു.
ഒളിച്ചും മറച്ചും വെക്കേണ്ട അശുദ്ധമായ ഒന്നല്ല ആർത്തവമെന്നും അതൊരു സ്വാഭാവിക പ്രക്രിയ മാത്രമെന്നും ലോകത്തോട് വിളിച്ചുപറഞ്ഞിരിക്കുകയാണ് ബ്രൂക്സ് നദേർ. ലോകം ബ്രൂക്സിന് കയ്യടിക്കുമ്പോള്‍ അത് ആർത്തവത്തെ അശുദ്ധമായി ചിത്രീകരിക്കുന്ന ഒരു വലിയ ഭൂരിപക്ഷത്തിനുള്ള വിമർശനം കൂടിയാണ്.