ഷെജിയാങ്: മത്സരങ്ങൾ പലതരത്തിലുണ്ട്. കലാകായിക ഇനങ്ങൾ, ടാലന്റ് ഹണ്ടുകൾ, വിവിധ തരം റിയാലിറ്റി ഷോകൾ തുടങ്ങി പലതും. അതി സാഹസികമായതും അതുപോലെ തന്നെ രസകരവുമായ ഏറെ മത്സരങ്ങളുണ്ട്. ഇപ്പോഴിതാ പ്രതികൂല സാഹചര്യങ്ങളെ അതീജീവിക്കുന്നതിനെ അടിസ്ഥാനപ്പെടുത്തി ചൈനയിൽ നടന്ന മത്സരമാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച.
കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലുള്ള ഒരു ദ്വീപിൽ ഒക്ടോബർ 1 -നാണ് 'വൈൽഡർനെസ് സർവൈവൽ കോംപറ്റീഷൻ' ആരംഭിച്ചത്. അതിൽ പങ്കെടുത്ത് നവംബർ 5 വരെ അതായത് 35 ദിവസം പൂർത്തിയാക്കിയ യുവതിയുടെ അനുഭവമാണ് നെറ്റിസൺസിനെ അതിശയിപ്പിച്ചത്. മത്സരത്തിൽ വെങ്കല മെഡൽ നേടിയ ഷാവോ തീജു എന്ന 25 -കാരി മത്സരത്തിലെ അനുഭവത്തെക്കുറിച്ചും അതിൽ നിന്ന് തനിക്കുണ്ടായ നേട്ടത്തെക്കുറിച്ചും വിശദീകരിച്ചിരുന്നു.
ദ്വീപിനകത്ത് കാലാവസ്ഥാ പ്രശ്നങ്ങൾ മുതൽ വലിയ പ്രതിസന്ധികളാണ് ഷാവോയെ കാത്തിരുന്നത്. 40 ഡിഗ്രി ചൂടിലാണ് അവർ ജീവിച്ചത്. ശരീരം മുഴുവൻ വരണ്ടു, ദ്വീപിലെ കാടിനകത്തു നിന്നും മറ്റും നിരവധി പ്രാണികളും മറ്റും ശരീരത്തിൽ കടിച്ച് പരിക്കേൽപ്പിച്ചു. കടുത്ത ആരോഗ്യ പ്രശ്നങ്ങളാണ് ഷോവോ അനുഭവിച്ചത്.
മറ്റൊരു പ്രശ്നം ഭക്ഷണമായിരുന്നു. കഴിച്ചു ശീലിച്ച ഭക്ഷണങ്ങളൊന്നും തന്നെ ലഭ്യമായിരുന്നില്ല. കയ്യിൽ കിട്ടിയതെല്ലാം ആഹാരമാക്കേണ്ടി വന്നു. ഞണ്ടുകൾ, കടൽച്ചേന, അബലോൺ എന്നിവയായിരുന്നു പ്രധാന ഭക്ഷണം. 35 ദിവസത്തിനുള്ളിൽ, അവൾ 50 എലികളെ വേട്ടയാടി, വൃത്തിയാക്കി, വറുത്ത് തിന്നതായും വെളിപ്പെടുത്തി. എലികൾ വളരെ രുചികരമായ ഭക്ഷണമാണ് എന്നാണ് യുവതി പറയുന്നത്. മത്സരത്തിൽ നിന്ന് പുറത്തുപോയശേഷവും കഴിക്കാൻ ഉദ്ദേശിച്ചിരുന്ന എലികളുടെ മാംസവും അവർ കയ്യിൽ കരുതി.
35 ദിവസം കൊണ്ട് തന്റെ ശരീരഭാരം 14 കിലോ കുറഞ്ഞതായും ഷോവോ പറഞ്ഞു. 85 കിലോഗ്രാമിൽ നിന്ന് 71 കിലോഗ്രാമായി ഭാരം കുറഞ്ഞത് ഒരു വലിയ നേട്ടമായാണ് അവർ കാണുന്നത്. കാട്ടിൽ നിന്ന് കണ്ടെത്തിയ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണമാണ് അതിന് സഹായിച്ചതെന്നും ഷോവോ വെളിപ്പെടുത്തി.ദ്വീപിലുണ്ടായ ചുഴലിക്കാറ്റ് മൂലമാണ് ഷാവോ മത്സരത്തിൽ നിന്ന് പുറത്ത് വന്നത്. ഇനി വിശ്രമിക്കണമെന്നും താൻ ലക്ഷ്യം നേടിയെന്നും അവർ പറഞ്ഞു.
ഇത്രയും കാലം അവിടെ നിന്നതിന്, ഷാവോയ്ക്ക് മൂന്നാം സ്ഥാനമാണ് ലഭിച്ചത്. 7,500 യുവാൻ (88,608 രൂപ) ആയിരുന്നു സമ്മാനം. ഇതിൽ 30 ദിവസം പൂർത്തിയാക്കുന്നവർക്കുള്ള 6,000 യുവാൻ (74,430 രൂപ) യും അവൾക്ക് അധികം കിട്ടി. ഒപ്പം ഓരോ ദിവസത്തിനും 300 യുവാൻ (3,544 രൂപ) യും ലഭിച്ചു. 7 ലക്ഷം രൂപയാണ് വിജയിക്ക് ലഭിക്കുക. രണ്ട് പുരുഷന്മാർ മത്സരത്തിന്റെ ഭാഗമായി ഇപ്പോഴും ദ്വീപിലുണ്ട് എന്നാണ് സംഘാടകർ അവകാശപ്പെടുന്നത്.