നമ്മുടെ New Year അല്ല അവരുടെ New Year; ജനുവരി ഒന്നിന് പുതുവര്‍ഷം ആഘോഷിക്കാത്തവരുമുണ്ട്

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി ഒന്നാണ് പുതുവർഷപ്പിറവി എങ്കിലും, ചില രാജ്യങ്ങളിൽ ഇത് ആഘോഷിക്കാറില്ല.
New Year Celebration
ലോകത്തിൽ എല്ലായിടത്തും ജനുവരി ഒന്ന് ന്യൂ ഇയർ തുടക്കമല്ല. Source: News Malayalam 24X7
Published on
Updated on

ജനുവരി ഒന്ന്. പുതിയ വർഷം. എല്ലാവർക്കും ഹാപ്പി ന്യൂ ഇയർ. പക്ഷേ, ചെറിയൊരു കൗതുകമുണ്ട്. ലോകത്തിൽ എല്ലായിടത്തും ജനുവരി ഒന്ന് ന്യൂ ഇയർ തുടക്കമല്ല. ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി ഒന്നാണ് പുതുവർഷപ്പിറവി എങ്കിലും, ചില രാജ്യങ്ങളിൽ ഇത് ആഘോഷിക്കാറില്ല. മതപരമായ വിശ്വാസങ്ങളും ചരിത്ര, പാരമ്പര്യങ്ങളും കൊണ്ടാണ് അവരൊക്കെ വ്യത്യസ്ത തീയതികളിൽ പുതുവർഷപ്പിറവി ആഘോഷിക്കുന്നത്. ഏതൊക്കെ രാജ്യങ്ങൾ, എങ്ങനെയൊക്കെയാണ് ന്യൂ ഇയർ ആഘോഷിക്കുന്നത് എന്ന് നോക്കിയാലോ...?

നമ്മൾ ജനുവരി ഒന്നിന് ഹാപ്പി ന്യൂ ഇയർ പറയുമെങ്കിലും, രാജ്യത്തെ സാംസ്കാരിക വൈവിധ്യത്തിനൊപ്പം പല ദിവസങ്ങളിലാണ് ആഘോഷം. മലയാളികൾക്ക് കൊല്ലവർഷത്തിലെ ആദ്യ മാസമായ ചിങ്ങം ഒന്നാണ് പുതുവർഷാരംഭം. ഓഗസ്റ്റ് - സെപ്റ്റംബർ മാസത്തിലാണ് ചിങ്ങപ്പിറവി. പുത്താണ്ട് ആണ് തമിഴ്‌നാട്ടിലെ പുതുവത്സരം. തമിഴ് കലണ്ടറിലെ ആദ്യമാസമായ ചിത്തിരയുടെ ആദ്യ ദിനമാണ് ആഘോഷം. ഏപ്രിൽ പകുതിയോടെ ആണ് ചിത്തിര മാസം ആരംഭിക്കുന്നത്. വസന്തകാലത്തെ ഉഗാദി ആഘോഷത്തോടെയാണ് കർണാടക, തെലുങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലും ഗോവയുടെ ചില ഭാഗങ്ങളിലും പുതുവർഷം ആരംഭിക്കുന്നത്. മാർച്ച്-ഏപ്രിൽ മാസത്തിലാണ് ഉഗാദി. മഹാരാഷ്ട്രക്കാർക്ക് ചൈത്ര മാസത്തിന്റെ ആരംഭമായ ഗുഡി പഡ്‌വവയാണ് പുതുവത്സരം. മറാത്തി, കൊങ്കണി ഹിന്ദുമത വിശ്വാസികളുടെ ഒരു പരമ്പരാഗത ആചാരമാണ് ഗുഡി പഡ്‌വ. ഗോവ, ദാമൻ ദിയു പ്രദേശങ്ങളിലും ഇത് ആഘോഷിക്കുന്നു. മാർച്ച് - ഏപ്രിൽ മാസത്തിലാണ് ആഘോഷം.

New Year Celebration
ആദ്യം പുതുവത്സരത്തിൻ്റെ മണി മുഴങ്ങുന്നത് കിരിബാത്തിയിൽ, അവസാനമാഘോഷിക്കുക സമോവ ദ്വീപിൽ; ലോകം പുതുവർഷത്തെ വരവേൽക്കുമ്പോൾ..

ലൂണാർ കലണ്ടർ പിന്തുടരുന്ന ചൈനയിൽ, 15 ദിവസം നീളുന്ന സ്പ്രിങ് ഫെസ്റ്റിവലിലാണ് പുതുവർഷപ്പിറവി. ജനുവരി 21നും ഫെബ്രുവരി 20നും ഇടയിലായിരിക്കും ചൈനീസ് പുതുവർഷം പിറക്കുന്നത്. പരമ്പരാഗത ഡ്രാഗൺ ഡാൻസും ഭക്ഷണവുമൊക്കെയായി വലിയ ആഘോഷത്തോടെയാണ് ചൈന പുതുവർഷത്തെ വരവേൽക്കുന്നത്.

തായ്‌ലൻഡുകാർക്ക് സോങ്ക്രൻ ആണ് പുതുവർഷപ്പിറവി. നമ്മുടെ ഹോളി പോലെയാണ് സോങ്ക്രൻ. ബക്കറ്റുകളിൽ വെള്ളം നിറച്ച് പരസ്പരം ഒഴിക്കും. പാപങ്ങളും ദൗർഭാഗ്യങ്ങളും കഴുകികളഞ്ഞുള്ള പുതിയ തുടക്കം. ഏപ്രിൽ 13 മുതൽ 15 വരെയാണ് ആഘോഷം.

ഉത്തര, ദക്ഷിണ കൊറിയക്കാർക്ക് കൊറിയൻ ചാന്ദ്ര പുതുവർഷമായ സിയോളാലാണ് പുതുവർഷപ്പിറവി. ജനുവരി അവസാനമോ,ഫെബ്രുവരി ആദ്യമോ ആയിരിക്കും സിയോളാൽ.

വിയറ്റ്നാമിൽ ടെറ്റ് ഫെസ്റ്റിവലിലൂടെയാണ് പുതിയ തുടക്കം. വീടുകൾ പീച്ച് പുക്കൾ കൊണ്ടും കുംക്വാട്ട് മരങ്ങൾ കൊണ്ടുമൊക്കെ അലങ്കരിച്ച്, പരമ്പരാ​ഗത ഭക്ഷണമൊക്കെ ഒരുക്കി, എല്ലാവരും ഒരുമിച്ച് ചേർന്നുമൊക്കെയാണ് ആഘോഷം. ജനുവരി അവസാനമായോ ഫെബ്രുവരി ആദ്യമോ ആയിരിക്കും ടെറ്റ് ഫെസ്റ്റിവൽ.

ഇൻഡോനേഷ്യയിലേക്ക് എത്തുമ്പോൾ കഥ മാറും. അവിടെ ബാലിയിലെ ജനത വളരെ നിശബ്ദമായാണ് പുതുവർഷത്തെ വരവേൽക്കുന്നത്. നൈപി ആണ് അവരുടെ പുതുവർഷപ്പിറവി. വൈദ്യുതി ഒഴിവാക്കി, മൊബൈലും ഇന്റർനെറ്റുമൊക്കെ വെടിഞ്ഞ്, ഉപവാസവും ധ്യാനവുമൊക്കെ ആയാണ് 24 മണിക്കൂർ ചെലവഴിക്കുന്നത്. തെരുവുകൾ വിജനമായിരിക്കും. മാർച്ചിലാണ് ബാലിക്കാരുടെ നൈപി.

New Year Celebration
പുതുവർഷപ്പുലരിയിൽ മഞ്ഞിൽ കുളിച്ച് കശ്മീർ, തണുത്തു വിറച്ച് ഡൽഹി; മഴയിൽ നനഞ്ഞ് മുംബൈ

ഇറാനിൽ പേർഷ്യൻ പുതുവർഷമായ നൗറൂസിലാണ് ആഘോഷം. മാർച്ച് 21നാണ് നൗറൂസ്. വിളവെടുപ്പ് കാലത്തിന്റെ ആരംഭം കുറിച്ചാണ് പുതുവത്സരപ്പിറവി. ഏപ്രിൽ 14, 15 തീയതികളിലാണ് വർഷാരംഭം. എത്യോപ്യൻ കലണ്ടർ പ്രകാരം സെപ്റ്റംബറിൽ വരുന്ന എൻകുതാഷാണ് പുതുവർഷാരംഭം. പാട്ടും നൃത്തവും ഭക്ഷണവും കൊണ്ടാണ് എത്യോപ്യകാർ എൻകുതാഷിനെ വരവേൽക്കുന്നത്.

കലണ്ടറുകൾക്കൊപ്പം, ആചാരവും അനുഷ്ഠാനവുമൊക്കെ മാറുന്നതനുസരിച്ച് പുതുവർഷപ്പിറവി മാറുന്നുണ്ട്. എന്നാലും എല്ലാവർക്കും പ്രതീക്ഷകളുടെയും പുതിയ തുടക്കങ്ങളുടെയും ദിനം തന്നെയാണ് പുതുവത്സരം. അപ്പോൾ ഒരിക്കൽ കൂടി ഹാപ്പി ന്യൂ ഇയർ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com